Connect with us

Kerala

വെളിച്ചം ബാക്കി

Published

|

Last Updated

എട്ടിക്കുളം (കണ്ണൂര്‍): മുസ്‌ലിം ഇന്ത്യയെ നേര്‍വഴിയില്‍ നയിച്ച മഹാമനീഷിക്ക് വിട. ഇനി ആ വാക്‌ധോരണിയില്ല. മന്ത്രങ്ങളുരുവിടുന്ന ആ പൂ മുഖം ഇനി കാണില്ല. വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ വീഴുന്ന ആ ശബ്ദം ഇനി കേള്‍ക്കില്ല. വിളക്ക് അണഞ്ഞു. വെളിച്ചം ബാക്കി. നൂറ്റാണ്ടിന്റെ പണ്ഡിത ജ്യോതിസ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങള്‍ക്ക് പ്രാര്‍ഥനാ വചസ്സുകളോടെ സുന്നികൈരളി വിട ചൊല്ലി. സയ്യിദ് തറവാട്ടിലെ കാരണവരുടെ പാരത്രിക ജീവിതം ധന്യമാക്കണമേ എന്ന പ്രാര്‍ഥന. വിതുമ്പലോടെയാണ് മുസ്‌ലിം കൈരളി മഹാ പണ്ഡിതന് അന്ത്യമൊഴി നല്‍കിയത്. ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്ന് ലക്ഷങ്ങളാണ് ഇന്നലെ ജനാസ സന്ദര്‍ശിക്കാനെത്തിയത്.

8
ഇന്നലെ രാവിലെ 10.20ന് എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. സുബ്ഹി നിസ്‌കാരത്തിന് മുമ്പ് തന്നെ അന്ത്യ കര്‍മങ്ങള്‍ തുടങ്ങിയിരുന്നു. താജുല്‍ ഉലമയുടെ മക്കളും മരുമക്കളും മറ്റു കുടുംബാംഗങ്ങളും സമസ്ത മുശാവറ അംഗങ്ങളും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുബ്ഹി നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കാരം ആരംഭിച്ചു. പല ഘട്ടങ്ങളിലായി എട്ടിക്കുളം ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ലക്ഷങ്ങള്‍ പങ്കെടുത്തു. ആദ്യ നിസ്‌കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നേതൃത്വം നല്‍കി. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ് ഈജിപ്ത്, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, വയനാട് ഹസന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞാമു മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇസ്മാഈല്‍ മുസ്‌ലിയാര്‍ എറണാകുളം, സയ്യിദ് ഹാമിദ് ബാഫഖി, സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ എസ് കെ തങ്ങള്‍ താനൂര്, ത്വാഹാ തങ്ങള്‍ സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് തഹ്‌ലീല്‍ മന്ത്രങ്ങളോടെ മയ്യിത്ത് തഖ്‌വ മസ്ജിദിലേക്ക് കൊണ്ടുപോയി. പണ്ഡിതരും മുതഅല്ലിംകളും സാദാത്തുക്കളും സാധാരണക്കാരും തുടങ്ങി നിരവധി പേരാണ് മയ്യിത്ത് വഹിച്ചുകൊണ്ടുള്ള യാത്രക്ക് അകമ്പടിയായത്.
പിന്നീട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നിറകണ്ണുകളോടെ ജനാസ ആറടി മണ്ണിലേക്ക് വെച്ചു. കാന്തപുരം തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. അവസാനമായി താജുല്‍ ഉലമക്ക് സലാം ചൊല്ലിയപ്പോള്‍ കാന്തപുരത്തിന്റെ കണ്ഠമിടറി. ഇത് കൂടെ നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. മാടായിപ്പാറയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പന്ത്രണ്ട് കിലോമീറ്റര്‍ നടന്നാണ് ജനാസ കാണാനും മയ്യിത്ത് നിസ്‌കാരത്തില്‍ പങ്ക് ചേരാനും വിശ്വാസികള്‍ ഒഴുകിയത്.

---- facebook comment plugin here -----

Latest