Connect with us

Articles

ആം ആദ്മിയെ ശ്രീ ശ്രീ രവിശങ്കര്‍ പേടിക്കുന്നതെന്തിന്?

Published

|

Last Updated

ശ്രീ ശ്രീ രവിശങ്കര്‍ ജീവനകല മാത്രമല്ല, രാഷ്ടീയ കല കൂടി പ്രചരിപ്പിക്കുന്നുണ്ട് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഈയിടെ അദ്ദേഹം സംഘടിപ്പിച്ച കേരളത്തിലെ പരിപാടികളില്‍ പതിവിന് വിപരീതമായി മറകളില്ലാതെ അദ്ദേഹം രാഷ്ട്രീയം പറയുകയുണ്ടായി. കേന്ദ്രത്തില്‍ ശക്തമായ ഏകകക്ഷി ഭരണമാണ് വേണ്ടതത്രേ. ഇവിടെ തമ്മിലടിക്കുന്നവര്‍ കേന്ദ്രത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് വലിയ കാപട്യമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തുന്നതു പോലെയാണ് ആം ആദ്മി പാര്‍ട്ടിയെ ഭരണം ഏല്‍പ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന് എതിരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരാണ്. ആം ആദ്മിക്ക് എതിരാണ്. അപ്പോള്‍ അദ്ദേഹം ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്? ബി ജെ പിക്കും മോദിക്കും വേണ്ടിയാണ്. ജീവനകല എന്ന ആയിരക്കണക്കിന് വര്‍ഷം പഴക്കം വരുന്ന യോഗ വിദ്യയെ, (അനൈക്യത്തിന്റെയല്ല, ഐക്യത്തിന്റെ ആത്മീയ കല) അദ്ദേഹം വോട്ട്പിടിത്തത്തിനുള്ള ഉപാധിയാക്കിയിരിക്കുന്നു. നയങ്ങളുടെ കാര്യത്തിലോ അഴിമതിയുടെ കാര്യത്തിലോ കോണ്‍ഗ്രസിനേക്കാള്‍ മെച്ചപ്പെട്ട വ്യക്തിത്വമുണ്ടെന്ന് ബി ജെ പി നാളിതുവരെ തെളിയിച്ചിട്ടില്ല. മാത്രമല്ല, സമൂഹത്തെ മതപരമായി വിഭജിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബി ജെ പി കൈവെടിഞ്ഞിട്ടുമില്ല. ഇനി ഇടതുപക്ഷത്തിനെതിരെയുള്ള വിമര്‍ശം. എന്തായാലും കോണ്‍ഗ്രസിനോളം അവര്‍ നശിച്ചിട്ടില്ല. ആം ആദ്മിയാണെങ്കില്‍ അത് ഒരു നവജാത ശിശുവാണ്. ആ നിഷ്‌കളങ്കതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില ശുദ്ധീകരണങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്യമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വെറും 30 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വിവേകാനന്ദന്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ചിക്കാഗോവിലെ സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത് ലോകപ്രശസ്തമായ പ്രസംഗം നടത്തിയത്. അന്ന് ആരും അദ്ദേഹത്തെ ചെറുതായി കണ്ടില്ല. ശങ്കരാചാര്യര്‍ തന്റെ ഇരുപതുകളിലാണ് അദൈ്വത സിദ്ധാന്തത്തെ വ്യാപിപ്പിച്ചത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് എന്ത് മുന്‍പരിചയമാണ് ഉണ്ടായിരുന്നത്? അന്ന് ബ്രിട്ടീഷുക്കാര്‍ക്ക് പോലും ഇല്ലാതിരുന്ന സങ്കുചിത മനസ്സാണ് ആം ആദ്മിയെ വിമര്‍ശിക്കുക വഴി രവിശങ്കര്‍ പ്രകടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് സ്വാഭാവികം. പക്ഷേ, എന്തിന് ഒരു ആത്മീയാചാര്യന്‍ ആ നിലയില്‍ വികാരം കൊള്ളണം. ബി ജെ പി ഇന്ത്യ ഭരിച്ചിട്ടുണ്ട്. ബി ജെ പി ഇപ്പോഴും പല സംസ്ഥാനങ്ങള്‍ ഭരിക്കുകയും ചെയ്യുന്നുണ്ട്. ഈ അവസരങ്ങളിലൊന്നും ഇന്ത്യക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ വിജയിച്ചതായി കണ്ടിട്ടില്ല. പിന്നെ എന്ത് പ്രത്യാശകളാണ് ബി ജെ പി നമുക്ക് മുന്നില്‍ വെക്കുന്നത്.
ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ അജന്‍ഡ ആരാണ് തീരുമാനിക്കാന്‍ പോകുന്നത്? സംശയമില്ല, ആം ആദ്മി പാര്‍ട്ടിയാണ്. കാരണം അതിന്റെ ശബ്ദത്തിന് ഇന്ത്യന്‍ മനസ്സ് കാതോര്‍ക്കുന്നു. അതിന്റെ ശബ്ദം അധികാരകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നു. ജനുവരി 31ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍, ആം ആദ്മി പാര്‍ട്ടി ഇന്ത്യയിലെ സുപ്രധാന രാഷ്ടീയ പാര്‍ട്ടികളെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുന്നു. അന്ന് അരവിന്ദ് കെജരിവാള്‍ അഴിമതിക്കാരായ 26 പേരുടെ ലിസ്റ്റ് വായിക്കുകയും അവര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവരില്‍ 12 പേര്‍ കോണ്‍ഗ്രസുകാരാണ്. നാല് പേര്‍ ബി ജെ പിക്കാരും ബാക്കിയുള്ളവര്‍ വിവിധ പാര്‍ട്ടില്‍ നിന്നുള്ളവരുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആശ്വാസത്തിന് വകയുണ്ട്. ആ ലിസ്റ്റില്‍ എന്തായാലും ആ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇടം പിടിച്ചിട്ടില്ല. മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ള 160 എം പി മാരെ അവര്‍ വീണ്ടും മത്സരിപ്പിക്കുകയാണെങ്കില്‍, തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നരേന്ദ്ര മോദിക്കും ആ ലിസ്റ്റില്‍ പ്രത്യേക പദവിയും നല്‍കിയിട്ടുണ്ട്.
എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ നയതന്ത്രപരമായ ഒരു അനിശ്ചിതാവസ്ഥ നേരിടുന്നുണ്ട്. അഴിമതിയുടെ അടയാളമായി തീര്‍ന്ന കോണ്‍ഗ്രസിനും രാജ്യത്തെ മതപരമായി വിഭജിച്ചുകാണുന്ന ബി ജെ പിക്കും സ്വന്തം രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഇടതുപക്ഷത്തിനും അധികാരത്തിനും സമ്പത്തിനും വേണ്ടി എന്തു നിലപാടും കൈക്കൊള്ളുന്ന സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയവര്‍ക്കും തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റേണ്ടിവന്നിരിക്കുന്നു. അതിന്റെ സൂചനയാണ് ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം കണ്ടത്. അധികാരത്തിന് വേണ്ടിയുള്ള കുതിരക്കച്ചവടം അവിടെ ഒഴിവാക്കപ്പെട്ടത് മറ്റൊന്നുകൊണ്ടുമല്ല. ഏറ്റവും കൂടുതല്‍ എം എല്‍ എമാരുള്ള ഒറ്റ പാര്‍ട്ടിയായിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി ജെ പി അവകാശം ഉന്നയിച്ചില്ല. അധികാരത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ വിശാലമനസ്‌കരായിത്തീര്‍ന്നു. കാരണം സമൂഹം ഒരു മൂന്നാം കണ്ണിലൂടെ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അഴിമതിക്കും കുതിരക്കച്ചവടത്തിനും നിന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് കുറയുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇന്ത്യയിലെ മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഈ തിരഞ്ഞെടുപ്പിനുള്ള മൗലികമായ വ്യത്യാസം ഇതാണ്. നേരത്തെ, അഴിമതി നടത്തിയതിന്റെ പേരില്‍ വോട്ട് കുറയുമെന്ന് ഭയപ്പെടേണ്ടിയിരുന്നില്ല. കാരണം ഇന്ത്യയിലെ പ്രബല പാര്‍ട്ടികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡുണ്ട്. ത്രിജി, കല്‍ക്കരി കുംഭകോണത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന ബി ജെ പിക്ക് അഭിമാനിക്കാന്‍ സ്വന്തമായി ശവപ്പെട്ടി കുംഭകോണക്കാരും യെഡിയൂരപ്പമാരും നിരവധിയുണ്ടല്ലോ. അതുകൊണ്ട് വോട്ടര്‍മാര്‍ക്ക് ഗുണപരമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല. ഇപ്പോള്‍ അപ്രകാരം ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരിക്കുന്നു. രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ ഒരു പുതിയ മൂല്യത്തെ അവര്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നു. അതാണ് ആം ആദ്മി പാര്‍ട്ടി. എന്തുക്കൊണ്ട് ആം ആംദ്മിയെ എല്ലാവരും ഭയക്കുന്നു? അത് ഇന്ത്യയിലെ നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ ശബ്ദമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ മറവികളില്‍ നിന്നാണ് അത് ഓര്‍മകള്‍ വീണ്ടെടുക്കുന്നത്. ഒരു വശം ചെരിഞ്ഞ് വികസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ മറുവശത്തിന്റെ വീര്‍പ്പുമുട്ടലുകളാണ് അതിന്റെ വികാരം. അഴിമതിയുടെ വലിപ്പം ഹിമാലയത്തെ ചെറുതാക്കുന്നത് കണ്ട് അന്ധാളിക്കുകയും ഭക്ഷണം, വെള്ളം, വെളിച്ചം, ഊര്‍ജം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി വിലപിക്കുകയും ചെയ്യുന്നവരുടെ ആത്മരോഷമാണ് അതിന്റെ ശക്തി. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യവും മൂല്യരാഹിത്യവും കണ്ട് സഹിക്കെട്ട സാധാരണക്കാരന്റെ പ്രതിഷേധസ്വരമാണത്. ജി ഡി പിയിലെ വലിയ കുതിച്ചുചാട്ടത്തെ പ്രതിയോ ആണവ-ഉപഗ്രഹസാങ്കേതിക വിദ്യയിലെ നേട്ടങ്ങളെ പ്രതിയോ അഭിമാനിക്കാന്‍ പറ്റാത്ത നിലയില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷവും നിത്യജീവിതവുമായിബന്ധപ്പെട്ട സങ്കടക്കടലിലാണ്.
ഇതിന് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അടിയന്തരാവസ്ഥയാണ്. അന്ന് സ്വാതന്ത്യ സമരത്തിന്റെ ആര്‍ജിത മൂല്യങ്ങള്‍ ഇന്ത്യന്‍ മനസ്സില്‍ നിന്ന് മാഞ്ഞുപ്പോയിരുന്നില്ല. എല്ലാ പാര്‍ട്ടി കളേയും വിമോചന പോരാട്ടങ്ങളുടെ ഭൂതകാല വീര്യങ്ങള്‍ ത്രസിപ്പിച്ചിരുന്നു. സോഷിലിസ്റ്റുകളും കമ്മ്യൂണിസ്റ്റുക്കാരും ബി ജെ പിക്കാരും വ്യത്യസ്തരായി നിന്നുക്കൊണ്ട് തന്നെ അതിനെതിരെ ശക്തമായി പോരാടുകയുണ്ടായി. പ്രതിഷേധത്തിന്റെ ഈ വിജാതീയ രൂപങ്ങളെ കോഡിനേറ്റ് ചെയ്യാന്‍ സ്വാതന്ത്രസമര സേനാനിയും വലിയ സോഷിലിസ്റ്റുമായ ജെയപ്രകാശ് നാരായണനെ അന്ന് ചരിത്രം നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യ ഇന്നും ഓര്‍ക്കുകയും കോണ്‍ഗ്രസ് എന്നും മറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരധ്യയമാണ് അടിയന്തിരാവസ്ഥ. കാലം ഒരുപാട് മാറി. സ്വാതന്ത്ര്യസമരത്തോടൊപ്പം ജീവിക്കുകയൊ അതിന്റെ മൂല്യങ്ങള്‍ സംക്രമിക്കുകയൊ ചെയ്യുന്ന തലമുറ ഏറെക്കുറെ പൂര്‍ണമായും തിരോഭവിച്ചു. ഇന്ത്യ ഒരാഗോളഗ്രാമത്തിന്റെ ഭാഗമായി. ലോകത്തിന്റെ വലിയ വിപണിയും അസംസ്‌കൃത വസ്തുക്കളുടെ വലിയ കേന്ദ്രവുമായി തീര്‍ന്നു. പണ്ട് അപ്പത്തിന് മാത്രമായിരുന്നു ക്ഷാമം. ഇപ്പോള്‍ ശുദ്ധജലത്തിനും ശുദ്ധവായുവിനും ക്ഷാമം നേരിട്ടു. മാത്രമല്ല, ഒരു പോലീസിന്റെ ധര്‍മം പോലും നിര്‍വഹിക്കുന്നതില്‍ പലപ്പോഴും സര്‍ക്കാറുകള്‍ പരാജയപ്പെട്ടു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കൂട്ടബലാത്സംഗങ്ങള്‍ അതിന് ഉദാഹരണമായിത്തീര്‍ന്നു. അതേസമയം മുതലാളിത്തം സ്വയം അതിന്റെ ശവക്കുഴിത്തോണ്ടുമെന്ന് ക്ലാസിക്കല്‍ മാര്‍ക്‌സിസം വിശ്വസിച്ചതുപോലെ, അത്ര ആഴത്തിലല്ലെങ്കിലും അത് തന്നെ കൊണ്ടുവന്ന വിവര സാങ്കേതികവിദ്യ ലോകത്തിലേക്ക് പുതിയ തുറസ്സുകള്‍ ഉണ്ടാക്കുകയും മനുഷ്യരുടെ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനുള്ള പുതിയ വിനിമയ കേന്ദ്രങ്ങളായി മാറുകയും ചെയ്തു.
മൂന്ന് തരത്തിലുള്ള പ്രബല നിരീക്ഷണങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ഇന്ന് നിലവിലുണ്ട്. ഒന്ന്; അരാജകവാദികള്‍. ഇന്ത്യന്‍ രാഷ്ട്രപതി തന്നെ പരോക്ഷമായി അത് സൂചിപ്പിക്കുകയുണ്ടായി. രണ്ട്; രാഷ്ട്രീയ ദര്‍ശനമില്ലാത്തവര്‍. മൂന്ന് പക്വതയും അനുഭവവുമില്ലാത്തവര്‍. (ശ്രീ ശ്രീ രവിശങ്കര്‍ ഈയിടെ ഈ നിലയില്‍ വിലയിരുത്തുകയുണ്ടായി.) അധികാരം കൈയാളിയിരുന്നവര്‍ നാളിതുവരെ എന്തു ചെയ്തു എന്ന ചോദ്യത്തില്‍ നിന്നാണ് അരാജകവാദികള്‍ എന്ന വിമര്‍ശത്തിന് ഉത്തരം കണ്ടെത്തേണ്ടത്. രാജ്യം ശരിയായി പരിരക്ഷിച്ചില്ലെങ്കില്‍ അവിടെ അരാജകവാദം പിറവി ക്കൊള്ളും. അതേസമയം മാവോയിസ്റ്റുകളെ നേരിട്ട രീതിയില്‍ മിലിറ്ററി ഓപ്പറേഷനിലൂടെ ആം ആദ്മിയെ നേരിടാനാകില്ലെന്ന തിരിച്ചറിവും ഈ വിലയിരുത്തലിലുണ്ട്. കാരണം അരാജകമെന്ന് ആരോപിക്കുമ്പോഴും നിയമ വ്യവസ്ഥക്കകത്ത് നിന്നാണ് അവര്‍ പ്രതികരിച്ചത്. അതിനര്‍ഥം വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തോറ്റിടത്താണ് ആംആദ്മി വേരാഴ്ത്തിയത്. രണ്ടാമതായി രാഷ്ടീയ ദര്‍ശനം. അത് ആദ്യം തന്നെ ഉണ്ടാകണം എന്ന ശാഠ്യത്തിന് ഒരര്‍ഥവുമില്ല. പുതിയ കാലത്ത് അത് ഒരു പ്രക്രിയയാണ്. അത് ക്രമത്തില്‍ സാമൂഹിക പ്രശ്‌നങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് രൂപം കൊള്ളേണ്ടതാണ്. പക്വതയും അനുഭവവുമായി ബന്ധപ്പെട്ട വിമര്‍ശം വാസ്തവത്തില്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. കാരണം ആം ആദ്മി ഒരു പരിശുദ്ധ തടാകമായി ദീര്‍ഘ കാലം നിലനില്‍ക്കുമെന്ന് കരുതിയതുകൊണ്ടല്ല ആളുകള്‍ അതിനെ പിന്തുണക്കുന്നത്. ഇപ്പോള്‍, അത് ചരിത്രപരമായി ഒരു തിരുത്തല്‍ ശക്തിയാണ്. നാളെ അത് ഇല്ലാതാകുമ്പോള്‍ മറ്റൊന്ന് ഉണ്ടായിവരും.
