Connect with us

Articles

ബാങ്കോക്കില്‍ വിസില്‍ മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?

Published

|

Last Updated

ഇത് തായ്‌ലാന്‍ഡ്. തെക്കുകിഴക്കനേഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ. സ്ഫടിക നീലജലസമൃദ്ധമായ കടല്‍ത്തീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിനോദസഞ്ചാര സ്വപ്‌നഭൂമി. നൂറ് മേനി നെല്ല് വിളയുന്ന മണ്ണ്. ഇന്ത്യയുമായി ഗാഢമായ സാംസ്‌കാരിക ബന്ധം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മുതല്‍ കാറുകള്‍ വരെ നിര്‍മിച്ച് കയറ്റി അയക്കുന്ന വ്യാവസായിക രാജ്യം. ടൂറിസത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടങ്ങള്‍ക്ക് കുപ്രസിദ്ധി. അങ്ങനെ നഗരവും ഗ്രാമവും അവയുടെ എല്ലാ നന്‍മതിന്‍മകളോടെയും കൈകോര്‍ക്കുന്ന നാട്. കടുത്ത ദാരിദ്ര്യവും മഹാ സമ്പന്നതയുമുണ്ട്. ജനാധിപത്യ മാതൃകകളുണ്ട്. ഏകാധിപത്യ പ്രവണതകളും. നിയന്ത്രിത രാജവാഴ്ചയാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ നന്നായി വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെങ്കിലും നീതിന്യായ വിഭാഗത്തിനോ സൈന്യത്തിനോ പിടിച്ചുലക്കാവുന്നതേ ഉള്ളൂവെന്ന് തെളിയിക്കുന്നതാണ് സമീപകാല ചരിത്രം. 1930 മുതല്‍ 18 അട്ടിമറികള്‍ നടന്നു തായ്‌ലാന്‍ഡില്‍. ഇപ്പോള്‍ അവിടെ നടക്കുന്ന പ്രക്ഷോഭങ്ങളും സംഘര്‍ഷവും ഈ അട്ടിമറി ചരിത്രത്തിന്റെ വെളിച്ചത്തിലാണ് മാരകമാകുന്നത്.
സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുന്ന ജനാധിപത്യവിരുദ്ധ പ്രവണതയെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയും ജനാധിപത്യത്തിനായുള്ള ജീവന്‍മരണ പോരാട്ടമെന്ന് പ്രക്ഷോഭകര്‍ അവകാശപ്പെടുകയും ചെയ്യുന്ന തെരുവ് കീഴടക്കല്‍ സമരം തുടങ്ങിയത് നവംബര്‍ അവസാനത്തിലാണ്. ചുവപ്പും വെള്ളയും നീലയും അടങ്ങിയ ദേശീയ പതാക വീശിയും വലിയ കുഴലുകളൂതിയും “സര്‍ക്കാറേ പുറത്ത് പോകൂ” എന്ന് അലറിയും തെരുവില്‍ സ്ഥിരതാമസമാക്കിയ പ്രക്ഷോഭകര്‍ മിക്കവാറും നഗരവാസികളും സമ്പന്നരും ഇടത്തരക്കാരുമായ യുവാക്കളാണ്. ഭൂരിപക്ഷം പേരും ബാങ്കോക്കില്‍ നിന്നു തന്നെയുള്ളവര്‍. വ്യാവസായിക മേഖലയായ ദക്ഷിണ പ്രവിശ്യകളില്‍ നിന്ന് അവധിയെടുത്ത് വന്നവരുമുണ്ട്.
ഡിസംബറില്‍ തന്നെ പ്രക്ഷോഭം അക്രമാസക്തമായി. തുടക്കത്തില്‍ ഇടപെടാതിരുന്ന സര്‍ക്കാര്‍ പിന്നീട് അടിച്ചമര്‍ത്തല്‍ നയം പുറത്തെടുത്തു. സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിരോധവുമായി ഇറങ്ങിയതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പ്രകടനങ്ങള്‍ക്ക് നേരെ പലയിടത്തും വെടിവെപ്പുണ്ടായി. പ്രതിപക്ഷ നിരയിലെ പ്രധാന നേതാവ് അടക്കം പത്ത് പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയായ ബാങ്കോക്കാണ് സമര കേന്ദ്രം. നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ഒടുവില്‍ രാജ്യത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ അട്ടിമറി പ്രവണത പുറത്തെടുക്കാറുള്ള സൈന്യത്തെയാണ് നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. ഇതുവരെ സൈന്യം അതിന്റെ നിഷ്പക്ഷത കൈവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഈ സംയമനം തുടരുമോ എന്നതാണ് പ്രശ്‌നം.

