Malappuram
താജുല്‍ ഉലമയുടെ ധന്യ സ്മരണയില്‍ മുഴുകി സ്വലാത്ത് നഗര്‍
മലപ്പുറം: ഒരു ദിനം മുഴുവന്‍ താജുല്‍ ഉലമയെ അനുസ്മരിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും പതിനായിരങ്ങള്‍ സ്വലാത്ത് നഗറില്‍ ഒത്തുകൂടി. രാവിലെ മുതല്‍ അര്‍ധ രാത്രി വരെ നീണ്ടു നിന്ന സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം, തഹ്‌ലീല്‍, പ്രാര്‍ഥന, അന്നദാനം തുടങ്ങി ഒട്ടേറെ പരിപാടികളാണ് താജുല്‍ ഉലമയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടത്.
താജുല്‍ ഉലമ മഅ്ദിന്‍ അക്കാദമിക്കും ചെയര്‍മാന്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ക്കും എന്നും താങ്ങും തണലുമായിരുന്നു. സ്ഥാപനത്തിന്റെ രക്ഷാധികാരിയും റമളാനിലെ ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ നായകനുമായിരുന്നു താജുല്‍ ഉലമ.
താന്‍ പിതൃ തുല്യനായി സ്‌നേഹിച്ച വന്ദ്യ ഗുരു താജുല്‍ ഉലമ സ്വലാത്ത് നഗറില്‍ പ്രാര്‍ഥന സമ്മേളനത്തിനെത്തിയ ഓര്‍മകള്‍ ഖലീലുല്‍ ബുഖാരി അനുസ്മരിച്ചു. സമസ്ത കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.
താജുല്‍ ഉലമയുടെ വേര്‍പാടിന് ശേഷം മഅ്ദിന്‍ അക്കാദമി പ്രഖ്യാപിച്ച പത്ത് കോടി ഇഖ്‌ലാസ്, ഏഴ് കോടി തഹ്‌ലീല്‍, ആയിരം ഖത്മുല്‍ ഖുര്‍ആന്‍ എന്നിവ വളരെ താല്‍പര്യപൂര്‍വമായിരുന്നു സമൂഹം ഏറ്റെടുത്തത്.
മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സ്റ്റാഫംഗങ്ങള്‍ കുടുംബാംഗങ്ങള്‍, സ്വലാത്ത് മജ്‌ലിസ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, വനിതാ ക്ലാസ് സ്ഥിരാംഗങ്ങള്‍, പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ ഇതില്‍ പങ്ക് ചേര്‍ന്നു. സൂറത്തുല്‍ ഇഖ്‌ലാസ് 15 കോടിയും തഹ്‌ലീല്‍ 20 കോടിയും ഖത്മുല്‍ ഖുര്‍ആന്‍ പതിനായിരവും കവിഞ്ഞത് അപൂര്‍വ സൗഭാഗ്യമാണ്.
താജുല്‍ ഉലമയുടെ പാദ സ്പര്‍ശനം കൊണ്ടനുഗ്രഹീതമായ സ്വലാത്ത് നഗറില്‍ അവിടുത്തെ നാമധേയത്തില്‍ ഒരു സ്മാരക സൗധം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രഖ്യാപിച്ചത് ആയിരങ്ങള്‍ തക്ബീര്‍ ധ്വനികളോടെയായിരുന്നു സ്വീകരിച്ചത്.