Connect with us

Articles

സോമയാഗത്തിന്റെ പൈതൃകം

Published

|

Last Updated

നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചു രംഗത്തുവന്ന ഒരാള്‍ ഇ എം എസ്സായിരുന്നു. മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്നവര്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ സമീപനം സ്വീകരിക്കേണ്ടി വരും എന്നാണ് ഇ എം എസ് അന്ന് പറഞ്ഞത്. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രസ്താവന നടത്തി സുഖിപ്പിക്കാമായിരുന്ന ഹൈന്ദവമതേതര വിശ്വാസികളെ പാടേ നിരാശപ്പെടുത്തിക്കൊണ്ടാണ് ഇ എം എസ് ആ പ്രസ്താവന നടത്തിയത്. നിലവിളക്ക് കൊളുത്തുന്നത് അത്ര മതേതരമായ ഏര്‍പ്പാടൊന്നുമല്ല എന്ന നിലപാടിലേക്ക് കുഞ്ഞാലിക്കുട്ടിയെ അന്ന് പരിഹസിച്ചവര്‍ പോലും എത്തിയ ഒരു കാലത്ത് തന്നെയാണ്, സോമയാഗത്തിന്റെ ശാസ്ത്രീയത തിരിച്ചറിയാന്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനം ആരെ ആഹ്ലാദഭരിതരാക്കാന്‍ വേണ്ടിയായിരിക്കും? ആരായിരിക്കും ഈ പ്രസ്താവനയുടെ ഇക്കാലത്തെ ഗുണഭോക്താക്കള്‍? ആരുടെ പൈതൃകമാകും ആ പ്രസ്താവനയിലും സാനിധ്യത്തിലും ഊര്‍ജം കൈവരിച്ചുട്ടുണ്ടാകുക? ആരുടെ നിലവിളക്കാകും അപ്പോള്‍ തെളിഞ്ഞിട്ടുണ്ടാകുക? ആരുടെ പൈതൃകത്തിന്റെ വെളിച്ചമാകും കെട്ടുപൊയിട്ടു
ണ്ടാകുക?

 

 

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഏതാനും ചില മുസ്‌ലിം സംഘടനാ നേതാക്കള്‍ ചേര്‍ന്ന് കോഴിക്കോട്ട് ഒരു പത്രസമ്മേളനം നടത്തി. ആത്മീയവും ശാരീരികവുമായ രോഗങ്ങളുടെ ശമനത്തിനായി നൂല് മന്ത്രിച്ചു കൊടുക്കുന്നവരും സൂഫീവര്യന്മാരുടെ മഖ്ബറകളിലെ കാണിക്കയെടുത്ത് സ്ഥാപനങ്ങള്‍ നടത്തുന്നവരും എല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആത്മീയ ചൂഷണം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ് എങ്കില്‍ പുതിയ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നായിരുന്നു അവരുടെ ആവശ്യം. “നിങ്ങള്‍ ഗൗരവത്തില്‍ തന്നെയാണോ ഈ ആവശ്യം ഉന്നയിക്കുന്നത്?” ആവശ്യവും ആവശ്യം ഉന്നയിച്ചവരുടെ അടിയാധാരങ്ങളും അറിയുന്ന പത്രക്കാരിലൊരാള്‍ ചോദിച്ചു. “പിന്നല്ലാതെ” എന്ന മട്ടില്‍ സംഘം തലകുലുക്കി. “മഖ്ബറകള്‍, മന്ത്രിക്കല്‍ തുടങ്ങിയവ അന്ധവിശ്വാസമാണ് എന്നും അല്ല എന്നും പറയുന്നവരും അതല്ല, മതം തന്നെ അന്ധവിശ്വാസമാണ് എന്ന് പറയുന്നവരും മതങ്ങളുടെ അകത്തും പുറത്തുമായി ഉണ്ടായിരിക്കുമ്പോള്‍ എങ്ങനെയാണ് ഇക്കാര്യത്തില്‍ ഒരു പൊതുധാരണയില്‍ എത്തുക?” അടുത്ത ചോദ്യം. “അതൊക്കെ സര്‍ക്കാറിനറിയാം” എന്നായി അപ്പോള്‍ ഈ മതനേതാക്കളുടെ മറുപടി. ഇതേ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തിയപ്പോള്‍ സര്‍ക്കാറിന് ഈ മതത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ പോകാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ വരി നിന്ന കൂട്ടരാണ് എല്ലാം സര്‍ക്കാറില്‍ ഭാരമേല്‍പ്പിച്ച് കിതാബും പൂട്ടി വെച്ചു പത്രസമ്മേളനം നടത്താനെത്തിയത്. പത്രപ്രവര്‍ത്തകനും വിട്ടില്ല. “മഹാരാഷ്ട്രയില്‍ ഈയിടെ കൊണ്ടുവന്ന അന്ധവിശ്വാസങ്ങള്‍ തടയാനുള്ള ബില്‍ എന്നറിയപ്പെടുന്ന Maharasthra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic bill 2013 (“നരബലിയും കൂടോത്രമടക്കമുള്ള മറ്റു മനുഷ്യത്വവിരുദ്ധമായ പൈശാചിക നടപടികളും തടയാനുള്ള ബില്‍)ന്റെ മാതൃകയിലുള്ള നിയമ നിര്‍മാണമാണോ നിങ്ങള്‍ ഉദേശിക്കുന്നത്” എന്നായി അടുത്ത ചോദ്യം. “അത്, പിന്നെ, മതം അനുശാസിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുശേഷിപ്പുകളുടെ ശാസ്ത്രീയത വ്യാഖാനിക്കാന്‍ കഴിഞ്ഞിട്ടില്ല” എന്ന് (മതം അനുശാസിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണാവോ ഒരു കാര്യം ശാസ്ത്രീയമാണെന്ന് തെളിയിക്കുക?!) കൂട്ടത്തിലെ ഒരു പ്രൊഫസര്‍ തടിതപ്പി. അസുഖം എന്താണെന്ന് നേരത്തെ അറിയാവുന്നതുകൊണ്ടും കോഴിക്കോട്ടെ പത്രപ്രവര്‍ത്തകര്‍ മാന്യന്മാരായതുകൊണ്ടും “ആത്മീയ ചൂഷണം: നിയമ നിര്‍മാണം നടത്തണമെ”ന്ന് അവര്‍ പിറ്റേ ദിവസം വാര്‍ത്തക്ക് തലക്കെട്ടിട്ടുകൊടുത്തു.
ആത്മീയ ചൂഷണം തടയാന്‍ പുതിയ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന ആവശ്യമുന്നയിച്ചു നാലാം പക്കമാണ്, പത്രസമ്മേളന സംഘത്തെ നയിച്ച വ്യക്തിയുടെ സഹോദരനും ചേളാരിക്കാരുടെ നേതാവുമായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഹിന്ദു മതവിശ്വാസികളില്‍ ഒരു വിഭാഗം അന്ധവിശ്വാസം എന്ന് ആരോപിക്കുന്ന, ഒരു ഹൈന്ദവ ആചാരത്തിന് ശാസ്ത്രീയമായ വ്യാഖ്യാനം കണ്ടെത്തിയത്. (മതം അനുശാസിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണോ സോമയാഗം ശാസ്ത്രീയമാണെന്ന് കണ്ടെത്തിയത് എന്ന് കോഴിക്കോട്ട് പത്രസമ്മേളനം നടത്തിയ “പ്രൊഫസറോട്” തന്നെ ചോദിക്കണം) സോമയാഗം എന്നാണ് ആ ആചാരത്തിന്റെ പേര്. ലൗകികവും അലൗകികവുമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ദേവന്മാരെ തൃപ്തിപ്പെടുത്താനുള്ളത് എന്നാണ് സോമയാഗത്തെ ഹിന്ദുമതവിശ്വാസികളായ ഒരു വിഭാഗം വേദപണ്ഡിതന്മാര്‍ പരിചയപ്പെടുത്തുന്നത്. വേദങ്ങളില്‍ പരിചയപ്പെടുത്തിയ ആത്മീയാരാധനകളില്‍ പ്രധാനപ്പെട്ടതാണിതെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളോളമായി ഋഷിവര്യന്മാര്‍ സോമയാഗത്തിന്റെ ആത്മീയമായ ഗുണഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നിട്ടുണ്ടെന്നുമാണ് കോഴിക്കോട്ടെ സോമയാഗത്തിന്റെ സംഘാടകനായ കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം ആര്‍ രാജേഷ് സോമയാഗത്തെ പരിചയപ്പെടുത്തുന്നത്. ആത്മശുദ്ധീകരണത്തിനുള്ള ശാസ്ത്രീയ മാര്‍ഗം കൂടിയാണത്രേ സോമയാഗം. അതേ സമയം ഈ യാഗത്തിന് ഹൈന്ദവ മതത്തിന്റെ പിന്തുണയില്ലെന്നും പ്രാചീന ഭാരതത്തിലെ പ്രതിഭാധന്യരായ ഋഷിവര്യന്മാര്‍ പോലും നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്ത അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്നും സമ്പത്തും പ്രശസ്തിയും സമാഹരിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ചില ഹൈന്ദവ സംഘടനകളും വേദ പണ്ഡിതന്മാരും തന്നെ ആരോപണമുയര്‍ത്തിയിട്ടുണ്ട്.
പക്ഷെ, ഈ ആരോപണപ്രത്യാരോപണങ്ങളൊന്നും തന്നെ, ഒരു മുസ്‌ലിം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം, പ്രധാനപ്പെട്ടതോ സോമയാഗത്തിന്റെ ശരിതെറ്റുകളോ ശാസ്ത്രീയതയോ തെളിയിക്കാനുള്ള മാനദണ്ഡമോ അല്ല. കാരണം, ഹൈന്ദവ മതം തന്നെ, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏക ദൈവവിശ്വാസത്തിനും അതിന്റെ മറ്റു അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണ്. അതുകൊണ്ടുതന്നെ ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് വിശ്വാസമായാലും അന്ധവിശ്വാസമായാലും മുസ്‌ലിമിന് സോമയാഗം ബഹുത്വത്തെ ആരാധിക്കുന്നതിനു തുല്യമാണ്. അതിനാല്‍ സോമയാഗം വേദശാസ്ത്ര പ്രകാരം വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്നത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അപ്രധാനമായ ചര്‍ച്ചയും ആ മതത്തിന്റെ ഒരാഭ്യന്തര കാര്യവുമാണ്. അത് തീരുമാനിക്കേണ്ടതാകട്ടെ ആ മതത്തിലും അതിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലും പ്രാവീണ്യമുള്ള മതപണ്ഡിതന്‍മാരുമാണ്. മുസ്‌ലിം വ്യക്തിനിയമത്തിന്റെയും മറ്റും വിഷയത്തില്‍ മുസ്‌ലിംകളും സ്വീകരിക്കാറുള്ളത് സമാനമായ നിലപാടാണല്ലോ? എന്നാല്‍ അതേ നിലപാട് ഹിന്ദുമതവിശ്വാസികള്‍ക്കും വക വെച്ചുകാടുക്കുന്നതിന് പകരം മറ്റു മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മൗദൂദിസ്റ്റുകളെ പോലുള്ളവര്‍ കാണിക്കുന്ന താത്പര്യം ദുരൂഹമാണ്. ഇത് പലയിടങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് മുമ്പൊരിക്കല്‍ ഹിന്ദുമതത്തിലെ ആള്‍ദൈവങ്ങള്‍ക്കെതിരെ രാമനാട്ടുകരക്കടുത്ത് മൗദൂദിസ്റ്റുകളായ ചെറുപ്പക്കാര്‍ മൈക്ക് കെട്ടിയപ്പോള്‍ “ഹിന്ദുക്കളുടെ കാര്യം ഞങ്ങള്‍ തീരുമാനിച്ചുകൊള്ളും, നിങ്ങളതില്‍ ആശങ്കപ്പെടേണ്ട, നിങ്ങള്‍ പോയി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ” എന്ന് പറഞ്ഞ് നാട്ടുകാര്‍ “പോരാളികളെ” കെട്ടുകെട്ടിച്ചത്. ഇസ്‌ലാമിനകത്തെ വിശ്വാസികളെയും വിശ്വാസങ്ങളെയും തൗഹീദിന്റെ (ഏകദൈവ വിശ്വാസം) അടിസ്ഥാനത്തില്‍ മതത്തില്‍ നിന്ന് പുറത്താക്കാനും മറ്റും ആവേശം കാണിക്കുന്നവരാണ്, മറ്റു മതങ്ങളെയും ആചാരങ്ങളെയും തൗഹീദ് എന്ന അടിസ്ഥാനപ്രമാണത്തെ മാറ്റിവെച്ചു അന്ധവിശ്വാസം, അനാചാരം എന്ന പേരില്‍ നേരിടാനൊരുമ്പെടുന്നതിനെ വിരോധാഭാസം എന്ന് പേര് വിളിക്കുന്നതിനേക്കാള്‍ ചേരുക മുസ്‌ലിമായി ജീവിക്കാനും പെരുമാറാനുമുള്ള ആത്മവിശ്വാസമില്ലായ്മ എന്നാണ്.
പറഞ്ഞുവന്നത് മറ്റൊരു കാര്യമാണ്. സോമയാഗം വഴി ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിലൂടെ ലൗകികവും അലൗകികവുമായ പല കാര്യങ്ങളും സാധിക്കുമെങ്കിലും ആത്മശുദ്ധീകരണമാണ് സോമയാഗത്തിന്റെ പരമ ലക്ഷ്യമെന്നാണ് കോഴിക്കോട്ടെ സോമയാഗത്തിന്റെ പ്രധാന സംഘാടകനായ കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം ആര്‍ രാജേഷ് പറയുന്നത്. ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് സോമയാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പാണക്കാട്ടെ സ്വാദിഖലി തങ്ങളും പങ്ക് വെച്ചത്. സോമയാഗം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ ആത്മശുദ്ധീകരണത്തിന്റെ ഭാഗമായി കാണണമെന്നും ഇത്തരം ചടങ്ങുകളുടെ ശാസ്ത്രീയത എല്ലാവരും മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞുവെന്നാണ് ചന്ദ്രിക (14-02-2014, കോഴിക്കോട് എഡിഷന്‍) സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (ഇത്തരം) ഭാരതീയ പൈതൃകങ്ങളുടെ മഹത്വം പുതിയ തലമുറയിലെത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി (14-02-2014, കോഴിക്കോട് എഡിഷന്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. അന്യമതസ്ഥരുടെ ആഘോഷ ചടങ്ങുകളില്‍ ഒരു മുസ്‌ലിം പങ്കെടുക്കുന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, മുസ്‌ലിം വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ഒരാചാരത്തിനു സ്വീകാര്യത നേടിക്കൊടുക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് ഗൗരവം കുറച്ചു കാണേണ്ട വിഷയമല്ല തന്നെ. ഹിന്ദു ദേവന്മാരെ പ്രീതിപ്പെടുത്താനുള്ള ഒരു ചടങ്ങ് ഒരു മുസ്‌ലിം വിശ്വാസിക്ക് പ്രധാനപ്പെട്ടതും പുതിയ തലമുറയിലേക്ക് കൈമാറേണ്ട സന്ദേശവുമാകുന്നത് എപ്പോഴായിരിക്കും എന്നത് തന്നെയാണ് ഈ വിഷയത്തില്‍ മര്‍മപ്രധാനമായും ഉന്നയിക്കേണ്ട ചോദ്യം. പക്ഷേ, പല മുസ്‌ലിം വിഭാഗങ്ങള്‍ക്കും ഇപ്പോള്‍ പടച്ചോനേക്കാള്‍ പേടി നരേന്ദ്ര മോദിയെ ആയതുകൊണ്ട് ആ ചോദ്യം ആരും ഉന്നയിച്ചു കാണുന്നില്ല എന്ന് മാത്രം.
സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കാന്‍ ബാധ്യസ്ഥനാകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. അത് മുമ്പൊരിക്കല്‍ ചെര്‍ക്കളം അബ്ദുല്ല എന്നയാളെ കുറി തൊട്ടു എന്നോ മറ്റോ കാരണം പറഞ്ഞ് ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുമ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഇതേ സ്വാദിഖലിയുമുണ്ടായിരുന്നു എന്നതാണ്. (രണ്ട് ദിവസം കഴിഞ്ഞ് ചെര്‍ക്കളം അബ്ദുല്ലയുടെ മതഭ്രഷ്ട് പിന്‍വലിക്കുകയും ചെയ്തു). സോമയാഗത്തിന് ആശംസയും നേര്‍ന്ന് സ്വാദിഖലി നേരെ വണ്ടി കയറിയത് തങ്ങളൊക്കെ കൂടി പണ്ട് ദീനില്‍ നിന്ന് പുറത്താക്കിയ ചെര്‍ക്കളം അബ്ദുല്ലയുടെ നാട്ടില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മറ്റൊരു യോഗത്തിന് ആരംഭം കുറിക്കാനാണ്. കോഴിക്കോട്ടെ സോമയാഗത്തില്‍ പുതു തലമുറക്ക് കൈമാറേണ്ടത് എന്ന് സ്വാദിഖലി തങ്ങള്‍ വിശേഷിപ്പിച്ച ഭാരതീയ പൈതൃകത്തിന്റെ ഇപ്പോഴത്തെ അവകാശവാദികളുടെയും തങ്ങളുടെയും പൈതൃകങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്ന് മുസ്‌ലിംകള്‍ അല്ലാഹുവിനു സുജൂദ് ചെയ്യുന്ന പള്ളിയും മദ്‌റസയും പൊളിച്ചും വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചും തെളിയിച്ചവരുടെ യോഗമായിരുന്നു അതെന്ന കാര്യം യാദൃച്ഛികം എന്നതിനേക്കാള്‍ ഏറെ, അനിവാര്യമായ തുടര്‍ച്ച എന്ന നിലയില്‍ വായിക്കാനാകും സൂക്ഷ്മാലുക്കളായ നിരീക്ഷകര്‍ക്കിഷ്ടം. മനപ്പൊരുത്തമുള്ള പൈതൃകങ്ങള്‍ എന്നല്ലാതെ മറ്റെന്തു പറയാന്‍?
വിശ്വാസപരമായ സൂക്ഷ്മതയുടെ പേരില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നവരാണ് മുസ്‌ലിം ലീഗ് മന്ത്രിമാര്‍. രാജ്യത്തോടും മതേതര നിലപാടുകളോടുമുള്ള അവരുടെ കൂറില്‍ പോലും സംശയം ഉന്നയിക്കാന്‍ പലരും ചൂണ്ടിക്കാണിക്കാറുള്ളത് നിലവിളക്ക് കൊളുത്തുമ്പോള്‍ മാറി നില്‍ക്കുന്ന മുസ്‌ലിം ലീഗ് മന്ത്രിമാരുടെ ചിത്രമാണ്. അത് ശരിയോ തെറ്റോ ആയ നിലപാടാകാട്ടെ, ഒരു പൊതു വേദിയില്‍ മതപരമായ സൂക്ഷ്മത പുലര്‍ത്താന്‍ അവര്‍ കാണിക്കുന്ന ആര്‍ജവം ഇക്കാലത്ത് ഒരു മൗദൂദിക്കും ഉണ്ടാകില്ല. പൊതു ഇടങ്ങളില്‍ ഇസ്‌ലാമിനെയും മുസ്‌ലിം വിശ്വാസത്തെയും ഒളിപ്പിച്ചുനിര്‍ത്താതിരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കും സംഘത്തിനുമുള്ള ആത്മവിശ്വാസം പോലും അവരുടെ ആത്മീയ നേതാക്കള്‍ എന്ന് പറയുന്നവര്‍ക്ക് ഇല്ലാതെ പോകുന്നത് അതുകൊണ്ടുതന്നെ ഗൗരവത്തോടെ അഭിമുഖീകരിക്കേണ്ട പ്രശ്‌നമാണ്. