Kerala
ചെക്ക്‌പോസ്റ്റുകളിലെ വിജിലന്‍സ് പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: ചെക്ക്‌പോസ്റ്റിലെ നികുതിവെട്ടിപ്പ് തടയുന്നതിന് ശക്തമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അടിയന്തരമായി രണ്ട് വിജിലന്‍സ് കോടതികള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വിജിലന്‍സിനെ ഏറ്റവും ശക്തമായ അഴിമതിനിരോധ സംവിധാനമായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആയുധമായി വിജിലന്‍സിനെ ഉപയോഗിക്കില്ല. ശക്തവും സ്വതന്ത്രവും സുതാര്യവുമായിരിക്കണം വിജിലന്‍സിന്റെ പ്രവര്‍ത്തനം. കാര്യക്ഷമമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവന്നിരുന്ന വിജിലന്‍സ് ഡ്യൂട്ടി അലവന്‍സ് പുനഃസ്ഥാപിക്കുന്ന കാര്യം ആലോചിക്കുമെന്നും പ്രവര്‍ത്തനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പോലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടില്‍ നിന്ന് ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനം വിജിലന്‍സിന്റെ നവീകരണത്തിനായി മാറ്റിവെക്കുമെന്നും രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. സംസ്ഥാന വിജിലന്‍സ് ബില്‍ നിയമസഭാ സമ്മേളത്തില്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
2013 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കുകയും ഏറ്റവും കൂടുതല്‍ മിന്നല്‍ പരിശോധനകള്‍ നടത്തുകയും ചെയ്ത തൃശൂര്‍ യൂനിറ്റിനും ഏറ്റവും കൂടുതല്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണ മേഖലാ ഓഫീസിനും മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകമായി റിവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.