National
ബഹളങ്ങള്‍ക്ക് വിട; പാര്‍ലിമെന്റ് പിരിഞ്ഞു
ന്യൂഡല്‍ഹി: ബഹളത്തില്‍ തുടങ്ങി കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ വരെ എത്തിയ “അനിഷ്ട സംഭവങ്ങള്‍ക്ക്” എല്ലാം വിടനല്‍കി രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന ലോക്‌സഭാ സമ്മേളനം പിരിഞ്ഞു. പാര്‍ട്ടികളായ പാര്‍ട്ടികളെല്ലാം ഇനി തിരഞ്ഞെടുപ്പിന്റെ തിരക്കിലമരും. കോണ്‍ഗ്രസ് അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്ന അഴിമതി വിരുദ്ധ നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമ്മേളനം നീട്ടണമെന്ന ആവശ്യം പ്രതിപക്ഷം തള്ളിയതോടെയാണ് സമ്മേളനം അവസാനിച്ചത്. തെലുങ്കാനയെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സഭ പിരിയാന്‍ നേരം മാത്രമാണ് ശാന്തമായ അന്തരീക്ഷമുണ്ടായത്.
സമ്മേളനത്തില്‍ പാസ്സാക്കാന്‍ കഴിയാതിരുന്ന അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ പാസ്സാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജഡ്ജിമാരുടെ സംശുദ്ധി ഉറപ്പാക്കുന്നതിനുള്ള ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി, അഴിമതിനിരോധന നിയമഭേദഗതി, പൗരാവകാശരേഖ, സമയബന്ധിത സേവന, പൊതുസംഭരണ നിയന്ത്രണ ബില്ലുകളാണു പാസാക്കേണ്ടിയിരുന്നത്. ഇതില്‍ ലോക്‌സഭ നേരത്തേ പാസാക്കിയിരുന്ന വിസില്‍ ബ്ലോവര്‍ മാത്രമാണു രാജ്യസഭയില്‍ കൂടി പാസ്സാക്കാനായത്.
തെലുങ്കാന സംസ്ഥാന രൂപവത്കരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്കാണ് ഇത്തവണ പാര്‍ലിമെന്റ് സാക്ഷ്യം വഹിച്ചത്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ബജറ്റ് അവതരണവും ചര്‍ച്ചയുമെല്ലാം പ്രഹസനമായി മാറി. തെലങ്കാന അനുകൂലികളും വിരോധികളും തമ്മിലുണ്ടായ കയ്യാങ്കളിക്കും മുളകു സ്‌പ്രേ പ്രയോഗത്തിനും ശേഷം 16 അംഗങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയ ശേഷമാണു തെലങ്കാന ബില്‍ പാസാക്കിയത്.