Kerala
കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചനയെപറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ സെക്രട്ടറിയേറ്റില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രിസഭായോഗത്തിത്തിനു ശേഷം അന്വേഷണത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് സമരം പിന്‍വലിക്കാന്‍ കാരണം. ബിആര്‍പി ഭാസ്‌കര്‍ നാരങ്ങാനീര് രമയ്ക്ക് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് സിബിഐ അന്വേഷണം സംബന്ധിച്ച് ഉറപ്പുനല്‍കിയതായാണ് ആര്‍എംപി നേതാക്കള്‍ അവകാശപ്പെട്ടത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്മാറിയാല്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ ആലോചിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സിബിഐ അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു മാസത്തിനകം സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്ര കുമാര്‍ രമയെ സന്ദര്‍ശിച്ച് പറഞ്ഞു. രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.