Connect with us

Ongoing News

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഐ ബി മേധാവിക്കെതിരെ കൊലക്കുറ്റം

Published

|

Last Updated

അഹമ്മദാബാദ്: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യേഗസ്ഥരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. രജീന്ദര്‍ കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യറോ ഉദ്യോഗസ്ഥരായ പി മീത്തല്‍, എം കെ സിന്‍ഹ, രാജീവ് വാങ്കടെ എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അനധികൃതമായി തടവില്‍ വെക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ആലപ്പുഴ സ്വദേശി ജാവേദ് ശൈഖ്, അംജദ് അക്ബറലി റാണ, സഹീര്‍ ജൗഹര്‍ എന്നിവരെ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ഭീകരരെ വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഗുജറാത്ത് ക്രൈം ബ്രാഞ്ച് പോലീസിന്റെ അവകാശ വാദം.

ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഇസ്രത്ത് ജഹാനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും കൊലപ്പെടുത്തുന്നതിന് മുമ്പ് ഗുജറാത്ത് പോലീസ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നുവെന്നും ഇവരുടെ മൃതദേഹത്തിലുണ്ടായിരുന്ന ആയുധങ്ങള്‍ ഐ ബിയില്‍ നിന്ന് ലഭിച്ചതാണെന്നും സി ബി ഐ സമര്‍പ്പിച്ച ഒന്നാമത് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. (Read: ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് സി ബി ഐ കുറ്റപത്രം) സംഭവം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ സി ബി ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

ഐ ബി ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തതോടെ ഇസ്‌റത്ത് ജഹാന്‍ കേസ് സംബന്ധിച്ച് ഐ ബിയും സി ബി ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകും. പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്തതെന്നാണ് ഐ ബിയുടെ നിലപാട്.

Latest