“പ്രധാനമന്ത്രി ഇറങ്ങണം”
പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനാവത്ര രാജിവെച്ച് അധികാരം “ജനകീയ കൗണ്‍സി”ലിന് കൈമാറണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഈ ആവശ്യത്തിന്റെ വേരുകള്‍ 2006ലാണ് ആഴ്ന്നു കിടക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി തക്‌സിന്‍ ഷിനാവത്രയെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി സൈന്യം വലിച്ചു താഴെയിട്ടപ്പോള്‍ രൂപപ്പെട്ട രാഷ്ട്രീയ വിഭജനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തേത്. അന്ന് സൈന്യത്തിന്റെ കൂടെയായിരുന്നു പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍. പാര്‍ലിമെന്റില്‍ തക്‌സിന്റെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നിലനില്‍ക്കുമ്പോഴായിരുന്നു അട്ടിമറി. പിന്നീട് വന്ന തക്‌സിന്‍ പക്ഷക്കാരായ രണ്ട് പ്രധാനമന്ത്രിമാര്‍ക്കും അധികാരത്തില്‍ തുടരാനായില്ല. നീതിന്യായ അട്ടിമറികളുടെ കാലമായിരുന്നു അത്. പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ തക്‌സിന്റെ മരുമകനായിരുന്നു. 2008ല്‍ അദ്ദേഹത്തിന്റെ ഓഫീസ് വളഞ്ഞ പ്രതിഷേധക്കാര്‍ മൂന്ന് മാസം അദ്ദേഹത്തെ ബന്ദിയാക്കി. തുടര്‍ന്ന് 2009ല്‍ ഡെമോക്രാറ്റുകള്‍ അധികാരമേറ്റതോടെ സംഘര്‍ഷത്തിന്റെ ഊഴം ചെങ്കുപ്പായക്കാര്‍ ഏറ്റെടുത്തു. തക്‌സിന്‍ അനുകൂലികളാണ് ചെങ്കുപ്പായക്കാര്‍. ഇന്നത്തെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള സുതേപ് തോഗ്‌സുബാനായിരുന്നു അന്ന് ഭരണത്തലപ്പത്ത്. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ സുതേപ് അന്ന് ഉത്തരവിട്ടു. 90 പേരാണ് മരിച്ചു വീണത്. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ അറസ്റ്റ് പേടിച്ച് തക്‌സിന്‍ ദുബൈയിലേക്ക് കടന്നു. അതില്‍ പിന്നെ അദ്ദേഹം തിരിച്ച് സ്വന്തം മണ്ണില്‍ കാല് കുത്തിയിട്ടില്ല. നിരവധി അഴിമതിക്കേസുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്നത് തന്നെയാണ് അടിസ്ഥാന കാരണം. പക്ഷേ, തക്‌സിന്‍ ഷിനാവത്ര നാട്ടിലില്ലെങ്കിലും അദ്ദേഹത്തിന്റെ പരോക്ഷ സാന്നിധ്യം പ്രകടമായിരുന്നു. തന്റെ ഭരണകാലത്ത് കൈക്കൊണ്ട ജനപ്രിയ നിലപാടുകളും പദ്ധതികളും ഫ്യൂ തായി പാര്‍ട്ടിയെ കരുത്തുറ്റതാക്കിയിരുന്നു. വോട്ടര്‍മാരിലെ മുക്കാല്‍ ഭാഗവും തിങ്ങിപ്പാര്‍ക്കുന്ന വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലെ ഗ്രാമീണ സമൂഹത്തില്‍ തക്‌സിന്റെ സ്വാധീനം തകര്‍ക്കാനാകാത്തതായി മാറിയിരുന്നു. ഈ ജനകീയ അടിത്തറയാണ് തന്റെ സഹോദരി യിംഗ്‌ലക്ക് ഷിനാവത്രക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുരക്ഷിത പാതയൊരുക്കിയത്.

