Kerala
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: രാജി ഭീഷണിയുമായി കേരള കോണ്‍ഗ്രസ്
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിലപാട് കര്‍ശനമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സര്‍ക്കാറിന് മേല്‍ സമ്മര്‍ദം കടുപ്പിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് നവംബര്‍ പതിമൂന്നിലെ വിജ്ഞാപനം റദ്ദാക്കുകയോ പുതിയ വിജ്ഞാപനം ഇറക്കുകയോ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് പാര്‍ട്ടി മുന്നറിയിപ്പ്. ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുമെന്ന പി സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയതിന് പിന്നാലെ എം എല്‍ എമാരില്‍ ചിലരും രാജിവെക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ, രാജി പ്രഖ്യാപനം നടത്തുന്നതിനോട് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി വിയോജിച്ചു. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ പറയേണ്ടത് ചെയര്‍മാനാണെന്നായിരുന്നു മാണിയുടെ പ്രതികരണം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ മന്ത്രി കെ എം മാണി ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ജനറല്‍ സെക്രട്ടറി ആന്റണി രാജുവാണ്. വിജ്ഞാപനം പൂര്‍ണമായി പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി രാജിവെക്കുമെന്ന് നേരത്തെ പി സി ജോര്‍ജും വ്യക്തമാക്കിയിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ഭാഗികമായി മാത്രമാണ് അംഗീകരിച്ചതെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് കേരളാ കോണ്‍ഗ്രസ് സ്വരം കടുപ്പിച്ചത്.
തിരഞ്ഞെടുപ്പിന് മുമ്പ് ഇതില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരും മന്ത്രിമാരും രാജിവെക്കുമെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി അല്ലാതെയാകുമെന്നും ആന്റണി രാജു വ്യക്തമാക്കി. പരിസ്ഥിതിലോല മേഖലകളില്‍ നിയന്ത്രണം തുടരുക തന്നെ ചെയ്യുമെന്നാണ് മന്ത്രി വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. എന്നാല്‍, റിപ്പോര്‍ട്ടിലെ നടത്തിപ്പ് കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും പ്രശ്‌നപരിഹാരത്തിനായുള്ള ഒരു മാനദണ്ഡവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും മൊയ്‌ലി വ്യക്തമാക്കിയിരുന്നു. പരിസ്ഥിതിലോല മേഖലകള്‍ തിരഞ്ഞെടുത്തതിലുള്ള പിഴവുകള്‍ നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരം നല്‍കുമെന്നും മൊയ്‌ലി അറിയിച്ചിട്ടുണ്ട്.