Connect with us

Ongoing News

ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ 0.08 ശതമാനം

Published

|

Last Updated

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിന് വകയിരുത്തിയിരിക്കുന്നത് ആകെ ബജറ്റ് തുകയുടെ 0.08 ശതമാനം. പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് ബോധവത്കരണവും പരിശീലനവും മാത്രം. മലയാളികള്‍ നിതാഖാത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതിനു തൊട്ടുപിറകെ വന്ന ബജറ്റിലാണ് ഈ സ്ഥിതി.
പ്രവാസി പുനരധിവാസത്തിന് ആകെ 10 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ വിസാ റാക്കറ്റിന്റെയും വ്യാജറിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും തട്ടിപ്പിനിരയാവുന്നത് തടയാനായി മാധ്യമങ്ങളിലൂടെ ബോധവത്കരണത്തിനായി 60 ലക്ഷവും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി യോഗ്യതയുള്ള പ്രവാസികളെ ട്രെയിനര്‍മാരായി നിയമിച്ചുകൊണ്ടുള്ള പരിശീലന പരിപാടിയാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. ഇതിനായി രണ്ട് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രാവിണ്യം പുലര്‍ത്തുന്ന പ്രവാസികളുടെ ഡേറ്റാ ബേങ്ക് തയ്യാറാക്കുന്നതിനായി 50 ലക്ഷം, അമേരിക്കന്‍, യൂറോപ്യന്‍ പ്രവാസികളായ മലയാളികളെ നിക്ഷേപക സംരഭങ്ങളില്‍ പങ്കാളികളാക്കുക ലക്ഷ്യമിട്ടുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന് രണ്ട് ലക്ഷം. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 55 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന് ഒാഹരി മൂലധനമായി നല്‍കുന്ന 15കോടിയും ഉള്‍പ്പെടുന്നു.
മുന്നാക്ക ക്ഷേമ കോര്‍പറേഷന് 25 കോടി വകയിരുത്തി. ഇതില്‍ നാല് കോടി സ്വയം തൊഴില്‍ പദ്ധതിക്കും ഒരു കോടി നൈപുണ്യ വികസനത്തിനും. മുന്നാക്ക വിഭാഗ ക്ഷേമ കമ്മീഷന്‍ രൂപവത്കരിക്കുന്നതിനാവശ്യമായ പ്രാരംഭ ചെലവുകള്‍ക്ക് ഒരു കോടിയും വകയിരുത്തി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest