Gulf
അല്‍ ഐന്‍ ബ്ലൂ സ്റ്റാര്‍ കലാ-സാഹിത്യ മേള
അല്‍ ഐന്‍: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബ്ലൂ സ്റ്റാര്‍ കലാ-സാഹിത്യ മേള സംഘടിപ്പിച്ചു. യു എ ഇയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന വ്യത്യസ്ഥ മല്‍സരങ്ങളില്‍ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. നൂറുകണക്കിന് കുരുന്നു പ്രതിഭകള്‍ മത്സരത്തിന്റെ പ്രധാനവേദിയില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ കാണികളെ ഹരംകൊള്ളിച്ചപ്പോള്‍, മുതിര്‍ന്ന കുട്ടികള്‍ സ്‌കൂളിലെ വിവിധ വേദികളില്‍ ചായക്കൂട്ടുകളിലൂടെ വര്‍ണ വിസ്മയം സൃഷ്ടിച്ചു. ചിത്രരചന, കളറിംഗ്, ക്യാന്‍വാസ് പെയിന്റിംഗ്, മോഡലിങ്ങ്, ഇംഗ്ലീഷ് ഉപന്യാസം ഇംഗ്ലീഷ് പദ്യപാരായണം, ക്വിസ്, ദേശീയ ഭക്തി ഗാനാപാലനം തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധ പ്രായക്കാര്‍ക്ക് മല്‍സരങ്ങള്‍ ഒരുക്കിയിരുന്നു.
മേളയുടെ ഉദ്ഘാന ചടങ്ങില്‍ ബ്ലൂ സ്റ്റാര്‍ പ്രസിഡന്റ് ജോയ് തണങ്ങാടന്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലൂസ്റ്റാര്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍ സ്വാഗതം പറയുകയും സാഹിത്യ വിഭാഗം സെക്രട്ടറി നീലിമ ശശിധരന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ആനന്ദ് ബര്‍ദാന്‍ (കമ്മ്യൂണിറ്റി അഫയേഴ്‌സ്) മുഖ്യാതിഥിയായിരുന്നു. ബ്ലൂസ്റ്റാര്‍ രക്ഷാധികാരിയും ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ജിമ്മി(ടി വി എന്‍ കുട്ടി), അര്‍ശാദ് ശരീഫ്, ഐ എസ് സി ചെയര്‍ലേഡി ബൈറ്റി സ്റ്റീഫന്‍ സംബന്ധിച്ചു.