Connect with us

Ongoing News

ഉള്ളാള്‍ തങ്ങള്‍ അനുകരണീയ മാതൃക: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സമൂഹത്തിന് നേര്‍ ദിശ കാണിച്ച അനുകരണീയ വ്യക്തിത്വ മായിരുന്നു സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തങ്ങളുടെ വിയോഗം മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബില്‍ എസ് വൈ എസ് സംഘടിപ്പിച്ച ഉള്ളാള്‍ തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സൗമ്യതയും ആര്‍ദ്രതയും മുഖമുദ്രയാക്കി സത്യസന്ധമായ നിലപാടിലൂടെ മുസ്‌ലിം വൈജ്ഞാനിക പ്രബോധന മേഖലക്ക് നാല് പതിറ്റാണ്ട് കാലം അതുല്യമായ നേതൃത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന ആത്മീയ വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. കേരള മുസ്‌ലികള്‍ക്ക് നേരെ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കി.
കേരളത്തിലെ പൊതുസമൂഹത്തിന് പിന്തുടരാന്‍ കഴിയുന്ന നിരവധി മാതൃകകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തങ്ങളുമായി രണ്ട് മൂന്ന് തവണ അടുത്ത് ബന്ധപ്പെടാനും അനുഗ്രഹം തേടാനും തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സഹചാരിയായി പ്രവര്‍ത്തിച്ച തങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്.
അദ്ദേഹം മുന്നോട്ടുവെച്ച സന്ദേശം ഉള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കാന്‍ മുസ്‌ലിം സമൂഹത്തിനും സുന്നി വിഭാഗത്തിനും കരുത്തുണ്ടാകട്ടെയെന്നും ചെന്നിത്തല ആശംസിച്ചു.
എസ് വൈ എസ് ജില്ലാപ്രസിഡന്റ് കെ എം ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. ഏരൂര്‍ ശംസുദ്ദീന്‍ മദനി അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് സൗത്ത് സോണ്‍ ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി, ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഖലീലുല്‍ റഹ്മാന്‍ തങ്ങള്‍ പെരിങ്ങമ്മല, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുനീര്‍ നഈമി പ്രസംഗിച്ചു.

Latest