Gulf
സാമ്പത്തിക ലാഭമില്ല: ടൂറിസ്റ്റ് ഗൈഡുകള്‍ കുറയുന്നു
മസ്‌കത്ത്: സാമ്പത്തിക ലാഭം കുറഞ്ഞത് വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഗൈഡുകള്‍ കുറയാന്‍ കാരണമാകുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്ന് ടൂറിസം മന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിനോദ സഞ്ചാര മേഖലയില്‍ ഗൈഡുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് റജിസ്റ്റര്‍ ചെയ്ത ഗൈഡുകള്‍ മേഖലയില്‍ നിന്നും മാറി നില്‍ക്കുന്നത്. 2012ല്‍ രാജ്യത്ത് റജിസ്റ്റര്‍ ചെയ്തത് 14 ഗൈഡുകള്‍ മാത്രമാണ്. ഇവരില്‍ എട്ട് പേരാണ് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഗൈഡുകളായി പ്രവര്‍ത്തിച്ചു വരുന്നത്. ടൂറിസ്റ്റ് കമ്പനികള്‍ തമ്മിലുള്ള മത്സരവും ഗൈഡുകള്‍ക്ക് വിനയാകുന്നു.
കുറഞ്ഞ വാഹനങ്ങളും കുറച്ചു ഗൈഡുകളുമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് മേഖലയില്‍ കൂടുതല്‍ നഷ്ടം സംഭവിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കാലം പ്രവവര്‍ത്തിക്കാനും സാധിക്കുന്നില്ല. സര്‍ക്കാര്‍ ഇതിന് പരിഹാരം കാണണമെന്നാണ് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. ചില പ്രദേശങ്ങളിലെ കാലാവസ്ഥയും കമ്പനികള്‍ തിരിച്ചടിയാകാറുണ്ട്. കൂടുതല്‍ വാടക നല്‍കി വാഹനങ്ങളെടുക്കുന്ന ഗൈഡുകള്‍ക്ക് വാടക നല്‍കുന്നതിനുള്ള തുക പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
അതേ സമയം വിനോദ സഞ്ചാരികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരികയാണ്. എല്ലാ വര്‍ഷവും ദശലക്ഷം വിദേശികളാണ് രാജ്യത്ത് എത്തുന്നത്. ബീച്ചുകള്‍, ചരിത്ര പ്രദേശങ്ങള്‍, മരുഭൂമി യാത്ര, തുടങ്ങിയ വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിച്ചത് സഞ്ചാരികള്‍ വര്‍ധിക്കാന്‍ ഇടയാക്കി. സാമ്പത്തിക ലാഭം ഇല്ലാത്തത് സ്വദേശികളായി ഗൈഡുകളില്‍ കൂടുതല്‍ പേരും മറ്റു ജോലികളില്‍ ഏര്‍പെടുന്നതിനും ഇടയാക്കി.