International
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ബ്രിട്ടന്‍ ചോര്‍ത്തി
ലണ്ടന്‍: ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും യൂ ട്യൂബ് ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ ബ്രിട്ടന്റെ ചാര ഏജന്‍സിയായ ജി സി എച്ച് ക്യു ചോര്‍ത്തിയെന്ന് സ്‌നോഡന്‍. ഇതുസംബന്ധിച്ച രേഖകള്‍ മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥനായ സ്‌നോഡന്‍ പുറത്തു വിട്ടു.
ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ച് രഹസ്യകോഡിലുള്ള ഡാറ്റാബേസ് തയ്യാറാക്കിയിരുന്നതായും ഇതുമൂലം ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അറിയാതെ അവരുടെ എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ കഴിഞ്ഞുവെന്നും സ്‌നോഡന്‍ പുറത്തുവിട്ട രേഖകള്‍ പറയുന്നു. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബും ഇവര്‍ നിരീക്ഷിച്ചു. ആരൊക്കെ ഏതെല്ലാം വീഡിയോകള്‍ നിരീക്ഷിക്കുന്നു തുടങ്ങിയ വിവരങ്ങളാണ് പരിശോധിച്ചത്.
സ്‌ക്വാകി ഡോള്‍ഫിന്‍ എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായിരുന്നു ഫേസ്ബുക്ക്, യൂട്യൂബ് ചോര്‍ത്തലുകള്‍. എന്‍ എസ് എയായിരുന്നു ചോര്‍ത്തലിന് വേണ്ട സാങ്കേതിക സഹായം നല്‍കിയിരുന്നത്. സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ വഴി യൂസര്‍ വിവരങ്ങള്‍ എന്‍ എസ് എയും, ബ്രിട്ടനും ശേഖരിച്ചിരുന്നു. ഗൂഗിളിന്റെ ബ്ലോഗുകളും ചാര ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചു. വിവിധ ഭാഷകളിലുള്ള ബ്ലോഗുകളിലെ പോസ്റ്റുകള്‍ പരിഭാഷ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് പരിശോധിക്കുകയും ചെയ്തു. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ പോകുന്ന ഇന്റര്‍നെറ്റ്, ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് വിവരം. സംഭവം ഞെട്ടിച്ചതായി ഫേസ്ബുക്കും, ഗൂഗിളും പറഞ്ഞു. ബ്രിട്ടന് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയില്ലെന്ന് ഗൂഗിള്‍ പറഞ്ഞു.