ഒരു ബില്ലും പിന്നെ നെല്ലും
യിംഗ്‌ലക്ക് അങ്ങേയറ്റം കരുതലോടെയാണ് നീങ്ങിയത്. രാഷ്ട്രീയ അസ്ഥിരതയില്‍ നിന്ന് രാജ്യത്തെ കരകയറ്റണമെന്ന് അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. കര്‍ക്കശ സമീപനത്തില്‍ നിന്ന് അവര്‍ വഴി മാറിനടന്നു. ഗ്രാമീണ സമൂഹത്തെയും നാഗരിക വ്യാവസായിക സമൂഹത്തെയും ഒരുമിച്ച് പരിഗണിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. സൈന്യവുമായി ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കി. പക്ഷേ ഒരൊറ്റ ബില്ലിലാണ് അവര്‍ക്ക് കാലിടറിയത്. 2008 മുതല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളില്‍ പൊതു മാപ്പ് നല്‍കുന്ന ബില്‍. നവംബര്‍ ആദ്യവാരത്തില്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ ഉള്ളടക്കം പ്രതിപക്ഷത്തിന് കൂടി സ്വാകാര്യമാകും തരത്തിലാണ് രൂപപ്പെടുത്തിയത്. പ്രവാസ ജീവിതം നയിക്കുന്ന തക്‌സിന്‍ ഷിനാവത്രയെ തിരികെ കൊണ്ടുവരാനുള്ള നീക്കമെന്ന നിലയില്‍ വലിയ വിവാദങ്ങള്‍ക്ക് ബില്‍ തിരികൊളുത്തി. പാര്‍ലിമെന്റില്‍ പാസ്സാക്കാനായില്ലെന്ന് മാത്രമല്ല, പരമ്പരാഗത തക്‌സിന്‍ അനുകൂലികള്‍ വരെ ബില്ലിനെ എതിര്‍ത്തു. പ്രതിപക്ഷത്തെ നേതാക്കളും ബില്ലിന്റെ ഗുണഭോക്താക്കളാകും എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ബില്ലിനെതിരെ ഉയര്‍ന്ന പൊതു വികാരത്തിന്റെ പരുമഴയില്‍ പ്രക്ഷോഭത്തിന്റെ വിഷവിത്ത് മുളച്ച് അതിവേഗം പന്തലിക്കുകയായിരുന്നു. ഇതിനിടക്ക് നെല്ലിന് താങ്ങുവില വിശ്ചയിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ യിംഗ്‌ലക്ക് തീര്‍ത്തും പ്രതിരോധത്തിലായി.
ജനാധിപത്യത്തിനായുള്ള ജീവന്‍മരണ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ “കുഴലൂത്ത് പ്രതിഷേധം” എത്രമാത്രം ജനാധിപത്യപരമാണ്? “അഴിമതിക്കാരനും സ്വേച്ഛാധിപതിയുമായ” മുന്‍ ഭരണാധികാരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സഹോദരിയെ താഴെയിറക്കാനുള്ള സമരം ന്യായീകരിക്കാം. ജനവിരുദ്ധരായ ഭരണാധികാരിയെ ജനശക്തി കൊണ്ട് പാഠം പഠിപ്പിക്കേണ്ടത് തന്നെയാണ്. കാരണം, അനുയായികള്‍ എന്ത് പറഞ്ഞാലും ലക്ഷണമൊത്ത വ്യവസായിയായ തക്‌സിന്‍ ഷിനാവത്ര തന്റെ കോടിക്കണക്കായ ആസ്തി കുന്നുകൂട്ടാന്‍ അധികാരം ദുര്‍വനിയോഗം ചെയ്തുവെന്നത് വസ്തുതയാണ്. സ്വന്തം ടെലികോം കമ്പനിക്ക് വേണ്ടി രാജ്യത്തെ നിയമങ്ങള്‍ മുഴുവന്‍ മാറ്റിയെഴുതിയ തന്നിഷ്ടക്കാരനാണ് അദ്ദേഹം. തീവ്രവാദ ബന്ധമാരോപിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടതിന്റെ ചോരക്കറയും തക്‌സിന്റെ കൈകളിലുണ്ട്.
എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗത്വം ഉപേക്ഷിച്ച് പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്ത സുതേപ് തോഗ്‌സുബാന്‍ ഇക്കാര്യങ്ങളൊന്നും മുന്നോട്ട് വെക്കുന്നില്ല. രാഷ്ട്രീയമായ ലക്ഷ്യങ്ങളിലേക്ക് അത് തരംതാഴുകയാണ്. യിംഗ്‌ലക്ക് ഷിനാവത്രയെ അധികാരഭ്രഷ്ടമാക്കണം. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെക്കണം. തിരഞ്ഞെടുപ്പ് ജനകീയ സിമിതിക്ക് കീഴില്‍ നടക്കണം. ഈ സമിതിയില്‍ നിലവിലെ പാര്‍ലിമെന്റംഗങ്ങള്‍ ആരും ഉണ്ടാകാന്‍ പാടില്ല. ഇവിടെയാണ് പ്രക്ഷോഭത്തിന്റെ ജനാധിപത്യവിരുദ്ധമായ തലം ആരംഭിക്കുന്നത്.
അടുത്ത മാസം രണ്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പരമോന്നത എക്‌സിക്യൂട്ടീവ് അധികാരിയായ രാജാവ് വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. ഇനിയത് പിന്‍വലിക്കുന്നത് കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധവും ഭരണഘടനാ പ്രതിസന്ധി ക്ഷണിച്ചു വരുത്തുന്നതുമാണ്. അപ്പോള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുക തന്നെയാണ് ലക്ഷ്യം. പ്രതിപക്ഷം നേരിട്ടല്ല പ്രക്ഷോഭം നടത്തുന്നത്. പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെത് പിന്‍ സീറ്റ് ഡ്രൈവിംഗാണ്. ഇത്തരമൊരു കള്ളത്തരത്തിന് അവരെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതി തന്നെയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും ജയിച്ച് വരാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വേരുറപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്‌നം.

