Connect with us

Gulf

എം എ യൂസുഫലി ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി

Published

|

Last Updated

ദുബായ്: ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി. ബീജിങ് കേന്ദ്രമായുള്ള “ഹുറൂണ്‍ റിച്ച് ലിസ്റ്റ്” ആഗോളാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് യൂസുഫലിയെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുക്കപ്പെട്ടത്. മറ്റ് നാലുമലയാളികളും ഇടംപിടിച്ചിട്ടുണ്ട്.

12,400 കോടി ഇന്ത്യന്‍ രൂപയാണ് യൂസുഫലിയുടെ ആസ്തി. ഇന്ത്യയിലെ ശത കോടീശ്വരന്മാരില്‍ അദ്ദേഹം 38ാം സ്ഥാനത്താണ്. ആഗോളതലത്തില്‍ 954ാം സ്ഥാനം. 9,900 കോടി രൂപയുടെ ആസ്തിയുള്ള ഗള്‍ഫ് വ്യവസായി രവിപിള്ള, 9,300 കോടിയുടെ ആസ്തിയുള്ള യു.എ.ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്പ്), 8700 കോടിയുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, കല്യാണ്‍ ജുവല്ലറിയുടമ ടി.എസ്. കല്യാണരാമന്‍ (8,100 കോടി) എന്നിവരാണ് പട്ടികില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

ബില്‍ഗേറ്റ്‌സാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍. 68 ബില്ല്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ മുകേഷ് അംബാനി. കഴിഞ്ഞവര്‍ഷം 414 ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 1, 867 പേരാണ് പട്ടികയിലുള്ളത്. ഇന്ത്യയിലെ 89 ശതകോടീശ്വരന്മാര്‍ കൈവശംവെക്കുന്ന മൊത്തം ആസ്തി 17,33,440 കോടി രൂപയാണ്.