International
അമേരിക്കക്ക് തന്നെ കൊല്ലണമെന്ന് സ്‌നോഡന്‍
ബെര്‍ലിന്‍: തന്നെ വധിക്കണമെന്നതാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ആവശ്യമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) വ്യക്തികളുടെയും രാജ്യങ്ങളുടെയും രഹസ്യ ഇ മെയിലുകളും ഫോണ്‍ രേഖകളും ചോര്‍ത്തുന്നുണ്ടെന്ന് പുറത്തുവിട്ട മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥനാണ് സ്‌നോഡന്‍. ജര്‍മനിയിലെ എ ആര്‍ ഡി എന്ന ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്‍ ഇക്കാര്യം പറഞ്ഞത്. സ്‌നോഡന്റെ ആദ്യ ടി വി അഭിമുഖമാണിത്. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലിന്റെതിന് പുറമെ ജര്‍മനിയുടെ ഉന്നത് ഉദ്യോഗസ്ഥന്‍മാരുടെയും രഹസ്യ സന്ദേശ കൈമാറ്റങ്ങള്‍ എന്‍ എസ് എ നിരീക്ഷിട്ടുണ്ടെന്നും സ്‌നോഡന്‍ പറഞ്ഞു.
തന്റെ ജീവന് കാര്യമായ ഭീഷണിയുണ്ട്. എന്നാല്‍ നല്ല കാര്യമാണ് താന്‍ ചെയ്തത് എന്നതിനാല്‍ തനിക്ക് അക്കാര്യം ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുന്നില്ലെന്നും സ്‌നോഡന്‍ പറഞ്ഞു. മോസ്‌കോയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് എ ആര്‍ ഡി ചാനല്‍ ആറ് മണിക്കൂര്‍ സ്‌നോഡനെ ഇന്റര്‍വ്യൂ ചെയ്തത്. ഇതിന്റെ 40 മിനുട്ട് ദൈര്‍ഘ്യമുള്ള ഭാഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.