Articles
പാലാ മാണിക്യം സാര്‍, ഞങ്ങളും മലയാളികളാണ്
“കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍/യൂറോപ്യന്‍ പ്രവാസികളായ മലയാളികളെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിന് സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്”.
യു ഡി എഫ് സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രവാസികള്‍ക്ക് വേണ്ടി ധനമന്ത്രി കെ എം മാണി വായിച്ചതില്‍ പ്രധാന ഭാഗമാണ് മേല്‍ ചേര്‍ത്തത്. അമേരിക്കന്‍ മലയാളികള്‍ക്കും യൂറോപ്യന്‍ മലയാളികള്‍ക്കും മാണി സാര്‍ മലയാളവും സമ്പന്നമായ സംസ്‌കാരവും പഠിപ്പിക്കാന്‍ പോകുന്നു. വളരെ നല്ല കാര്യം. മലയാളികളായി ജീവിക്കുമ്പോഴും മലയാളമോ നമ്മുടെ സമ്പന്നമായ സംസ്‌കാരമോ പൈതൃകമോ എന്തെന്നറിയാതെ കേരളത്തിന് സാംസ്‌കാരിക ഭാരമായി മാറുന്ന ഈ വേരുകളുള്ള വിഭാഗത്തിന് സെമിനാറുകളും മറ്റും നടത്തി അല്‍പ്പം അവബോധം കയറ്റുമതി ചെയ്യാനാകുന്നെങ്കില്‍ സാംസ്‌കാരിക കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ തങ്കലിപികളില്‍ അതു ഉല്ലേഖനപ്പെടും.
എന്നാല്‍, യു ഡി എഫ് സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി പ്രഖ്യാപിച്ച പദ്ധതികളും അവയുടെ വ്യാപ്തിയും വിലയിരുത്തുന്നതിനിടയില്‍ അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി കയറ്റുമതി ചെയ്യാന്‍ പോകുന്ന സാംസ്‌കാരിക വിഹിതം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിദേശത്തു ജീവിക്കുന്ന മലയാളികള്‍ക്കു വേണ്ടി നടപ്പിലാക്കാന്‍ പുതിയ ബജറ്റില്‍ ഇടം കണ്ട ഏക പദ്ധതിയാണ് മാണി സാറിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടി. പത്ത് കോടിയുടെ പുനരധിവാസ പാക്കേജ്, രണ്ട് കോടിയുടെ പരിശീലന പദ്ധതി, 60 ലക്ഷത്തിന്റെ വിസ തട്ടിപ്പുകള്‍ക്കെതിരായ പരസ്യം, 50 ലക്ഷത്തിന്റെ ഡാറ്റാ ബേങ്ക് എന്നിവയെല്ലാം പ്രവാസം ഉപേക്ഷിച്ചു കേരളത്തില്‍ മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ടിയും പ്രവാസികളാകാന്‍ വേണ്ടി തയാറെടുക്കുന്നവര്‍ കുടുങ്ങാതിരിക്കാന്‍ വേണ്ടിയും നടപ്പിലാക്കുന്നവയാണ്.
തിരുവനന്തപുരം സി ഡി എസ് (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്) 2011ല്‍ നടത്തിയ പഠനം അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് നാടുകളിലാണ്. ഏതാണ്ട് 22.8 ലക്ഷം പേരാണ് പ്രവാസി മലയാളികള്‍. ഇവരില്‍ 38.7 ശതമാനം പേര്‍ യു എ ഇയിലും 25.2 ശതമാനം പേര്‍ സഊദി അറേബ്യയിലും 8.6 ശതമാനം പേര്‍ ഒമാനിലുമാണ്. അമേരിക്കയിലെ മലയാളി സാന്നിധ്യം 2.9 ശതമാനം മാത്രമാണ്. മറ്റു പടിഞ്ഞാറന്‍/യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയും. ചില കണക്കുകള്‍ കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രവാസി മലയാളികളിലെ 90 ശതമാനം പേര്‍ ഗള്‍ഫില്‍ കഴിയുമ്പോള്‍ അതില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്, 17.9 ശതമാനം. കണ്ണൂരില്‍നിന്ന് 12.4 ശതമാനം, കോഴിക്കോട്ടു നിന്ന് 9.1 ശതമാനം, തൃശൂരില്‍നിന്ന് 8.7 ശതമാനവുമാണ് പ്രവാസികള്‍. കോട്ടയം ഉള്‍പെടെയുള്ള ജില്ലകള്‍ അതില്‍ താഴെയാണ്. സി ഡി എസിനു വേണ്ടി കെ സി സകറിയയും എസ് ഇരുദയരാജനും 2011ല്‍ സര്‍വേ നടത്തി 2012ല്‍ പ്രസിദ്ധപ്പെടുത്തിയ Infection In Kerala”s Gulf Connection എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പ്രവാസി മലയാളികളിലെ 44.3 ശതമാനവും സംസ്ഥാന ജനസംഖ്യയില്‍ 26 ശതമാനം മാത്രമുള്ള മുസ്‌ലിം സമുദായത്തില്‍ നിന്നാണെന്നും കണ്ടെത്തുന്നുണ്ട്.
