Ongoing News
ഇന്റര്‍നെറ്റിനെ വിട്ടേക്കൂ; വരുന്നു സൗജന്യ ഔട്ടര്‍നെറ്റ്

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് സേവനത്തിന് പണമടച്ച് മടുത്തെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. സൗജന്യമായി ലോകമെങ്ങും സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഔട്ടര്‍നെറ്റിനായുള്ള ശ്രമത്തിലാണ് ഗവേഷകര്‍. 2015ഓടെ ഔട്ടര്‍നെറ്റ് വഴി ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാകുമെന്ന് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മീഡിയാ ഡവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടന വ്യക്തമാക്കുന്നു.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ വന്‍ വേഗതയിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനായി നൂറിലധികം ഉപഗ്രഹങ്ങള്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും വിക്ഷേപിക്കും. വൈഡ് റേഡിയോ തരംഗമുപയോഗിച്ച് ഡാറ്റ അയക്കുന്ന ഡാറ്റാ കാസ്റ്റിംഗ് സാങ്കേതിക വിദ്യയാണ് ഔട്ടര്‍നെറ്റില്‍ ഉപയോഗിക്കുക. ഇത് വഴി ലോകത്ത് ഇന്റര്‍നെറ്റ് ലഭ്യത 100 ശതമാനം ഉറപ്പുവരുത്താനാകുമത്രെ. നിലവില്‍ 60 ശതമാനം പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
ഔട്ടര്‍നെറ്റിനായുള്ള ആദ്യഉപഗ്രഹം 2014 ജൂണില്‍ വിക്ഷേപിക്കും. സെപ്തംബര്‍ മാസം മുതല്‍ നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങുകയും ചെയ്യും.