വിവരമില്ലാത്ത ഗ്രാമീണര്‍
കോടീശ്വരനായ തക്‌സിന്‍ ഷിനാവത്ര ഗ്രാമീണരുടെ വോട്ട് വിലക്കെടുക്കുന്നുവെന്നും അതുകൊണ്ട് രാജ്യത്തെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധമാണെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. വിദ്യാസമ്പന്നരുടെയും സമൂഹത്തിലെ ഉന്നതരുടെയും വോട്ടുകള്‍ തരംതാണവരുടെ, എണ്ണത്തില്‍ കൂടിയ, വോട്ടില്‍ മുങ്ങിപ്പോകുന്നുവെന്നാണ് ഈ ആരോപണത്തിന്റെ നേരര്‍ഥം. വംശീയ അധിക്ഷേപത്തിന് സമാനമായ വിവേചനമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ഗുണം കുറഞ്ഞതും കൂടിയതുമായ വോട്ട് എന്ന, ലോകം തള്ളിക്കളഞ്ഞ ജനാധിപത്യ തിന്‍മക്ക് വേണ്ടിയാണ് ഇവര്‍ വിസില്‍ മുഴക്കുന്നത്. ഈ വിഭജനം മനസ്സിലാകണമെങ്കില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ നോക്കിയാല്‍ മതി. ഉന്നത കുലജാതരായ അതിസമ്പന്നര്‍. വിദ്യാസമ്പന്നരായ ഇടത്തരക്കാര്‍. വ്യാവസായിക രംഗത്ത് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സംഘടിത തൊഴില്‍ ചെയ്യുന്നവര്‍. നഗരവാസികള്‍. ചെറു ന്യൂനപക്ഷമാണ് അവര്‍.
“സൈന്യം രംഗത്തിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ” എന്നാണ് ഇവര്‍ മുഴക്കുന്ന മറ്റൊരു മുദ്രാവാക്യം. ജനാധിപത്യപരമായ ആത്മവിശ്വാസമില്ലായ്മയുടെ അപകടകരമായ ഉന്‍മാദമാണ് സൈനിക അപ്രമാദിത്വത്തിനായുള്ള ഈ മുറവിളി. പ്രക്ഷോഭത്തെ ന്യായീകരിക്കാനുള്ള അവസാന അവസരത്തെ പോലും അത് അരിഞ്ഞു വീഴ്ത്തുന്നു. ചുരുക്കത്തില്‍, ഇപ്പോള്‍ തായ്‌ലാന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം ജനാധിപത്യവിരുദ്ധമായ ധാര്‍ഷ്യമാണെന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ മൂന്ന് കാരണങ്ങളെങ്കിലും ഉണ്ട്. ഒന്ന്, അത് തിരഞ്ഞെടുപ്പിനെ നിരാകരിക്കുന്നു. പകരം മുന്നോട്ടുവെക്കുന്ന ജനകീയ കൗണ്‍സില്‍ ജനപ്രതിനിധികളുള്‍ക്കൊള്ളുന്നതല്ല. രണ്ട്, ഈ പ്രക്ഷോഭം ഗ്രാമീണ ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു. മൂന്ന്, സൈനിക ഇടപെടലിലാണ് വിസില്‍ വിളിക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ആത്യന്തികമായി, പ്രക്ഷോഭകര്‍ തായ് ജനതയിലെ സാമ്പത്തികവും സാമൂഹികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നുമില്ല.
അതുകൊണ്ട് “ഞങ്ങള്‍ 99 ശതമാനം” പോലുള്ള മൂവ്‌മെന്റുകളോട് ഈ തായ് പ്രക്ഷോഭകരെ സാമ്യപ്പെടുത്താനാകില്ല. ടീ പാര്‍ട്ടി പോലുള്ള ജനാധിപത്യവിരുദ്ധ അതിവൈകാരിക ശക്തികളോടാണ് ഇവര്‍ക്ക് സാമ്യം. ഒരു കാര്യത്തില്‍ ആശ്വസിക്കാം. അന്താരാഷ്ട്ര കളിക്കാരൊന്നും തായ് കളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടില്ല.

Latest