Connect with us

Ongoing News

ബി ജെ പി പിന്തുണയോടെ തെലുങ്കാന ബില്‍ പാസ്സായി

Published

|

Last Updated

Telangana1ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള ബില്ല് ലോക്‌സഭയില്‍ പാസ്സായി. ശബ്ദവോട്ടെടുപ്പില്‍ ബി ജെ പിയുടെ പിന്തുണയോടെയാണ് ബില്ല് പാസ്സായത്. വോട്ടെടുപ്പിനിടയില്‍ ബഹളം ഉണ്ടായതോടെ നാടകീയ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഭയന്ന് ലോക്‌സഭാ ടി വിയുടെ തത്സമയ സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു.

തെലുങ്കാന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് തടസ്സപ്പെട്ടിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന എം.പിമാരുടെ ബഹളം കാരണം ലോക്‌സഭ മൂന്ന് മണിവരെയും രാജ്യസഭ രണ്ട്മണിവരെയും നിര്‍ത്തിവച്ചിരുന്നു. പാര്‍ലിമെന്റിന് അകത്തും പുറത്തും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

ദിവസങ്ങള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ലോക്‌സഭയില്‍ ബില്ല് പാസ്സാക്കാനായത്. റെയില്‍വേ ഇടക്കാല ബജറ്റ് അവതരണം തെലുങ്കാനയെ എതിര്‍ക്കുന്ന എം പിമാര്‍ തടസപ്പെടുത്തുകയും ലോകസഭക്കകത്ത് കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു. പി.ചിദംബരത്തിന്റെ ഇടക്കാല ബജറ്റ് അവതരണത്തിനിടക്കും സീമാന്ധ്രമേഖലയിലെ എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബില്‍ പാസ്സായതില്‍ സന്തോഷിച്ച് ടി ആര്‍ എസ് അനുകൂലികള്‍ ഡല്‍ഹി ആന്ധ്രാ ഭവന് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി.

അതേസമയം, ബില്ല് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ നിന്നുള്ള എം പിമാര്‍ കൂട്ട രാജിക്ക് ഒരുങ്ങിയിട്ടുണ്ട്. ജഗന്‍മോഹന്‍ റെഡ്ഡിയും രാജിക്ക് ഒരുങ്ങിയതായാണ് റിപ്പോര്‍ട്ട്. പാര്‍ലിമെന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്ന് ജഗന്‍മോഹന്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ മൂന്ന് മന്ത്രിമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശില്‍ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.