National
ഗുജറാത്ത് ഇരകളുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍വീസില്‍ അഞ്ച് വര്‍ഷത്തെ വയസ്സിളവ്
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഇരകളായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍വീസില്‍ അഞ്ച് വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയിലേയും സി ഐ എസ് എഫിലേയും വിവിധ പോസ്റ്റുകളിലേക്കാണ് ഇപ്പോള്‍ വയസ്സിളവ് അനുവദിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലിക്ക് വയസ്സിളവ് ലഭിക്കുന്നത്.
ഇന്റലിജന്‍സ് ബ്യറോ നിലവില്‍ 514 പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെക്യൂരിറ്റി അസിസ്റ്റന്റ് (എക്‌സിക്യുട്ടീവ്), ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് സി (നോണ്‍ ഗസറ്റഡ് / നോണ്‍ മിനിസ്റ്റീരിയല്‍) എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ മാസം 17 ആയിരുന്നു ഈ പോസ്റ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷാ ഫോറത്തില്‍ താങ്കള്‍ ഗുജറാത്ത് കലാപത്തിന്റെ ഇരയാണോ എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരുന്നു.
സി ഐ എസ് എഫ് 123 കോണ്‍സ്റ്റബികള്‍ തസ്തികകളിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. ഫെബ്രവരി എട്ടായിരുന്നു ഇതിന് അപേക്ഷിക്കേണ്ടിയിരുന്ന അവസാന തീയതി.
ഗുജറാത്ത് കലാപത്തില്‍ മരിച്ചയാളുടെ മക്കള്‍ അല്ലെങ്കില്‍ ദത്ത് പുത്രന്‍, ഭാര്യ/ഭര്‍ത്താവ്, അവിവാഹിതനാണെങ്കില്‍ മരണസമയം തന്നെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരന്‍, സഹോദരി എന്നിവര്‍ക്കാണ് വയസ്സിളവിന്റെ ആനുകൂല്യം ലഭിക്കുക.