Malappuram
നിലമ്പൂരിന്റെ വികസനത്തിന് ചൂളംവിളി
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ പാതയുടെ പ്രാഥമിക നടപടികള്‍ക്കായി സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചത് മലയോരവാസിളെ ആഹ്ലാദത്തിലാക്കി. ഈ പാതക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം മൂന്ന് തവണ സര്‍വേ നടത്തിയെങ്കിലും ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണ്.
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ഈ പാതയെ പൂര്‍ണമായും അവഗണിച്ചിരുന്നു. ഏറെക്കാലത്തെ മുറവിളികളൊടുവില്‍ 2001 ലാണ് റെയില്‍വേ എഞ്ചിനീയറിംഗ് കം ട്രാഫിക്ക് വിഭാഗം പാതയുടെ ആദ്യ സര്‍വേ നടപടികള്‍ തുടങ്ങിയത്. 2003ല്‍ സര്‍വേപൂര്‍ത്തിയാക്കി. 2004ല്‍ റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നിലമ്പൂരില്‍ നിന്ന് വഴിക്കടവ്, ബിര്‍ള വനം, വെള്ളാരമല, വടുവഞ്ചാല്‍, അയ്യംകൊല്ലി, സുല്‍ത്താന്‍ ബത്തേരി, മൈനഹള്ള, ചിക്കബയിറേജ്, യശ്‌വന്ത്പുര വഴി നഞ്ചന്‍ഗോഡിലെ 236 കി.മി പാതക്കായി 911 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യമായി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വഴിക്കടവ്, വെണ്ടേക്കുംപൊട്ടി, ബിര്‍ള വനം, ദേവാല, പന്തല്ലൂര്‍, ബത്തേരി വഴിയുള്ള പാതക്കാണ് പിന്നീട് കൂടുതല്‍ പരിഗണനയുണ്ടായത്. 2007-08 ബജറ്റില്‍ വീണ്ടും തുക അനുവദിക്കുകയും സര്‍വേ പൂര്‍ത്തീകരിക്കുകയും ചെയ്തു. 1742.11 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് രണ്ടാം സര്‍വേയില്‍ പ്രഖ്യാപിച്ചത്. എസ്റ്റിമേറ്റ് പുതുക്കാന്‍ റെയില്‍വേ ബോര്‍ഡ് വീണ്ടും നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 2338.84 കോടിരൂപയുടെ എസ്റ്റിമേറ്റ് പിന്നീട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
വന്‍ തുക ചെലവഴിച്ച് പദ്ധതി നടപ്പിക്കായാലുള്ള ലാഭ സാധ്യത കുറവാണെന്ന കണ്ടെത്തലാണ് പദ്ധതിയെ ബാധിച്ചത്. ദക്ഷിണേന്ത്യയിലെ രണ്ടു നാഷണല്‍ പാര്‍ക്കുകളുടെ ഇടയിലൂടെ കടന്നു പോകുന്നതും 20കി.മി വനപ്രദേശമുള്‍പ്പെട്ടതും പാതക്ക് തിരിച്ചടിയായി. കര്‍ണാടക സര്‍ക്കാര്‍ രാത്രികാല വാഹന ഗതാഗതം നിരോധിച്ച ബന്ദിപ്പൂര്‍ വനമേഖലയിലൂടെ പാത നിര്‍മിക്കുന്നതിനും തടസം ഏറെയാണ്. പാത യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് വേഗത വര്‍ധിക്കാനിടയാകും. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് 350 കി.മിയും ബംഗഌരുവിലേക്ക് 120 കി.മി യും കുറയും. റെയില്‍വേ ഭൂപടത്തില്‍ വയനാട്, നീലഗിരി ജില്ലകള്‍ക്ക് ഇടം നേടാനും ഇത് വഴിയൊരുക്കും. അതേസമയം വനത്തിലൂടെ പാത നിര്‍മിക്കേണ്ടിവരുന്നതും വന്‍തുക ചെലവഴിക്കേണ്ടിവരുന്നതും പാതക്ക് തടസമാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സംരക്ഷമേഖലയില്‍ ഉള്‍പ്പെടുത്തിയ വില്ലേജുകളിലൂടെയാണ് പാത നിര്‍മിക്കേണ്ടത്.
പുതിയ ഗതാഗത പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കെ നിലമ്പൂര്‍-നഞ്ചന്‍ ഗോഡ് പാതക്ക് നടപടികള്‍ തുടരുന്നത് ഫലപ്രദമാകില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ഈ പാത പരാമര്‍ശിക്കാതെ പോയതും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുന്നില്‍ കണ്ടാവുമെന്നാണ് നിഗമനം. നിലമ്പൂര്‍ ഈസ്റ്റേണ്‍ കോറിഡോര്‍-ടൂറിസം പദ്ധതികള്‍ക്കും ഒരു കോടി രൂപ വകയിരുത്തിയതും മലയോര വാസികളില്‍ ആഹ്ലാദത്തിനിടയാക്കിയിട്ടുണ്ട്.