Connect with us

National

ഒമ്പത് എം എല്‍ എമാരെ തിരിച്ചുപിടിച്ച് ലാലുവിന്റെ ശക്തിപ്രകടനം

Published

|

Last Updated

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ രാഷ്ട്രീയ ജനതാദളില്‍ (ആര്‍ ജെ ഡി) ഉണ്ടായ പിളര്‍പ്പിന്റെ കാഠിന്യം കുറക്കാന്‍ ലാലുപ്രസാദ് യാദവിന്റെ തീവ്ര ശ്രമം. പാര്‍ട്ടി വിട്ട് പുറത്തു പോയ ഏഴ് അംഗങ്ങളില്‍ മൂന്ന് പേര്‍ ഇന്നലെ ആര്‍ ജെ ഡിയില്‍ തിരിച്ചെത്തി. ആര്‍ ജെ ഡി വിട്ട് ജനതാദള്‍ യുനൈറ്റഡിന് പിന്തുണ നല്‍കിയ പതിമൂന്ന് നിയമസഭാംഗങ്ങളില്‍ ആറ് പേര്‍ തിങ്കാളാഴ്ച വൈകീട്ടോടെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേര്‍ കൂടി ഇന്നലെ തിരിച്ചെത്തിയത്. അതേസമയം, ആര്‍ ജെ ഡിക്ക് കാര്യമായ ക്ഷീണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പുറത്തുപോയ പതിമൂന്ന് പേരില്‍ ഒമ്പത് എം എല്‍ എമാരുമായി ലാലുപ്രസാദ് യാദവ് വിധാന്‍ സഭയിലേക്കും പിന്നീട് രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തി. ലാലുവിന്റെ വസതിയില്‍ നിന്നായിരുന്നു മാര്‍ച്ചിന്റെ തുടക്കം.
വിധാന്‍ സഭയിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം പാര്‍ട്ടി വിട്ട ഒമ്പത് എം എല്‍ എമാര്‍ ഒപ്പ് വെച്ച രണ്ട് കത്തുകള്‍ വിധാന്‍ സഭാ സെക്രട്ടറിക്ക് കൈമാറി. ആര്‍ ജെ ഡിയില്‍ തന്നെ നില്‍ക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്താണ് നല്‍കിയിട്ടുള്ളത്. പതിമൂന്ന് എം എല്‍ എമാരെ വിധാന്‍ സഭയില്‍ പ്രത്യേക വിഭാഗമാക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, ആര്‍ ജെ ഡി ചീഫ് വിപ്പ് ആയിരുന്ന സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള നാല് എം എല്‍ എമാര്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തില്ല. ഒമ്പത് വിമത എം എല്‍ എമാര്‍ ഉള്‍പ്പെടെ പതിനാറ് പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ജെ ഡി യുവില്‍ ലയിക്കാന്‍ അനുവദിക്കണമെന്നും അതുവരെ വിധാന്‍ സഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിമത എം എല്‍ എമാര്‍ സഭാ സെക്രട്ടറിക്ക് നല്‍കിയ കത്തിന് സ്പീക്കര്‍ തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. ബി ജെ പിയുമായി വേര്‍പിരിഞ്ഞ ശേഷം ആര്‍ ജെ ഡിയെ പിളര്‍ത്താനാണ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ശ്രമിക്കുന്നതെന്ന് ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി.

Latest