അപ്പോള്‍, 23 ലക്ഷം പ്രവാസി മലയാളികള്‍ക്ക് ഈ സമയത്ത് ആവശ്യമായ വലിയ ക്ഷേമ സേവനം സമ്പന്നമായ സംസ്‌കാരത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും മനസ്സിലാക്കുകയാണ് എന്നു സമ്മതിച്ചാല്‍ തന്നെയും മാണി സാറിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും കണ്ണ് 90 ശതമാനം വരുന്ന ജനതയെ അവഗണിച്ച് അമേരിക്കയിലേക്കു തിരിയുന്നതെന്തു കൊണ്ട് എന്നതാണ് സ്വാഭാവികമായ സംശയം. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അവിടെയുള്ള മലയാളികളുടെ സാംസ്‌കാരിക ശൂന്യത മാണി സാറിന് നേരില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന അടിയന്തര സാംസ്‌കാരിക പുനരധിവാസ പാക്കേജായി കരുതണോ ഇത്? അതല്ലെങ്കില്‍ ഗള്‍ഫ് മലയാളികള്‍ക്കു വേണ്ടാത്ത എന്തു സാംസ്‌കാരിക സമ്പന്നതയാണ് അമേരിക്കയിലെയും യൂറോപ്പിലെയും മലയാളികള്‍ക്കായി ചാര്‍ത്തിക്കൊടുക്കാന്‍ പോകുന്നതെന്നു വ്യക്തമാക്കപ്പെടേണ്ടതില്ലേ.
മാണി സാര്‍ അറിയണം, അറബ് മരൂഭൂമിയില്‍ വന്ന് കൊടും ചൂടില്‍ പണിയെടുക്കുന്നതിനിടയിലും വിശ്രമ വേളകള്‍ നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളും കലാമേന്മകളും ഭാഷയും വിജ്ഞാനവും വഴിയിലുപേക്ഷിക്കാതെ നിരന്തരം അവസരങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയും അരങ്ങുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഗള്‍ഫ് മലയാളികള്‍. കേരളത്തെ തോല്‍പ്പിക്കുന്ന സാംസ്‌കാരിക സദസ്സുകളും സാഹിത്യ ശില്‍പ്പശാലകളും സംവാദങ്ങളും കൊണ്ട് സമ്പന്നമാണ് ഗള്‍ഫ് മലയാളിയുടെ സാംസ്‌കാരിക പരിസരം. കലയും സംസ്‌കാരവും ഭാഷയും സാഹിത്യവും ഇവിടെ നൂറുനൂറു പുനര്‍ജനികള്‍ കൊള്ളുന്നതിന് ജീവിക്കുന്ന മലയാളികള്‍ തന്നെയാണ് സാക്ഷി. ഇവിടെയാണ് മലയാളത്തില്‍ റേഡിയോകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് മലയാളത്തിലെ പത്രങ്ങള്‍ക്ക് എഡിഷനുകളുള്ളത്. ഇവിടെയാണ് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നത്. ഇവിടെയാണ് പ്രവാസി മലയാളികളിലെ സാധാരണ മനുഷ്യര്‍ ജീവിക്കുന്നത്.
