National
വര്‍ഗീയ സംഘര്‍ഷത്തില്‍ യു പിയും മഹാരാഷ്ട്രയും മുന്നില്‍
ന്യൂഡല്‍ഹി: 2013ല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത്. മൊത്തം 247 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇവിടെ നടന്നതായാണ് കണക്ക്. ഇതില്‍ ഔദ്യോഗിക കണക്ക് പ്രകാരം 77 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 88 വര്‍ഗീയ സംഘര്‍ഷങ്ങളുമായി മഹാരാഷ്ട്രയാണ് രണ്ടാമത്.
മധ്യപ്രദേശില്‍ 84, കര്‍ണാടകയില്‍ 73, ഗുജറാത്തില്‍ 68, ബീഹാറില്‍ 63, രാജസ്ഥാനില്‍ 52 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങളുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12 പേരും മധ്യപ്രദേശില്‍ 11 പേരും കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ പരുക്ക് പറ്റിയവരുടെ എണ്ണത്തിലും യു പി തന്നെയാണ് മുന്നില്‍; 360 പേര്‍. രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്ക് പ്രകാരമാണ് സംഘര്‍ഷങ്ങളുടെ വിഷയത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തുള്ളത്. മൊത്തം ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉത്തര്‍പ്രദേശില്‍ 2516 പേര്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. അതേസമയം മുസാഫര്‍നഗറില്‍ ദുരിതാശ്വാസ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ കലാപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി മുസാഫര്‍നഗറിലും ശാംലി ജില്ലയിലും 58 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും ഇവയില്‍ അര ലക്ഷത്തിലധികം പേര്‍ താമസിക്കുന്നതായും നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.