Articles
ആ ഉമ്മയും ബാപ്പയും ചോദിക്കുന്നു
“അവര്‍ എന്തിനാ എന്റെ മോനെ പിടിച്ചോണ്ട് പോയി ജയിലിലടച്ചത്…എന്റെ മോനെ എനിക്കറിയാം, അവന്‍ ഒരു തെറ്റും ചെയ്യില്ല.. അവന്‍ നിരപരാധിയാണ്….ഇനി എന്നാ എനിക്ക് അവനെയൊന്ന് കാണാന്‍ കഴിയുക…..” അര്‍ബുദമെന്ന മാരക രോഗത്തിന്റെ വേദന കടിച്ചമര്‍ത്തി അറുപത്തിമൂന്നുകാരിയായ അസുമാ ബീവി ഇടക്കിടെ ചോദിക്കുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ ഉത്തരം പറയാനാകാതെ വിതുമ്പുകയാണ്. “നിരപരാധിയായിട്ടും നീണ്ട പത്ത് വര്‍ഷത്തോളം അവനെ കോയമ്പത്തൂര്‍ ജയിലിലടച്ചില്ലേ…ദേ ഇപ്പോള്‍ മുന്ന് വര്‍ഷമായി വീണ്ടും…” അബ്ദുന്നാസര്‍ മഅ്ദനിയുടെ ഉമ്മക്ക് നൊമ്പരമടക്കാനാകുന്നില്ല. ഓരോ പ്രാവശ്യവും ജാമ്യാപേക്ഷ നിരസിക്കുമ്പോഴും മാറ്റി വെക്കുമ്പോഴും ആര്‍ സി സിയിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്ന ഈ ഉമ്മയുടെ വേദനയേറുകയാണ്. തന്റെ മകനെ ഇനിയെന്ന് കാണാനൊക്കുമെന്ന ഉത്തരം കിട്ടാത്ത ചിന്ത മനസ്സിനെ അലട്ടുന്നതാണ് ഈ മാതാവിന് രോഗവേദനയേക്കാള്‍ അസഹനീയമായി തോന്നുന്നത്.
പക്ഷാഘാതം വന്നു കിടപ്പിലായ, മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററുടെയും സ്ഥിതി വ്യത്യസ്തമല്ല. നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മകന് ജയിലില്‍ ആവശ്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഈ ഉപ്പയുടെ മനസ്സ് നീറുകയാണ്.
കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സില്‍ അബ്ദുസ്സമദ്-അസുമാബീവി ദമ്പതികളുടെ എട്ട് മക്കളില്‍ മൂത്ത മകനാണ് അബ്ദുന്നാസര്‍ മഅ്ദനി. 2010 ആഗസ്ത് 17നാണ് ബംഗളൂരു സ്‌ഫോടന കേസിന്റെ പേരില്‍ അന്‍വാര്‍ശേരിയില്‍ നിന്ന് കേരളാ പോലീസിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. മകനെ ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തിയത് കേട്ട് തളര്‍ന്നു പോയ ഈ പിതാവിനെ, മാസങ്ങള്‍ക്ക് ശേഷമാണ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വാര്‍ത്ത മറ്റു മക്കള്‍ അറിയിച്ചത്. കാരണം അദ്ദേഹത്തിന് അത് താങ്ങാന്‍ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ നീണ്ട പത്ത് വര്‍ഷക്കാലം നിയമ പോരാട്ടങ്ങള്‍ക്കും അധികാര കേന്ദ്രങ്ങള്‍ കയറി ഇറങ്ങാനും അബ്ദുസ്സമദ് മാസ്റ്റര്‍ മുന്നിലുണ്ടായിരുന്നു. അന്ന് പലരും ഈ പിതാവിനുമുന്നില്‍ പല തവണ വാതിലുകള്‍ കൊട്ടിയടച്ചതാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ അവസാന നിമിഷം വരെ പോരാടുകയായിരുന്നു. ഒടുവില്‍ നീതി ലഭിച്ചു. മകന്‍ നിരപരാധിയാണെന്ന് കോടതി വിധിച്ചപ്പോള്‍ അന്ന് ഏറ്റവും സന്തോഷിച്ചതും ഈ പിതാവായിരുന്നു. എന്നാല്‍ ഏറെ നാള്‍ ആ സന്തോഷം അനുഭവിക്കാന്‍ ഈ മാതാപിതാക്കള്‍ക്ക് ഭാഗൃം ലഭിച്ചില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ചുമത്തിയ കുറ്റങ്ങളേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ബംഗളൂരു സ്‌ഫോടന കേസിന്റെ പേരില്‍ വികലാംഗനും രോഗിയുമായ തങ്ങളുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്.