ഇവര്‍ക്കു വേണ്ടി, ഈ മനുഷ്യര്‍ക്ക് വേണ്ടി കേരള സംസ്ഥാനം നല്‍കുന്ന സാംസ്‌കാരിക പിന്തുണയെന്ത് എന്നു മാണി സാര്‍ പറയണം. പ്രതിവര്‍ഷം ബജറ്റ് വിഹിതത്തില്‍ ലക്ഷങ്ങള്‍ തിന്നു തീര്‍ക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി എന്തെടുക്കുന്നുവെന്നു പറയണം. താങ്കള്‍ പുതിയ ബജറ്റില്‍ 80 ലക്ഷം അനുവദിച്ച മലയാളം മിഷന്‍, ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഭാഷാബോധമുണ്ടാക്കുന്നതിനായി എന്തു പ്രവര്‍ത്തിക്കുമെന്ന് പറയണം. സാമ്പത്തിക വരവു ചെലവ് കണക്കുകളുടെ സൂത്ര സംഖ്യകളില്‍ സംസ്ഥാനം ഗുരുതരമായ പണക്കുരുക്കിലേക്കു നീങ്ങുന്നുവെന്നു പറയുന്ന മാണി സാറിന് ഈ ഗള്‍ഫ് മലയാളികള്‍ പ്രതിവര്‍ഷം നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്കറിയില്ലേ? മേല്‍സൂചിത സി ഡി എസ് റിപ്പോര്‍ട്ട് അനുസരിച്ച് 2011ല്‍ ഇത് അമ്പതിനായിരം കോടി രൂപയായിരുന്നു സാര്‍. ഞങ്ങള്‍ 20 ലക്ഷത്തിനുമേല്‍ മലയാളികളെ വഴിയിലുപേക്ഷിച്ച് അമേരിക്കക്കാര്‍ക്കും യൂറോപ്പുകാര്‍ക്കും വേണ്ടി സാംസ്‌കാരിക വിദ്യാ പദ്ധതി അവതരിപ്പിക്കുന്നതിലെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വിവേചനം ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാകുമോ?
ഇനി ബജറ്റിലെ മറ്റു പ്രവാസി വിഷയങ്ങളിലേക്കു വരാം. ഗള്‍ഫില്‍നിന്ന് തൊഴില്‍ നഷടപ്പെട്ടും വിരമിച്ചും നാട്ടിലേക്കു വരുന്നവര്‍ക്ക് പുനരധിവാസം സാധ്യമാക്കാനായി പ്രഖ്യാപിച്ച 10 കോടിയുടെ പദ്ധതി ആശാവഹമാണ്. പദ്ധതി എന്ത്, ഏത് രീതിയില്‍ പ്രയോജനപ്രദമാക്കും എന്നതുകൂടി അറിയുമ്പോഴേ അതിന്റെ ഫലപ്രാപ്തി വിലയിരുത്താനാകൂ. ബജറ്റില്‍ പദ്ധതികളെക്കുറിച്ച് സൂചനകളില്ല. വിസ റാക്കറ്റുകളുടെയും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെയും തട്ടിപ്പുകള്‍ക്കെതിരെ നടത്താന്‍ പോകുന്ന മാധ്യമ പ്രചാരണം ഫലം ചെയ്യുമെന്ന് വലയാര്‍ രവിയുടെ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം തെളിയിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള വിദഗ്ധരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തീരുമാനവും ഗള്‍ഫില്‍ നിന്നു മടങ്ങുന്ന വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്നതിനും പരിശീലകരായി മുന്‍പ്രവാസികളിലെ യോഗ്യരെ ഉപയോഗിക്കുന്നതിനുമുള്ള തീരുമാനവുമെല്ലാം ഗുണപരമായ ഫലം ഉണ്ടാക്കിത്തരുമെന്നു പ്രതീക്ഷിക്കാം.
അപ്പോഴും, സി ഡി എസ് സര്‍വേ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്ന ചില വിവരങ്ങളും മാണി സാറിന്റെ ബജറ്റിലെ മൗനവും ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുക തന്നെയാണ്. ഗള്‍ഫ് മലയാളികളില്‍ വലിയൊരു വിഭാഗവും ഉന്നത വിദ്യാഭ്യാസം നേടാത്തവരും ഗള്‍ഫില്‍ അവിദഗ്ധ തൊഴിലെടുത്തു ജീവിക്കുന്നവരുമാണ്. ഇവരില്‍ പലര്‍ക്കും മലയാളമൊഴികെയുള്ള ഭാഷകള്‍ വശമില്ല. ഇവര്‍ക്കു യഥേഷ്ടം പ്രശ്‌നങ്ങളുണ്ട്. കേരളത്തിലെ രണ്ട് ജില്ലകളിലെ ജനസംഖ്യയേക്കാള്‍ കൂടുതള്‍ ആളുകളാണ് ഗള്‍ഫിലുള്ളത്. നാടുമായി ബന്ധപ്പെട്ടും പോലീസ്, വില്ലേജ്, പഞ്ചായത്ത്, കൃഷി, വൈദ്യുതി ഓഫീസുകളുമായി ബന്ധപ്പെട്ടും നിരവധി ആവശ്യങ്ങളും ആവലാതികളുമുണ്ട് ഇവര്‍ക്ക്. യൂനിവേഴ്‌സിറ്റികളുമായും വിദ്യാഭ്യാസ വകുപ്പുമായും ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളുണ്ട്. അവ ബോധിപ്പിക്കാനും സേവനം തേടാനും പ്രവാസികള്‍ വിമാനം കയറണം. എന്തുകൊണ്ടെന്നാല്‍, കേരള പ്രവാസി വകുപ്പിന് ഗള്‍ഫ് നാടുകളിലെവിയെയും പ്രതിനിധികളില്ല. വര്‍ഷങ്ങളായുള്ള ഈ ആവശ്യം ഇപ്പോഴും അന്തരീക്ഷമോക്ഷം പ്രാപിച്ചിട്ടില്ല. പ്രഖ്യാപിത അഡൈ്വസറി സംവിധാനങ്ങള്‍ ഒരിടത്തൊഴികെ എവിടെയും പ്രാബല്യത്തില്‍ വന്നില്ല.
ലക്ഷക്കണക്കിനു മലയാളി കുട്ടികളാണ് ഗള്‍ഫ് നാടുകളില്‍ വിദ്യാഭ്യാസം നടത്തുന്നത്. നാട്ടിലായിരുന്നെങ്കില്‍ ഈ കുട്ടികള്‍ “സൗജന്യവും നിര്‍ബന്ധിതവുമായ” വിദ്യാഭ്യാസ പരിധിയില്‍ വരുമായിരുന്നു. എന്നാല്‍, ഗള്‍ഫിലെ പ്രൈവറ്റ്, കമ്യൂനിറ്റി സ്‌കൂളുകളില്‍ സ്വന്തം ചെലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയും മികവും പരിശോധിക്കാനുള്ള ഉത്തരവാദിത്വം പോലും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഗള്‍ഫില്‍ വെച്ച് പ്രവാസി മലയാളി സംഗമം നടത്തുമെന്ന് നേരത്തെ നോര്‍ക മന്ത്രി പ്രഖ്യാപിച്ചിരുന്നു. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പ്രവാസിക്കു നിരവധി പ്രയാസങ്ങളുണ്ട്. അവയെല്ലാം നമ്മുടെ പരിധിയില്‍ വരുന്നവയല്ലെന്നു പറഞ്ഞു രക്ഷപ്പെടാം. എന്നാല്‍ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാണി സാറിന്റെ ബജറ്റും യു ഡി എഫ് സര്‍ക്കാറിനു വേണ്ടി ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന ആണ്ടു നേര്‍ച്ചയിലും മൗനങ്ങളുണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ എങ്ങനെ പെരുത്തു കയറാതിരിക്കും.
പ്രവാസി മലയാളികള്‍ നിങ്ങളുടെ തേന്‍മൊഴികള്‍ കേട്ട് പൂച്ചെണ്ടുകളുമായി എയര്‍പോര്‍ട്ടുകളില്‍ കാത്തു നില്‍ക്കേണ്ടവരാണെന്ന നമ്മുടെ സമ്പന്നമായ സാംസ്‌കാരിക ബോധത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് മാണി സാറിന്റെ ബജറ്റും അനുബന്ധ വിചാരങ്ങളും ബോധ്യപ്പെടുത്തുന്നു. മലബാറിന് സംസ്ഥാനം ആവശ്യപ്പെട്ടതു പോലെ കേരളത്തില്‍ ഒരു പ്രവാസി സംസ്ഥാന വിഭജനത്തിനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുകയാണ് ഈ സാഹചര്യങ്ങള്‍. മലപ്പുറത്തുകാരും കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരും ചേര്‍ന്നാല്‍ ഇതു സാധ്യമാകും. അഥവാ മലബാര്‍ സംസ്ഥാനം വന്നാലും മതി. അപ്പോള്‍ പ്രവാസ മലയാളം അമേരിക്കയിലേക്ക് വിമാനം കയറുകയുണ്ടാകില്ല.
taaliakbar@gmail.com