Kerala
എസ് ബി ഐക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ വാങ്ങിയവര്‍ വഞ്ചിക്കപ്പെട്ടു
മലപ്പുറം: സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ ബേങ്ക് അധികൃതര്‍ വഞ്ചിച്ചതായി ആക്ഷേപം. ബേങ്കിന്റെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കുന്നതിന് ടാറ്റാ ഇന്‍ഡിക്ക 2013 മോഡല്‍ കാറിനാണ് കരാര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അപേക്ഷ ക്ഷണിച്ചത്. ലീസ് അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടിരുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ 6,000 ബ്രാഞ്ചുകളിലേക്കായി സ്വയംതൊഴില്‍ വായ്പയെടുത്ത് കാറുകള്‍ വാങ്ങി കരാറില്‍ ഒപ്പിട്ട് വാഹനമോടിക്കാന്‍ തുടങ്ങുകയും ചെയ്തു.
ബേങ്ക് ചെയര്‍മാന്റെ ഉത്തരവോടെ ഇറക്കിയ പരസ്യത്തില്‍ ഒരു വാഹന നിര്‍മാണ കമ്പനിയുടെ ഒരു പ്രത്യേക മോഡല്‍ വാഹനം മാത്രം ഉളളവര്‍ അപേക്ഷിച്ചാല്‍ മതിയെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ടാറ്റാ ഇഡിക്കാ വി 2 (വൈറ്റ് കളര്‍) 2013 മോഡല്‍ എന്നായിരുന്നു നിബന്ധന. ഇതനുസരിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ എസ് ബി ഐ യില്‍ വിശ്വാസം അര്‍പ്പിച്ച് ടാക്‌സി ഉടമകള്‍ അപേക്ഷ നല്‍കിയത്. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ ഓടിച്ചിരുന്നവര്‍ ഇവ വില്‍പ്പന നടത്തിയാണ് പുതിയ ടാറ്റാ ഇഡിക്ക കാര്‍ വാങ്ങിച്ചത്. ദിവസേന പത്ത് മണിക്കൂര്‍ സര്‍വീസിന് പ്രതിമാസം 22,000 രൂപയായിരുന്നു ഉടമ്പടി. എന്നാല്‍ അപേക്ഷ നല്‍കി പരിഗണിച്ചവര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബേങ്ക് ഉടമ്പടിയില്‍ മാറ്റം വരുത്തി. മാസ തുക 17,000 രൂപയായി കുറക്കുകയും ചെയ്തു. പ്രദീപ് ചൗധരി എസ് ബി ഐ ചെയര്‍മാനായിരുന്നപ്പോഴാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ഇതിന് ശേഷം നിയമിതനായ അരുന്ധതി റായ് എല്ലാ വാഹനങ്ങളുടെയും കരാര്‍ റദ്ദാക്കുകയായിരുന്നു.
13.6 ശതമാനം പലിശ നിരക്കിലാണ് കാറുകള്‍ വാങ്ങിയിരുന്നത്. കരാര്‍ റദ്ദാക്കിയതോടെ ബേങ്ക് വായ്പയെടുത്ത് കാര്‍ വാങ്ങിയവര്‍ പണം തിരിച്ചടക്കാനാതെ ബുദ്ധിമുട്ടിയിരിക്കുകയാണ്. അഖിലേന്ത്യാതലത്തില്‍ ടാറ്റാ കമ്പനിയും എസ് ബി ഐ ചെയര്‍മാനും നടത്തിയ തട്ടിപ്പാണിതെന്ന് എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (എ ഐ ടി യു സി) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.
സംഘടനയുടെ മലബാര്‍ ഏരിയാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 11ന് കോഴിക്കോട് ചേരുമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യനും, സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കെ സുന്ദരനും അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ എസ് ബി ഐ മലബാര്‍ സോണ്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധസമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.