Malappuram
ഇലക്‌ട്രോണിക്‌സ് ഉടമ ഒന്നരക്കോടി രൂപയുമായി മുങ്ങിയതായി പരാതി
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇലക്ടോണിക്‌സ് ഉത്പ്പന്ന വിതരണ സ്ഥാപനത്തിന്റെ വിപുലീകരണത്തിനും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനുമായി 50ഓളം പേരില്‍നിന്ന് ഒന്നരക്കോടി രൂപ നിക്ഷേപം സ്വീകരിച്ച് ഉടമ കിഴിശ്ശേരി മേമാടന്‍ അബ്ദുല്‍ മജീദ് എന്നയാള്‍ കടന്നുകളഞ്ഞതായി നിക്ഷേപകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ഒരുലക്ഷത്തിന് മാസം തോറും 3000 രൂപ ലാഭവിഹിതം നല്‍കാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഇയാളുടെ പിതാവിന്റെ ഉറപ്പിലാണ് മിക്കവരും പണം നല്‍കിയത്. തെളിവിനായി മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതി ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. ലാഭവിഹിതം ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനായി മജീദ് മുംബൈയില്‍ പോയതാണെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മജീദുമായി യാതൊരു ബന്ധവുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ കോഴിക്കോട്ട് ഉണ്ടായിരുന്ന സ്ഥാപനം മജീദ് മറ്റൊരാള്‍ക്ക് വിറ്റു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും യാതൊരും നടപടിയുണ്ടായില്ല.
നിക്ഷേപകരുടെ പണം ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് മജീദും ബന്ധുക്കളും വിവിധ ഇടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ട്. പ്രവാസികള്‍ അടക്കമുള്ളവരില്‍ നിന്ന് ഒരുലക്ഷം രൂപ മുതലാണ് നിക്ഷേപം സ്വീകരിച്ചത്. മജീദിനെതിരെ നടപടി സ്വീകരിച്ച് നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം മജീദിന്റെയും ബന്ധുക്കളുടെയും വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ്ണയും നിരാഹാര സത്യാഗ്രഹവും നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ കെ പി അബ്ദുല്‍ ലത്തീഫ്, കെ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ കരീം, ഉമ്മര്‍ മുസ്‌ലിയാര്‍, സി ഹസ്സന്‍ഹാജി പങ്കെടുത്തു.