Eranakulam
ചിറ്റിലപ്പള്ളിക്കെതിരായ സമരം ജസീറ പിന്‍വലിച്ചു; പോലീസ് മര്‍ദിച്ചെന്ന് പരാതി
കൊച്ചി: വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു. ജസീറക്ക് പണം നല്‍കില്ലെന്ന് ചിറ്റിലപ്പള്ളി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ചിറ്റിലപ്പള്ളിക്കെതിരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയും അവര്‍ പിന്‍വലിച്ചു.
മണല്‍ മാഫിയക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ ജസീറക്ക് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ സമരം തുടരുന്നതിനിടെ ഇത് കൈപ്പറ്റാന്‍ ജനുവരി 24ന് എത്തണമെന്ന് ആവശ്യപ്പെട്ട് ചിറ്റിലപ്പള്ളിയുടെ ഓഫീസ് ജസീറക്ക് കത്തയച്ചു. എന്നാല്‍ തനിക്ക് സമരപ്പന്തലില്‍ നിന്ന് ഇപ്പോള്‍ വരാനാകില്ലെന്ന് ജസീറ മറുപടി നല്‍കി. എന്നാല്‍ പണം മകളുടെ പേരില്‍ നിക്ഷേപിക്കാമെന്ന് ചിറ്റിലപ്പള്ളി അറിയിച്ചെങ്കിലും ജസീറ സമ്മതിച്ചില്ല. ഒടുവില്‍ ഡല്‍ഹിയിലെ സമരം അവസാനിപ്പിച്ച ശേഷം നേരെ ചിറ്റിലപ്പള്ളിയുടെ പാലാരിവട്ടത്തെ വസതിക്ക് മുന്നില്‍ ജസീറ സമരം ആരംഭിക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിനാണ് ജസീറ മക്കളോടൊപ്പം ഇവിടെ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഒന്നുകില്‍ ചിറ്റിലപ്പള്ളി വാഗ്ദാനം ചെയ്ത പണം തരണം, അല്ലെങ്കില്‍ തരില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കണം എന്നതായിരുന്നു ജസീറയുടെ ആവശ്യം. ഇതേതുടര്‍ന്ന് പണം നല്‍കാനാകില്ലെന്ന് ചിറ്റിലപ്പള്ളി അറിയിച്ചതോടെ ജസീറ സമരം പിന്‍വലിക്കുകയായിരുന്നു. ജസീറക്ക് നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന പണം സാമൂഹിക ക്ഷേമ വകുപ്പിന്റെ താലോലം പദ്ധതിക്ക് നല്‍കുമെന്ന് ചിറ്റിലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, തനിക്ക് പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദനമേറ്റതായ ജസീറയുടെ പരാതിയെ തുടര്‍ന്ന് അവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. എന്നാല്‍ ജസീറയെ പോലീസ് മര്‍ദിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.