Connect with us

Kasargod

രാഷ്ട്ര സുരക്ഷയുടെ വിളംബരം മുഴക്കി ഉപ്പളയില്‍ ആയിരങ്ങളുടെ മീലാദ് റാലി ശ്രദ്ധേയമായി

Published

|

Last Updated

ഉപ്പള: വിശ്വ പ്രവാചകരുടെ ജന്മസുദിനവും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വാര്‍ഷികവും സമന്വയിപ്പിച്ച് ബായാര്‍ മുജമ്മഇന്റെ ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ നടന്ന മീലാദ് റാലിയില്‍ രാഷ്ട്ര സുരക്ഷയുടെ വിളംബരം മുഴക്കി ആയിരങ്ങള്‍ അണി നിരന്നു. ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെയും ജില്ലയിലെ സുന്നി സംഘടന നേതാക്കളുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ നടന്ന മീലാദ് റാലി ദഫ് സ്‌കൗട്ട് സംഘങ്ങളുടെയും സാന്നിദധ്യം കൊണ്ട് ശ്രദ്ധേയമായി. തൂവെള്ള വസ്ത്രമണിഞ്ഞ ആയിരങ്ങള്‍ സ്വലാത്തും മദ്ഹ് ഗീതങ്ങളും മുഴക്കി ഉപ്പള ടൗണിലൂടെ നടന്നു നീങ്ങിയപ്പോള്‍ നഗരത്തിനു പുതുമയുള്ള കാഴ്ചയായി. ഉച്ചയ്ക്ക് 2 മണിക്ക് ബായാറില്‍നിന്ന് ഉപ്പളയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.

ഉപ്പളയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പതിനായിരങ്ങള്‍ ഏറ്റുചൊല്ലി. ഭീകര-തീവ്രവാദ ചിന്തകള്‍ക്കെതിരെയും സാമ്പത്തിക അരാജകത്വം, സ്ത്രീ-ബാല പീഡനങ്ങള്‍, മദ്യം മയക്കുമരുന്ന് തുടങ്ങിയ നീച പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പട പൊരുതുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. മനുഷ്യാവകാശ സംരക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതം സമര്‍പ്പിക്കുമെന്ന ആഹ്വാനത്തോടെ രാത്രി വൈകിയാണ് പൊതു സമ്മേളനം സമാപിച്ചത്.
മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാറുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുജമ്മഅ് സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. എസ് എസ് എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം എസ് എം അബ്ദുറശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച റിപ്പബ്ലിക്ക്ദിന സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹ്‌സിന്‍ അലവിക്കോയ തങ്ങള്‍ കല്ലേരി, ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മുഹമ്മദ് സഖാഫി പാത്തൂര്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, എം അന്തുഞ്ഞി മൊഗര്‍, സിദ്ധീഖ് ഹാജി മംഗലാപുരം, ലണ്ടന്‍ മുഹമ്മദ് ഹാജി, ബശീര്‍ പുളിക്കൂര്‍, ഇബ്‌റാഹീം ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ജബ്ബാര്‍ സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest