National
വിഎസിന്റെ നിലപാട് കാരാട്ട് തള്ളി;സിബിഐ അന്വേഷണം വേണ്ട
ന്യൂഡല്‍ഹി: കെ.കെ രമയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് സിപിഐ(എം) കേന്ദ്ര നേതൃത്വം പരിശോധിക്കും. അവെയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യും. ടിപി കേസില്‍ വിഎസിന്റെ വിവാദ പ്രസ്താവനകള്‍ വന്നപ്പോഴെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ സ്ഥിതി വഷളാക്കേണ്ടന്ന തീരുമാനത്തിലായിരുന്നു സിപിഐ(എം) കേന്ദ്ര നേതൃത്വം. എന്നാല്‍ വിലക്ക് ലംഘിച്ച് രമയ്ക്ക് പിന്തുണച്ച് കത്തയച്ച പശ്ചാത്തലത്തില്‍ വിഎസ്സിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ നേതൃത്വം തയ്യാറായേക്കും. ഇതേസമയം ടി.പി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രമയെ പിന്തുണച്ച് വിഎസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു. രമയുടെ ആവശ്യത്തെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ജനുവരി 26ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി വി.എസിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സമരത്തിന് വന്നാല്‍ കാണാന്‍ പോകരുതെന്നും സംസ്ഥാന കമ്മിറ്റി വി.എസിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ശാസന അനുസരിച്ചെങ്കിലും തന്റെ പിന്തുണ രമയ്ക്കും അവരുടെ ആവശ്യത്തിനുമൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രിയ്ക്കയച്ച കത്തിലൂടെ വി.എസ് ചെയ്തിരിക്കുന്നത്.