എന്നാല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ നടത്തിപ്പിനായി ഓടി നടന്ന ആ പിതാവ് ഇപ്പോള്‍ തളര്‍ന്നു കിടപ്പിലായിരിക്കുന്നു. രോഗം തളര്‍ത്തിയ ശരീരവുമായി കട്ടിലില്‍ നിന്ന് ഒന്ന് എണീറ്റിരിക്കണമെങ്കില്‍ മറ്റൊരാളുടെ സഹായം വേണം. അതുകൊണ്ട് തന്നെ മകന്റെ അവസ്ഥയോര്‍ത്ത് കട്ടിലില്‍ കിടന്ന് വേദനിക്കാനേ ആ പിതാവിന് ഇപ്പോള്‍ കഴിയുന്നുള്ളൂ. കഴിഞ്ഞ മൂന്ന് വര്‍ഷമായി അബ്ദുസ്സമദ് മാസ്റ്റര്‍ കിടപ്പിലാണ്. ഇടക്കിടെ മകന്റെ രോഗവിവരങ്ങളും കേസിന്റെ കാര്യങ്ങളും മറ്റു മക്കളോട് തിരക്കും. അസുമാ ബീവിയാകട്ടെ ഒരു വര്‍ഷത്തിലേറെയായി അര്‍ബുദ രോഗത്തിന് തിരുവനന്തപുരം ആര്‍ സി സി യിലെ ചികിത്സയിലുമാണ്. ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ അര്‍ബുദ രോഗത്തിനുള്ള കീമോതെറാപ്പിക്ക് പകരം ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കിയ ഗുളികകള്‍ കഴിച്ചാണ് ഓരോ ദിവസവും വേദന ഇവര്‍ കടിച്ചമര്‍ത്തുന്നത്.
മകനെ ജയിലില്‍ പോയി കാണണമെന്ന് ഇരുവര്‍ക്കും അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ ഇരുവരും അവസാനമായി മഅ്ദനിയെ കാണുന്നത് മകളുടെ വിവാഹത്തിന് ജാമ്യം ലഭിച്ച് മഅ്ദനി നാട്ടിലെത്തിയപ്പോഴായിരുന്നു. പിന്നീട് പല തവണ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചപ്പോഴും വലിയ പ്രതീക്ഷയിലായിരുന്നു ഇവര്‍. പക്ഷേ വിധി എപ്പോഴും മറിച്ചായിരുന്നു സംഭവിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഏറെ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ ഈ മാതാപിതാക്കളുമുണ്ടായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല. തങ്ങളുടെ മകന് ജാമ്യം കിട്ടുമല്ലോ. അവനെ തങ്ങള്‍ക്കൊന്ന് കാണാന്‍ പറ്റുമല്ലോ. നിഷ്‌കളങ്കമായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മതേതര വിശ്വാസികളുടെ മനഃസാക്ഷിയെ പോലും ഞെട്ടിക്കുന്ന കാഴ്ചകളാണ് ഈ മാതാപിതാക്കള്‍ പിന്നീട് കണ്ടത്.എന്നിട്ടും ആശയും പ്രതീക്ഷയും കൈവിടാതെ അവര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. വീണ്ടും മാര്‍ച്ച് 26 ന് രാജ്യത്തെ പരമോന്നത നീതിപീഠം മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മനുഷ്യത്വമുള്ളവര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്ന് കരുതുകയാണവര്‍. മതേതരത്വവും മനുഷ്യാവകാശവും പ്രസംഗിക്കുന്നവര്‍ അധികാരത്തിലേറി നീതിക്കെതിരെ നൃായാധിപര്‍ക്ക് മുന്നില്‍ ഒച്ചവെക്കുമ്പോഴും ആരെയും പഴിക്കാനോ, കുറ്റം പറയാനോ ഈ ദമ്പതികള്‍ ഒരുക്കമല്ല. പകരം അതൊക്കെ മനഃസാക്ഷിയുള്ള ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നു പറഞ്ഞുകൊണ്ട്, കരഞ്ഞുകലങ്ങിയ കണ്ണുകള്‍ മേലോട്ടുയര്‍ത്തി നിരന്തരം പ്രാര്‍ഥിക്കുകയാണവര്‍. തങ്ങളുടെ പ്രിയപ്പെട്ട മകന്റെ രോഗം മാറാന്‍. അവന് ജാമൃം കിട്ടാന്‍ .
അധികാരികള്‍ കണ്ണടക്കുമ്പോള്‍, ആരെയും വേദനിപ്പിക്കാതെ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ മാത്രമല്ലേ ആ മാതാപിതാക്കള്‍ക്ക് കഴിയൂ.!
muneerkumaramchira@gmail.com