Connect with us

Kerala

ടി പി വധം: ഗൂഢാലോചനക്കേസ് സി ബി ഐക്ക് വിട്ടു

Published

|

Last Updated

തിരുവനനന്ദപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിട്ടു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തീരുമാനം അറിയിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് കേസ് സി ബി ഐക്ക് വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതു സ‌ംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.

ടി പി ചന്ദ്രേശഖരന്റെ വധത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികളെ സി പി എം സഹായിച്ചതായി സംശയിക്കാം. സി പി എം നേതാക്കളുടെ ഭീഷണി ഉന്നത ബന്ധത്തിന്റെ സൂചനയാണ്. ജയിലുനുള്ളിലെ പ്രതികളുടെ ഫോണ്‍ വിളികള്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. പ്രതികളുടെ കാള്‍ ലിസ്റ്റുകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി ഫായിസിന് മോഹനനുമായും കൊലയാളി സംഘവുമായും ബന്ധമുണ്ട്.ഫായിസില്‍ നിന്ന് പ്രതികള്‍ സാമ്പത്തിക സഹായം സ്വീകരിച്ചതായും സൂചനയുണ്ട്.

നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് കേസ് സി ബി ഐക്ക് വിടുന്നത്. കേസിന്റെ അന്വേഷണം കേരളത്തില്‍ നില്‍ക്കുന്നതല്ല. ഇതിനാല്‍ സിബിഐ അന്വേഷിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് അന്വേഷണം സി ബി ഐയ്ക്ക് വിടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഫായിസിന്റെ ജയില്‍ സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് ഫായിസില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് കരുതുന്നത്. ഇത് അന്വേഷിക്കേണ്ടതുണ്ട്. ഫായിസും പ്രതികളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

ടിപി വധത്തിന്റെ ഗൂഡാലോചന കേസ് അന്വേഷണം സിബിഐക്കു വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ടിപിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ. രമ പറഞ്ഞു. സിബിഐ അന്വേഷണത്തിലൂടെ ഉന്നതതലത്തിലുള്ള ഗൂഢാലോചന പുറത്തുവരുമെന്നും രമ വ്യക്തമാക്കി.

Latest