National
ഇശ്‌റത്ത് ജഹാന്‍: നിയമോപദേശം നല്‍കാന്‍ നിയമ മന്ത്രാലയം വിസമ്മതിച്ചു
ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി ബി ഐ നീക്കത്തിന് വിലങ്ങുതടിയായി നിയമ മന്ത്രാലയം. പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കാനാകില്ലെന്നാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്. സി ബി ഐ സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്തമാണെന്ന ന്യായമാണ് നിയമ മന്ത്രാലയം മുന്നോട്ടു വെക്കുന്നത്. കേസില്‍ കുറ്റാരോപിതരായ ഐ ബി മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍, ഐ ബി ഉദ്യോഗസ്ഥരായ പി മിത്തല്‍, എം കെ സിന്‍ഹ, രാജീവ് വാംഘഡെ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടോ ഇല്ലയോ എന്നാണ് സി ബി ഐ തേടിയ നിയമോപദേശം. എന്നാല്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാതെ നിയമോപദേശം നല്‍കാനാകില്ലെന്നാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്.
ഉദ്യോഗസ്ഥകാര്യ വകുപ്പ് വഴിയാണ് സി ബി ഐ നിയമോപദേശ അപേക്ഷ സമര്‍പ്പിച്ചത്. നിര്‍ണായക രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നത് അതിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുമെന്നാണ് സി ബി ഐ നല്‍കിയ മറുപടി. അറ്റോര്‍ണി ജനറലുമായി നേരിട്ട് വിവരങ്ങള്‍ പങ്ക് വെക്കാമെന്നും സി ബി ഐ അറിയിച്ചു. പ്രമാണങ്ങളുമായി ഒരു സി ബി ഐ ഉദ്യോഗസ്ഥന്‍ വരണമെന്നും പരിശോധനക്ക് ശേഷം അപ്പോള്‍ തന്നെ തിരിച്ചു തരാമെന്നും പിന്നീട് നിയമ മന്ത്രാലയം നിര്‍ദേശിച്ചു.
വ്യാജ ഏറ്റുമുട്ടല്‍ ഗൂഢാലോചനയില്‍ ഐ ബി ഉദ്യോഗസ്ഥരുടെ പങ്കിന് വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് സി ബി ഐ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സര്‍വീസിലുണ്ടായിരുന്ന രജീന്ദര്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേഡര്‍ അധികാരിയായ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഒരു കാഴ്ചപ്പാട്. എന്നാല്‍ ഇദ്ദേഹം ജൂലൈയില്‍ വിരമിച്ചതിനാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും മറ്റൊരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിലുള്ള തീര്‍പ്പാണ് സി ബി ഐ നിയമ മന്ത്രാലയത്തില്‍ നിന്ന് തേടിയിരിക്കുന്നത്.