Ongoing News
മാനം കാക്കാന്‍ ഇന്ത്യക്ക് ലാസ്റ്റ് ചാന്‍സ്
വെല്ലിംഗ്ടണ്‍: ഒരേയൊരു ജയം. ന്യൂസിലാന്‍ഡില്‍ മാനം കാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആഗ്രഹിക്കുന്നത് അത്ര മാത്രം. പക്ഷേ, വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക്. മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിനെ നിലംപരിശാക്കുകയാണ് ലക്ഷ്യമെന്ന് റോസ് ടെയ്‌ലര്‍. ഏകദിന പരമ്പയിലെ അവസാന മത്സരം ഇന്ന് വെല്ലിംഗ്ടണില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 6.30മുതല്‍ സോണി സിക്‌സില്‍ തത്‌സമയം. ആദ്യ നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച് കിവീസ് 3-0ന് പരമ്പര സ്വന്തമാക്കി. മൂന്നാം ഏകദിനം ടൈ ആയിരുന്നു.
രണ്ട് മാസത്തിനിടെ വിദേശത്ത് വിവിധ ഫോര്‍മാറ്റുകളിലായി ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ശിഖര്‍ ധവാനും സുരേഷ് റെയ്‌നക്കും വിശ്രമം അനുവദിച്ച് റായുഡുവിനും സ്റ്റുവര്‍ട് ബിന്നിക്കും അവസരം നല്‍കിയിരുന്നു. ഇവര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കാം. അതേ സമയം, ഓപണറുടെ റോളില്‍ വിരാട് കോഹ്‌ലിയെ പരീക്ഷിച്ചേക്കില്ല. ധോണിയുടെ ബാറ്റിംഗ് ഓര്‍ഡര്‍ ഏറെ വിമര്‍ശം ക്ഷണിച്ചു വരുത്തിയിരുന്നു. സ്റ്റുവര്‍ട് ബിന്നിയെ ആദ്യ ഏഴില്‍ പോലും ഉള്‍പ്പെടുത്താത്തതും വിമര്‍ശിക്കപ്പെട്ടു. ഒഴിവാക്കാന്‍ സാധിക്കുമായിരുന്ന ചെറിയ പിഴവുകളാണ് കെണിയായതെന്ന് ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ നിരീക്ഷിക്കുന്നു. വലിയൊരു നാണക്കേട് ആരും ആഗ്രഹിക്കുന്നില്ല. വെല്ലിംഗ്ടണില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ജഡേജ വ്യക്തമാക്കുന്നു.