Kerala
പി മോഹനനും ഫയാസും കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസും ടി പി വധക്കേസിലെ വിട്ടയക്കപ്പെട്ട പ്രതിയും സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ പി മോഹനനും ജയിലില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. വിവിധ ടെലിവിഷന്‍ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനായിരുന്നു ഫയാസിന്റെ സന്ദര്‍ശനം.
15 മിനുട്ടാണ് കൂടിക്കാഴ്ച നീണ്ടത്. കൂടിക്കാഴ്ചക്കുശേഷം ഇരുവരും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ടി പി വധക്കേസില്‍ വെറുതെ വിട്ട പി മോഹനന്‍ ജയില്‍മോചിതനായ ശേഷം പത്രസമ്മേളനം നടത്തി താന്‍ ഫായിസിനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ജയിലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും മോഹനന്‍ വെല്ലുവിളിച്ചിരുന്നു.
അതിനിടെ ടി പി വധത്തിനും കേസ് നടത്തിപ്പിനും സി പി എം കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് ടി പിയുടെ ഭാര്യ കെ കെ രമ ആരോപിച്ചു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.