National
തെലങ്കാന: ദുര്‍ഘട തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടെന്നതിന് തെളിവ്- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലക്ക് ഡോ. മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റിനെ അവസാനമായി അഭിസംബോധന ചെയ്തു. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ച പതിനഞ്ചാം ലോക്‌സഭാ സമ്മേളനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. ദുര്‍ഘട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ രാജ്യത്തിന് പ്രാപ്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് തെലങ്കാന ബില്‍ പാസ്സാക്കിയത് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ആദ്യ ദിനം മുതല്‍ കഴിഞ്ഞ ദിവസം വരെ സഭയില്‍ അരങ്ങേറിയ പ്രക്ഷുബ്ധാവസ്ഥക്കും ബഹളം വെക്കലിനും സ്തംഭനത്തിനും പകരം, പരിപൂര്‍ണ അച്ചടക്കവും സൗഹൃദാന്തരീക്ഷവുമാണ് ഇന്നലെ പ്രകടമായത്. പ്രധാനമന്ത്രിക്ക് പുറമെ, കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരും പ്രസംഗിച്ചു. സോണിയാ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും സുഷമാ സ്വരാജ് അഭിനന്ദിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സോണിയ വരുന്നതിനെ അനുകൂലിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. അതേസമയം, എല്‍ കെ അഡ്വാനി ഈറനണിഞ്ഞാണ് കാണപ്പെട്ടത്.
രാജ്യത്തെ പുതിയ വഴികളിലേക്ക് നയിക്കാന്‍ പുതിയ സമന്വയ ബോധം രൂപം കൊള്ളുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍ക്കാറിന്റെ പ്രകടനവും ദൗര്‍ബല്യവും നേട്ടങ്ങളും വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണെന്ന് മന്‍മോഹന്‍ പറഞ്ഞു. പത്ത് വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി സ്ഥാനത്തുള്ള മന്‍മോഹന്‍, മൂന്നാം പ്രാവശ്യത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രധാന ലക്ഷ്യമായിരുന്ന ആറ് അഴിമതിവിരുദ്ധ ബില്ലുകളില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. “രാഷ്ട്രപതിയുടെ കാഴ്ചപ്പാട് എന്താണെന്ന് അറിയില്ലെങ്കിലും അക്കാര്യം ചര്‍ച്ച ചെയ്യും. അഴിമതിവിരുദ്ധ നിയമനിര്‍മാണം രാജ്യം ആവശ്യപ്പെടുന്നുണ്ട്. എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും പാര്‍ലിമെന്റ് സമ്മേളനം ദീര്‍ഘിപ്പിക്കാന്‍ പ്രതിപക്ഷം സമ്മതിച്ചിട്ടില്ല-” പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍ നാഥ് പറഞ്ഞു.