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ അന്ന് ന്യായീകരിച്ചു രംഗത്തുവന്ന ഒരാള്‍, മുസ്‌ലിംവിരുദ്ധന്‍ എന്നും സവര്‍ണ കമ്മ്യൂണിസ്റ്റ് എന്നും ചില മുസ്‌ലിംകളെങ്കിലും ഇപ്പോഴും വിളിക്കാറുള്ള ഇ എം എസ്സായിരുന്നു. മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്നവര്‍ക്ക് ഇന്നല്ലെങ്കില്‍ മറ്റൊരിക്കല്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സ്വീകരിക്കേണ്ടിവരും എന്നാണ് ഇ എം എസ് അന്ന് പറഞ്ഞത്. കുഞ്ഞാലിക്കുട്ടിക്കെതിരെ അന്ന് പ്രസ്താവന നടത്തിയിരുന്നെങ്കില്‍ സുഖിപ്പിക്കാമായിരുന്ന ഹൈന്ദവമതേതര വിശ്വാസികളെ പാടേ നിരാശപ്പെടുത്തിക്കൊണ്ടാണ് ഇ എം എസ് അന്ന് ആ പ്രസ്താവന നടത്തിയത്. നിലവിളക്ക് കൊളുത്തുന്നത് അത്ര മതേതരമായ ഏര്‍പ്പാടൊന്നുമല്ല എന്ന നിലപാടിലേക്ക്, ഇ എം എസ് പറഞ്ഞത് പോലെ, കുഞ്ഞാലിക്കുട്ടിയെ അന്ന് പരിഹസിച്ചവര്‍ പോലും എത്തിയ ഒരു കാലത്ത് തന്നെയാണ്, സോമയാഗത്തിന്റെ ശാസ്ത്രീയത തിരിച്ചറിയാന്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്യുന്നത്.
ഈ ആഹ്വാനം ആരെ ആഹ്ലാദഭരിതരാക്കാന്‍ വേണ്ടിയായിരിക്കും? ആരായിരിക്കും ഈ പ്രസ്താവനയുടെ ഇക്കാലത്തെ ഗുണഭോക്താക്കള്‍? ആരുടെ പൈതൃകമാകും ആ പ്രസ്താവനയിലും സാന്നിധ്യത്തിലും ഊര്‍ജം കൈവരിച്ചിട്ടുണ്ടാകുക? ആരുടെ നിലവിളക്കാകും അപ്പോള്‍ തെളിഞ്ഞിട്ടുണ്ടാകുക? ആരുടെ പൈതൃകത്തിന്റെ വെളിച്ചമാകും കെട്ടുപോയിട്ടുണ്ടാകുക? ഇന്ത്യയിലെ തീവ്ര ഹൈന്ദവ വലതു പക്ഷത്തിന്റെ വീരശൂരപരാക്രമിയായ നരേന്ദ്ര മോദിക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് വാങ്ങിച്ചുകൊടുക്കാന്‍ ഓടി നടക്കുന്ന ബാബാ രാംദേവിന്റെ മുഖത്തു സോമയാഗ വേദിയില്‍ വെച്ച് ചിരി വിടര്‍ന്നതിലും സ്വാദിഖലി തങ്ങളെ ആലിംഗനം ചെയ്തതിലും ആ ചോദ്യങ്ങളുടെ ഉത്തരമുണ്ട്. ഫാസിസ്റ്റുകള്‍ക്കും അവരുടെ ആദര്‍ശ പ്രചാരകരായ ബാബമാര്‍ക്കും കെട്ടിപ്പിടിക്കാവുന്ന അകലത്തില്‍ ഒരു ന്യൂനപക്ഷ രാഷ്ട്രീയപ്പാര്‍ടിയുടെ നേതാവ് എന്നത് ആശങ്കാജനകം തന്നെയാണ്. ഏത് മതേതര വേദിയാണെങ്കിലും അവിടെയൊന്നും മതത്തെ കൈവിടാതെ സൂക്ഷിക്കാന്‍ ശ്രദ്ധിച്ച പാണക്കാട്ടെ മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അനന്തരാവകാശികളില്‍ നിന്ന് സമുദായം പ്രതീക്ഷിക്കുന്ന സൂക്ഷ്മതയുള്ള ന്യൂനപക്ഷ രാഷ്ട്രീയം ഇതല്ല തന്നെ. “നിങ്ങള്‍ക്കൊരിക്കലും നിങ്ങളുടെ സ്വന്തം ശത്രുവിനേക്കാള്‍ മികച്ചവരാകാന്‍ കഴിയില്ല” എന്നൊരു ചൊല്ലുണ്ട്. സൂര്യനമസ്‌കാരത്തിലെ ആത്മീയതയും രാംദേവിന്റെ മോദിരാഷ്ട്രീയവും സോമയാഗത്തിലെ ശാസ്ത്രീയതയും ആത്മസംസ്‌കരണപാഠവും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട പൈതൃകങ്ങളാകുമ്പോള്‍ തോറ്റുപോകുന്നത് വിശ്വാസത്തിന്റെ കാതലും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആര്‍ജവമുള്ള പൈതൃകങ്ങളുമാണ്. ആ പൈതൃകങ്ങളെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ദുര്‍ബലപ്പെട്ടുവരികയാണ് എന്നതാണ് സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന നല്‍കുന്ന സൂചന.
പിന്‍കുറി: ബന്ധപ്പെട്ട കക്ഷികള്‍ കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കരല്ലാത്തത് കൊണ്ട് ചേളാരി അംശം ദേശക്കാര്‍ക്ക് ഈ വിഷയങ്ങളിലൊന്നും താത്പര്യം കാണില്ല. സ്വന്തം ഗവേഷകരുടെ സേവനങ്ങള്‍ ഇപ്പോള്‍ ഇസ്‌റാഈല്‍, ചെച്‌നിയ തുടങ്ങിയ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ അവരിപ്പോഴും നരേന്ദ്ര മോദി, ബാബാ രാംദേവ്, സോമയാഗം, സ്വാദിഖലി ശ്രേണീ ബന്ധത്തെക്കുറിച്ചു പഠിക്കാനിരിക്കുന്നേയുള്ളൂ. അതുകൊണ്ടു തന്നെ പത്രസമ്മേളനവും സി ബി ഐ അന്വേഷണവും മാര്‍ച്ചും ഒന്നും ഉണ്ടായിരിക്കുന്നതുമല്ല. പിന്നെ, വെള്ളിമാടുകുന്നുകാര്‍, കേരള മുസ്‌ലിം ചരിത്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്തു എന്നത് വലിയ ഒരു മുന്‍കൂര്‍ ജാമ്യമായാണ് “ദൈവീക ഭരണം” കണക്കാക്കുന്നത്. മാത്രമല്ല, സോമയാഗത്തിനെത്തിയ രാംദേവിനെ മാത്രമേ നാം കാണാവൂ എന്നത് മഹാരാജാവ് തന്നെ നേരിട്ട് നല്‍കിയ നിര്‍ദേശമാണ്. അതുകൊണ്ട് തന്നെ, മുഹമ്മദലി ശിഹാബ് തങ്ങള്‍ വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ കഴിയുന്നതിനും മുന്‍പ് അദ്ദേഹത്തിന്റെ മതേതര നിലപാടുകളുടെ സവര്‍ണ ഹൈന്ദവ ഭാവവും അന്വേഷിച്ചിറങ്ങാന്‍ ധൃതി കാണിച്ചവര്‍ക്ക് സ്വാദിഖലിയുടെ നിലപാടിന്റെ മത ഭാവം എന്തെന്ന് അറിയാന്‍ വലിയ താത്പര്യം കാണില്ല. അല്ലെങ്കിലും മതമല്ല, മതേതരത്വമാണല്ലോ ചേന്ദമംഗല്ലൂരുകാരുടെ പേടിസ്വപ്‌നം.

---- facebook comment plugin here -----

Latest