Connect with us

International

സിറിയ: അസദിലേക്ക് ചാഞ്ഞ് യു എസ് നയവ്യതിചലനം

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയക്കെതിരെയുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് യു എസ് പിന്മാറുന്നു. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ പൂര്‍ണ വിജയം നേടിയെന്ന് പറയാനാകില്ലെന്നും യു എസ് വിദേശ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. സിറിയക്കെതിരെ കഴിഞ്ഞ ദിവസം വരെ കടുത്ത നിലപാട് സ്വീകരിച്ച യു എസിന്റെ നയം മാറ്റത്തിന്റെ കാരണം വ്യക്തമല്ല.
രണ്ടാം ജനീവ ചര്‍ച്ചയില്‍ ബശര്‍ അല്‍ അസദിനെ ജനാധിപത്യ മാര്‍ഗത്തിലൂടെ മാറ്റി പകരം സര്‍ക്കാറുണ്ടാക്കാന്‍ വിമതര്‍ക്ക് സഹായം ചെയ്യുമെന്ന നിലപാടിലായിരുന്നു യു എസ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലില്‍ അസദ് നിലപാട് മാറ്റുന്നുണ്ടെന്നാണ് ഇപ്പോള്‍ കെറിയുടെ പ്രസ്താവനയുടെ ചുരുക്കം. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു കഴിഞ്ഞ ദിവസത്തെ യു എന്‍ പ്രസ്താവന.
സിറിയ രാസായുധങ്ങള്‍ പൂര്‍ണമായും നിര്‍വീര്യമാക്കിയില്ലെന്നും മാര്‍ച്ചിനകം നീക്കണമെന്നും സിറിയയോട് യു എന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സിറിയ നിഷേധിച്ചു. രാസായുധത്തിന്റെ പേരില്‍ സിറിയക്കെതിരെ ആക്രമണത്തിന് തുനിഞ്ഞ യു എസിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റം ശ്രദ്ധേയമാണ്.
സി എന്‍ എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിറിയന്‍ നയം ജോണ്‍ കെറി വ്യക്തമാക്കിയത്. സിറിയന്‍ നയത്തില്‍ യു എസിന് വീഴ്ചയോ പരാജയമോ സംഭവിച്ചിട്ടില്ലെന്ന് കെറി പറഞ്ഞു. സിറിയന്‍ നയം വെല്ലുവിളികള്‍ നിറഞ്ഞതും വിഷമകരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രതലത്തിലെ പ്രശ്‌നപരിഹാരം കയ്‌പേറിയതാകും. വളരെ സാവധാനത്തില്‍ മാത്രമേ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ.
നേരത്തെയും ജോണ്‍ കെറി സിറിയക്ക് അനുകൂലമായി നയം മാറ്റാന്‍ നീക്കം നടത്തിയിരുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. 1.36 ലക്ഷം പേര്‍ കൊല്ലപ്പെട്ട സിറിയക്കെതിരെ യു എസ് സ്വീകരിക്കുന്ന നിലപാട് മാറണമെന്ന് ജോണ്‍ കെറി സെനറ്റംഗങ്ങളുമായി നടത്തിയ സ്വകാര്യ ചര്‍ച്ചയില്‍ പറഞ്ഞതായാണ് വാര്‍ത്ത. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായിരുന്നുവെന്ന് അന്ന് വിദേശകാര്യ വകുപ്പ് വിശദീകരിച്ചു.
ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് കെറിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജനുവരിയില്‍ മാത്രം സിറിയയില്‍ 6000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സിറിയയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ യു എസിന്റെ പിന്തുണയും അഭിമുഖത്തില്‍ കെറി വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ തലത്തിലും ആഭ്യന്തര തലത്തിലും റഷ്യക്ക് അസദിന് മേലുള്ള ആധിപത്യത്തെ ഉപയോഗപ്പെടുത്താനുള്ള സമ്മര്‍ദങ്ങളുണ്ടാകണം. . രാസായുധങ്ങള്‍ ഇല്ലാതാക്കാനുള്ള റഷ്യയുടെ ശ്രമം നാഴികക്കല്ലായിരുന്നുവെന്നും കെറി പറഞ്ഞു.

Latest