Kerala
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: കരട് വിജ്ഞാപനത്തില്‍ വീരപ്പമൊയ്‌ലി ഒപ്പുവെച്ചു
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പുതിയ കരട് വിജ്ഞാപനത്തില്‍ പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി ഒപ്പുവെച്ചു. നിയമമന്ത്രാലയം അംഗീകരിച്ച പ്രമേയം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയക്കുകയായിരുന്നു. വിജ്ഞാപനം നാളെ ഉച്ചയോടെ പുറത്തിറങ്ങും.
ഇന്ന് രാവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സോണിയാ ഗാന്ധി, വീരപ്പമൊയ്‌ലി, കബില്‍ സിബല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പുതിയ കരട് വിജ്ഞാപനമിറക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായത്. കരട് വിജ്ഞാപനമിറക്കിയില്ലെങ്കില്‍ സംസ്ഥാനത്തുണ്ടാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ചെന്നിത്തല സോണിയാ ഗാന്ധിയെ അറിയിക്കുകയായിരുന്നു.
ജനവാസമേഖലകളും കൃഷിയിടങ്ങളും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോടെ നേരത്തെയുണ്ടായിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തുടരാം. ചുവപ്പ് പട്ടികയിലുള്ള വ്യവസായങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ നിലവിലെ നിയമപ്രകാരം തീരുമാനമെടുക്കാം.