Connect with us

National

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് :കരട് വിജ്ഞാപനം ഇന്ന്‌

Published

|

Last Updated

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഇന്ന് ഇറങ്ങിയേക്കും. കേരളത്തില്‍ നിന്നുള്ള ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലാണ് കരട് വിജ്ഞാപനം ഇറക്കാനുള്ള വഴിതുറന്നത്. വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ വിജ്ഞാപനത്തിന് ഇന്നലെ തന്നെ നിയമമന്ത്രാലയം അംഗീകാരം നല്‍കി. ഇനി ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി മാത്രമാണ് ശേഷിക്കുന്നത്. ഓഫീസ് മെമ്മോറണ്ടം നേരത്തെ ഇറക്കിയതിനാല്‍ അതിലെ നിര്‍ദേശങ്ങള്‍ വിജ്ഞാപനമായി ഇറക്കുന്നതിന് മാതൃകാപെരുമാറ്റചട്ടം തടസ്സമല്ലെന്ന് വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മന്ത്രി വീരപ്പമൊയ്‌ലിയുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിഞ്ജാപന കാര്യത്തില്‍ അന്തിമ തീരുമാനമായത്. അതേസമയം, കരട് വിജ്ഞാപനം ഇറങ്ങിയാലും നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, നവംബര്‍ 13ലെ ഉത്തരവ് ഭേദഗതി ചെയ്താണ് ഓഫീസ് മെമ്മോറാണ്ടമെന്നും ഇതോടെ നവംബര്‍ 13ലെ ഉത്തരവ് ഇല്ലാതായതായെന്നുമാണ് വീരപ്പമൊയ്‌ലിയുടെ വിശദീകരണം. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കരട് വിജ്ഞാപനത്തില്‍ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഓഫീസ് മെമ്മോറാണ്ടമെന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് തന്നെയാണ്. പുതിയ ഓഫീസ് മെമ്മോറാണ്ടം ഇറങ്ങിയതോടെ പഴയ ഉത്തരവ് ഇല്ലാതായി. കരട് വിജ്ഞാപനം നാളെ ഉച്ചയോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷ. കരട് വിജ്ഞാപനം ഇറങ്ങിയാല്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ 60 ദിവസം സമയമുണ്ട്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സര്‍ക്കാറിനുവേണ്ടി ഉറപ്പുനല്‍കുന്നതായും ചെന്നിത്തല പറഞ്ഞു.
കരട് വിജ്ഞാപനം വരുന്നതോടെ മുമ്പ് ചെയ്തിരുന്ന നടപടികള്‍ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ തുടരാനാകും. ചുവന്ന പട്ടികയില്‍ എന്തോക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണെന്ന് സംസ്ഥാന സര്‍ക്കാറാണ് തീരുമാനിക്കുന്നത്. കപില്‍ സിബലുമായും നിയമ സെക്രട്ടറിയുമായും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുമായും രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി.
കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍എത്തിയ ശൂരനാട് രാജശേഖരന്‍, നെയ്യാറ്റികര സനല്‍ എന്നിവര്‍ക്കൊപ്പം കെ വി തോമസും സോണിയയെ കണ്ടു. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ശശി തരൂരും അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതില്‍ 2550 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നും ഇ എസ് എയുടെ അതിര്‍ത്ഥി പുനര്‍നിര്‍ണയിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിരുന്നു.

Latest