Connect with us

Gulf

മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരും

Published

|

Last Updated

ദുബൈ: 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്‍കണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്‍ട്ട് നമ്പറും പൂരിപ്പിച്ച് നല്‍കണം. കഴിഞ്ഞ 10ാം തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്‍ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.