എന്തായാലും രാഹുല്‍ ഗാന്ധിക്കോ മോദിക്കൊ അവഗണിക്കാന്‍ പറ്റുന്ന ഒന്നല്ല ആം ആദ്മി. രവിശങ്കര്‍ തള്ളിപ്പറഞ്ഞാലും അതിന്റെ പ്രസക്തി ഇല്ലാതാകില്ല. അതേസമയം ആം ആദ്മി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1957ല്‍ ഇ എം എസ് മന്ത്രസഭ അധികാരത്തിലെത്തുമ്പോള്‍ ആ സര്‍ക്കാര്‍ വളരെ ആദര്‍ശനിഷ്ഠമായിരുന്നു. കേരളത്തിലെ ദളിത് സമൂഹമായിരുന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ. അവരുടെ വിമോചനമായിരുന്നു സ്വപനം. അതുക്കൊണ്ടാണ് കാര്‍ഷിക ബില്ലിനും ഭൂപരിഷ്‌കരണ ബില്ലിനും രൂപം നല്‍കിയത്. പക്ഷേ, വിമോചന സമരം എല്ലാം അട്ടിമറിച്ചു. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ശൈശവദശയില്‍ തന്നെ അങ്ങേയറ്റം മോശമായ ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാറിനെ നെഹ്‌റു എന്ന വലിയ ജനാധിപത്യവാദി പിരിച്ചുവിട്ടു. ആ സര്‍ക്കാറിനെ മാത്രമല്ല അട്ടിമറിച്ചത് നാളിതുവരെയുള്ള മുഴുവന്‍ സര്‍ക്കാറുകളുടേയും അജന്‍ഡയെ ആ സമരം മാറ്റിയെഴുതി. അധികാരം ഭയപ്പെടുത്തുക മാത്രമല്ല ചെയ്യുക, അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി ഭയത്തിന് വഴങ്ങുകയും ചെയ്യും.
മറ്റൊരു രസകരമായ കഥ കൂടി പറയാം. ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേരള മന്ത്രിസഭയിലെ പതിനൊന്ന് മന്ത്രിമാര്‍ക്കും കൂടിയുണ്ടായിരുന്നത് ഒരു കോട്ടാണ്. ഒരേ കോട്ട് മാറി മാറി ധരിച്ചാണ് മന്ത്രിമാര്‍ ഡല്‍ഹിയിലെ മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നത്. അതാണ് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ലാളിത്യത്തിന് നല്‍കിയ മൂല്യം. ആ പാര്‍ട്ടിയാണ് അര ന്തൂറ്റാണ്ട് പിന്നിട്ടപ്പോള്‍ മുല്യത്തിന്റെ കാര്യത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന അവസ്ഥയില്‍ മാത്രമായി നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ കെജരിവാളിന് പഠിക്കാവുന്ന ഏറ്റവും നല്ല മുന്‍മാതൃക 1957ലെ ഇ എം എസ് സര്‍ക്കാറാണ്. അതേസമയം 1957ല്‍ കേരളത്തിലെ സമുദായസംഘടനകള്‍ക്കുണ്ടായിരുന്ന അതേ പ്രതിലോമവികാരമാണ് ഇപ്പോള്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രകടിപ്പിക്കുന്നതെന്നും മനസ്സിലാക്കണം.

---- facebook comment plugin here -----

Latest