Connect with us

Ongoing News

പ്രവാസി പുനരധിവാസത്തിന് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. ഇതിനായി സംസ്ഥാനത്ത് നിലവിലുള്ള സ്വയം സംരംഭക മേഖലയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ക്ഷീരവികസനം, മല്‍സ്യ കൃഷി, ചെറുകിട വ്യാപാരം, പച്ചക്കറികൃഷി, കോഴിവളര്‍ത്തല്‍, കാര്‍ഷിക മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറുള്ളവരും രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയവരും ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. പരമാവധി 20 ലക്ഷം വരെ അടങ്കല്‍ മൂലധനം ചെലവ് വരുന്ന പദ്ധതികള്‍ക്ക് വാണിജ്യബേങ്കുകളില്‍ നിന്നോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ എഫ് സി, കെ എസ് എഫ് ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കള്‍ക്ക് മൂലധന തുകയുടെ 10 ശതമാനം ബേങ്ക് എന്റ് സബ്‌സിഡിയായി ബേങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കും. പദ്ധതിയില്‍ ലഭിച്ച അപേക്ഷകളെ കാര്‍ഷിക വ്യവസായം, കച്ചവടം, സേവനം, ഉത്പാദന സംരംഭം എന്നീ മേഖലകളായി തിരിച്ച് ആനുകൂല്യം നല്‍കാന്‍ നടപടി സ്വീകരിച്ചുവരുന്നു. ഇതുവരെ 1998 അപേക്ഷകളാണ് ലഭിച്ചത്. കനറാബേങ്കുമായി ചേര്‍ന്ന് ടാക്‌സി സര്‍വീസിന് 90 ശതമാനം വായ്പാ സ്‌കീം ആവിഷ്‌കരിച്ച് നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വെച്ചു. ഒന്നാം ഘട്ടമായി 173 പേര്‍ക്ക് വായ്പയുടെ ആദ്യഗഡു നല്‍കി. കാര്‍ഷിക വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി കെ എസ് ഇ ഡി എം വഴി സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കും. ഒ ബി സി വിഭാഗത്തില്‍പ്പെട്ട പ്രവാസികളെ സഹായിക്കാന്‍ കേരള പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പദ്ധതി ആവിഷികരിച്ചിട്ടുണ്ട്.

 

Latest