Connect with us

Gulf

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നര്‍; മലയാളികളില്‍ യൂസുഫലി മുന്നില്‍

Published

|

Last Updated

ദുബൈ: ഗള്‍ഫിലുള്ള ഇന്ത്യന്‍ സമ്പന്നരുടെ 2014 വര്‍ഷത്തെ പട്ടിക ദുബൈ ആസ്ഥാനമായുള്ള അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. ലുലു ഗ്രൂപ്പ് മേനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. മലയാളികളില്‍ ഒന്നാം സ്ഥാനമുണ്ട്.
ഭക്ഷ്യവിതരണ നിര്‍മ്മാണ കമ്പനിയായ അല്ലാന ഗ്രൂപ്പ് ചെയര്‍മാനായ ഫിറോസ് അല്ലാനയാണ് ഒന്നാമനായി എത്തിയത്. 450 കോടി യു എസ് ഡോളറുമായി (23,500 കോടി രൂപ) ഫിറോസ് അല്ലാന മുന്നിലെത്തിയപ്പോള്‍ കത്താരിയ ഹോര്‍ഡിംഗ് ചെയര്‍മാന്‍ രഘുവിന്ദര്‍ കത്താരിയ 290 കോടി യു എസ് ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി. ആര്‍. പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 215 കോടി യു എസ് ഡോളറുമായി നാലാം സ്ഥാനത്തെത്തിയപ്പോള്‍ എന്‍ എം സി ഗ്രൂപ്പ് മേധാവി ബി ആര്‍ ഷെട്ടി 200 കോടി ഡോളറുമായി അഞ്ചാമതായി ഇടം പിടിച്ചു.
260 കോടി യു എസ് ഡോളറുമായി (13,500 കോടി രൂപ) ആസ്തിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് എം എ യൂസുഫലിയാണ്. പട്ടികയില്‍ മലയാളികളിലും മുന്‍പന്തിയിലുള്ള യൂസുഫലി കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്നു. കേരളം ആസ്ഥാനമായുള്ള നാല് പ്രമുഖ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുള്ള അദ്ദേഹം ഫോബ്‌സ് മാസിക കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട സമ്പന്നരുടെ ആഗോള പട്ടികയിലും ഉള്‍പ്പെട്ടിരുന്നു.
109 ഹൈപ്പര്‍മാര്‍ക്കറ്റ് ഷോപ്പിംഗ് മാളുകളുള്ള ലുലു ഗ്രൂപ്പ് വളര്‍ച്ചയുടെ പുത്തന്‍ പടവുകള്‍ താണ്ടി അതിവേഗം മുന്നേറുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 42 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഗ്രൂപ്പ് ആരംഭിക്കും. മലേഷ്യയിലും ഇന്തോനോഷ്യയിലും ഈ വര്‍ഷാവസാനം പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രമുഖ രാജ്യാന്തര കണ്‍സള്‍ട്ടിംഗ് ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പുറത്തുവിട്ട ലോകത്തിലെ അതിവേഗം വളരുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ പതിനൊന്നാം സ്ഥാനമാണ് ലുലു ഗ്രൂപ്പിനുള്ളത്. അടുത്ത വര്‍ഷം ഡിസംബറിനുള്ളില്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം 30,000 ആകുമെന്ന് കുവൈത്തിലെ ദജീജിലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടന വേളയില്‍ യൂസുഫലി അറിയിച്ചു.
37 രാജ്യങ്ങളില്‍ നിന്നായി 24,000 മലയാളികളടക്കം 31,400 ജീവനക്കാര്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫില്‍ സാമ്പത്തിക ശക്തിയും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒമാനില്‍ നിന്നും ഡോ. പി മുഹമ്മദലിയും (ഗള്‍ഫാര്‍) കിംജി കുടുംബവും ഉണ്ട്.

---- facebook comment plugin here -----

Latest