Connect with us

Kerala

രണ്ട് മാസത്തിനുള്ളില്‍ വേഗപരിധി ലംഘനം പകുതിയായി

Published

|

Last Updated

തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കേരള പോലീസ് ഹൈവേകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ സംവിധാനം ഫലപ്രദമെന്ന് കണക്കുകള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്യപ്പെട്ട സംവിധാനം നിലവില്‍ വന്ന് രണ്ട് മാസത്തിനുള്ളില്‍ വേഗപരിധി ലംഘനങ്ങളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാമറ സംവിധാനം വഴി കണ്ടെത്തിയ കണക്കുകള്‍ പ്രകാരം 2014 ജനുവരി മാസത്തില്‍ ഹൈവേകളില്‍ 1,23,118 വേഗപരിധി ലംഘനങ്ങള്‍ ഉണ്ടായപ്പോള്‍ ഫെബ്രുവരി മാസം 24 വരെയുള്ള കണക്കുപ്രകാരം ഇത് 62524 ആയി കുറഞ്ഞു. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കേ നിയമലംഘനങ്ങള്‍ ഏതാണ്ട് 50 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള അറിയിപ്പുകള്‍ നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതം നല്‍കുന്നത് വേഗപരിധിലംഘനം കുറക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഹൈവേകളിലെ വാഹനാപകടങ്ങളില്‍ വലിയൊരു പങ്കും അമിതവേഗവും അശ്രദ്ധയും കൊണ്ടാണ് ഉണ്ടാകുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് കേരള പോലീസ് പദ്ധതി നടപ്പിലാക്കിയത്. കോവളം-കൊല്ലം, ശക്തികുളങ്ങര-അമ്പലപ്പുഴ, വെഞ്ഞാറമൂട്-ചെങ്ങന്നൂര്‍, ആലപ്പുഴ-ചങ്ങനാശേരി, തൃശൂര്‍-കുറ്റിപ്പുറം, പാലക്കാട്-മലപ്പുറം എന്നീ ആറ് സ്‌ട്രെച്ചുകളിലാണ് 100 നിരീക്ഷണ ക്യാമറകള്‍ വിന്യസിച്ചിട്ടുള്ളത്. ഈ ക്യാമറകള്‍ അമിതവേഗത്തിലും അപകടകരമായ വിധത്തിലും നിരത്തുകളിലോടുന്ന വാഹനങ്ങളെ നിരീക്ഷിച്ച് അവ സംബന്ധിച്ച വിവരം തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. അവ പരിശോധിച്ച് വാഹന ഉടമയെ കണ്ടെത്തി പിഴ ഈടാക്കും. പിഴ സംബന്ധിച്ച് തപാല്‍ വഴി എത്തുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തിലുള്ള തുക ജില്ലകളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ടോ നെറ്റ് ബേങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചോ അടക്കാം.
മുന്നൂറ് രൂപയാണ് പിഴയായി ഈടാക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഈ തുക അടക്കണം. അതില്‍ വീഴ്ചവരുത്തിയാല്‍ 100 രൂപ അധിക പിഴയും ചേര്‍ത്ത് 400 രൂപ അടുത്ത 10 ദിവസത്തിനുള്ളില്‍ അടക്കാം. അതിലും വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ഐ പി സി സെക്ഷന്‍ 279 പ്രകാരം അശ്രദ്ധമായും സാഹസികമായും അപകടകരമായും വാഹനം ഓടിക്കുന്ന കുറ്റത്തിന് ആറ് മാസം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ പിഴ ഒടുക്കാത്തവര്‍ക്കെതിരെ തുടര്‍ന്ന് നിയമനടപടികളെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

സംസ്ഥാനത്തെ ഹൈവേകളിലെ വേഗപരിധി നിയമലംഘനങ്ങളില്‍ വന്ന കുറവ് അപകട നിരക്കുകള്‍ കുറക്കുന്നതില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്‌ട്രെച്ചുകളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുമെന്നും പോലീസ് മേധാവി പറഞ്ഞു.

Latest