Kasargod
മുഹിമ്മാത്തില്‍ താജുല്‍ ഉലമ അനുസ്മരണവും കാന്തപുരത്തിന് ആദരവും 24ന്
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അരനൂറ്റാണ്ടിലേറെക്കാലം അജയ്യ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ അനുസ്മരണവും കര്‍മരംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആദരവും ഈമാസം 24ന് മുഹിമ്മാത്തില്‍ നടക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അനുസ്മരണ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് മുഹിമ്മാത്ത് നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. 23ന് രാവിലെ എട്ടിക്കുളത്ത് താജുല്‍ ഉലമ മഖാമില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ കൂട്ട സിയാറത്ത് നടക്കും. 24ന് ഉച്ചക്ക് രണ്ട് മണിക്ക് തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തിന് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. മാലിക്ദീനാറില്‍നിന്നും മുഹിമ്മാത്തിലേക്ക് കാന്തപുരത്തെയും മറ്റു സാരഥികളെയും സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം 3.30ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്ത് നടക്കും. വൈകിട്ട് 4ന് അനുസ്മരണ സമ്മേളനം സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ നടത്തും.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആദരവ് സമര്‍പ്പിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത ഉപാധ്യക്ഷന്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അനുമോദന പ്രഭാഷണം നടത്തും. സമാപന ദിക്ര്‍ ദുആ മജ്‌ലിസിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
1963 ഡിസംബര്‍ 31ന് ബാഖ്വിയാത്തില്‍നിന്നും ഉന്നത മതപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ 50 വര്‍ഷമായി മതാധ്യാപനമേഖലയിലും ജീവകാരുണ്യമേഖലയിലും രാജ്യത്തിനുതന്നെ മാതൃകയായി സേവനം ചെയ്തുവരികയാണ്.
74ല്‍ സമസ്തയുടെയും എസ് വൈ എസിന്റെയും നേതൃരംഗത്തേക്ക് വന്ന അദ്ദേഹം പ്രസ്ഥാനവളര്‍ച്ചയില്‍ ഗണ്യമായ സേവനങ്ങളാണര്‍ പ്പിച്ചത്. 1978ല്‍ മര്‍കസ് സ്ഥാപിക്കുകയും ലോകത്തിനുതന്നെ വിസ്മയമായി വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
രാജ്യത്തുടനീളം 2000 ലേറെ പള്ളികള്‍ സ്ഥാപിക്കുകയും ആയിരക്കണക്കിനു സ്‌കൂള്‍ക്കും മദ്‌റസകള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയുമാണ്.