Ongoing News
കലോത്സവത്തിന് കൊടിയിറങ്ങിയത് ആശങ്കകള്‍ ബാക്കിയാക്കി
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയെങ്കിലും കലോത്സവത്തോടനുബന്ധിച്ച് പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ആശങ്ക ഇനിയും കെട്ടടങ്ങിയില്ല.
കലോത്സവത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വാതുവെപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.—ഊട്ടിയിലെ കുതിരപ്പന്തയത്തിനെത്തുന്ന കര്‍ണാടകയിലെയും തമിഴ്‌നാട്ടിലേയും സംഘമാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കര്‍ണാടകയിലെ ഒരു വ്യവസായ പ്രമുഖനും തമിഴ്‌നാട്ടിലെ സിനിമാ നിര്‍മാതാവുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും കോടികളാണ് ഇതിലൂടെ മറിയുന്നതെന്നും പോലീസ് വ്യക്തമാക്കി.
പോയന്റ് നേടുന്ന ജില്ല, മത്സര ഇനങ്ങളിലെ ഫലം, സ്‌കൂളുകളുടെ പ്രകടനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വാതുവെപ്പ്. ബ്ലാംഗ്ലൂര്‍, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളാണ് കോടികള്‍ എറിഞ്ഞുള്ള വാതുവെപ്പിന്റെ കേന്ദ്രമെന്നും പോലീസ് വ്യക്തമാക്കുന്നു.
വിധികര്‍ത്താക്കളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വാതുവെപ്പുകാര്‍ സ്വാധീനിച്ചതായി രഹസ്യ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്തവിധമുള്ള കോടതിവഴിയുള്ള അപ്പീലിന് പിറകിലും വാതുവെപ്പ് സംഘമാണെന്നാണ് നിഗമനം. അപ്പീലുള്‍പ്പെടെയുള്ളവ തരപ്പെടുത്തുന്നതിന് കൈക്കൂലിയും കലോത്സവത്തില്‍ അരങ്ങ് തകര്‍ത്തതാ യും പരാതിയും ഉയര്‍ന്നിട്ടുണ്ട്. മോണോ ആക്ട് മത്സരത്തിന് തിരുവനന്തപുരം ഡിഡിഇ ഓഫീസില്‍ 20,000 രൂപ കൈക്കൂലി നല്‍കിയാണ് അപ്പീല്‍ നേടിയത്. കോടതിയില്‍ പോയാല്‍ അപ്പീല്‍ ലഭിക്കുമെന്ന് ഉറപ്പില്ലായിരുന്നു.
അപ്പീല്‍ ഉറപ്പിക്കാനാണ് പണം നല്‍കിയതെന്നും ഒരു മത്സരാര്‍ഥി കലോത്സവവേദിയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.——ഇതിന് പുറമെ മലപ്പുറത്തെ ഒരു സ്‌കൂളില്‍ നിന്ന് നാടകം അവതരിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളെ തീവ്രവാദികളെന്ന് ഡിവൈ എസ് പി വിളിച്ചതും കലോത്സവത്തിന് തീരാകളങ്കമായി മാറി. കൊച്ചു കുട്ടികളെന്ന പരിഗണനപോലും നല്‍കാതെയായിരുന്നു പോലീസുദ്യോഗസ്ഥന്റെ ആക്രോശം.
കലോത്സവ നടത്തിപ്പിനെ സംബന്ധിച്ച് പുറത്തൊന്നും വിവാദം ഉയര്‍ന്നില്ലെങ്കിലും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പൊതുവെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.