International
സൗരയൂഥത്തിന് പുറത്ത് 715 പുതിയ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു
വാഷിംഗ്ടണ്‍: സൗരയൂഥത്തിന് പുറത്ത് 715 പുതിയ ഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. 2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലിസ്‌കോപ്പ് നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രഹസാന്നിധ്യം സ്ഥിരീകരിക്കുന്നത്. 305 നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നവയാണ് ഈ 715 ഗ്രഹങ്ങള്‍.
പുതുതായി തിരിച്ചറിഞ്ഞ ഗ്രഹങ്ങളില്‍ 95 ശതമാനവും നെപ്ട്യൂണിനേക്കാള്‍ വലിപ്പം കുറഞ്ഞവയാണെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയേക്കാള്‍ നാല് മടങ്ങ് വലിപ്പമുള്ളവയാണ് ഏറെയും. അവയില്‍ നാലെണ്ണം ഭൂമിയെ അപേക്ഷിച്ച് രണ്ടര മടങ്ങ് മാത്രം വലിപ്പമുള്ളവയാണ്.
മാതൃ നക്ഷത്രത്തിനടുത്ത് വെള്ളം ദ്രാവക രൂപത്തില്‍ കാണപ്പെടാന്‍ ഇടയുള്ള ആവാസ മേഖലയിലാണ് (ഹാബിറ്റബിള്‍ സോണ്‍) ഈ നാലു ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നതെന്നും നാസാ ഗവേഷകര്‍ അവകാശപ്പെടുന്നു.
സൗരയൂഥത്തിന് പുറത്ത് വിദൂരനക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റ്‌സ്) കണ്ടെത്തുന്നതിനായി 2009ലാണ് കെപ്ലര്‍ ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. 600 മില്യണ്‍ ഡോളറായിരുന്നു ചെലവ്. ഇതിനുമുമ്പ് സൗരയൂഥത്തിന് വെളിയില്‍ 246 ഗ്രഹങ്ങളെ കെപ്ലറിന്റെ നിരീക്ഷണം വഴി തിരിച്ചറിഞ്ഞിരുന്നു.
പുതിയ കണ്ടെത്തലോടെ കെപ്ലര്‍ വഴി തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ ആകെയെണ്ണം 961 ആയി. കഴിഞ്ഞ വര്‍ഷം കെപ്ലറിന്റെ പ്രധാന ഭാഗങ്ങള്‍ തകരാറിലായിരുന്നു. മാതൃ നക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്ന് പോകുമ്പോള്‍ വെളിച്ചത്തിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കി ഗ്രഹ സാന്നിധ്യം അറിയുകയെന്ന സംവിധാനമാണ് കെപ്ലര്‍ ഉപയോഗിച്ചത്.
“ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ഇത്രയും പുതിയ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി ഒറ്റയടിക്ക് പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്” – നാസയിലെ ഗവേഷകന്‍ ഡഗ്ലസ് ഹഡ്ഗിന്‍സ് പറഞ്ഞു. സൗരയൂഥത്തിലെപ്പോലെ മാതൃനക്ഷത്രത്തെ ഒന്നിലധികം ഗ്രഹങ്ങള്‍ വലംവെക്കുന്നത് ആകാശഗംഗയില്‍ അപൂര്‍വമല്ലെന്ന് പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഗ്രഹങ്ങളുടെ സാന്നിധ്യം പ്രഖ്യാപിച്ചെങ്കിലും പൂര്‍ണമായ സ്ഥിരീകരണത്തിന് ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പ്രകാശ വ്യതിയാനങ്ങള്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഇത്തരം പിഴവുകളില്ലെന്ന് ഉറപ്പ് വരുത്താനായി കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. സൗരയൂഥ അയല്‍ക്കാരായ ഗ്രഹങ്ങളെ കണ്ടെത്താന്‍ നാസ ഗവേഷണം തുടരുകയാണ്. ഗ്രഹങ്ങള്‍ മാതൃ നക്ഷത്രത്തില്‍ നിന്ന് പാലിക്കുന്ന അകലം ഭൂമിയുടേതിനും സൂര്യനും സമാനമാണ്.