Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 10ന് ആരംഭിക്കും. 4,64,310 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 2,815 പരീക്ഷാ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് സെന്ററും ലക്ഷദ്വീപില്‍ ഒമ്പത് സെന്ററുകളുമുണ്ട്. 2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളും ഇത്തവണ പരീക്ഷ എഴുതും. മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത് 3,42,614 കുട്ടികളാണ്. 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 കുട്ടികള്‍ കന്നട മീഡിയത്തിലും പരീക്ഷ എഴുതും.

ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. 36,020 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് -2438 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന റവന്യൂ ജില്ല മലപ്പുറമാണ്-77,296 കുട്ടികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരിക്കുന്ന സ്‌കൂള്‍ തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളാണ്. 1721 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുക. 1607 കുട്ടികള്‍ പരീക്ഷ എഴുതുന്ന തിരൂര്‍ പി കെ എം എം എച്ച് എസ് എടരിക്കോടാണ് തൊട്ടുപിന്നില്‍. രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് മൊകേരിയില്‍ 1088 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഏറ്റവും കുറവ് പാലക്കാട് പുതുനഗരം ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം എച്ച് എസ്, പൊന്നാനി മഖ്ദൂമിയ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ്. അഞ്ച് കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
മുന്‍ വര്‍ഷങ്ങളിലേതുപോലെ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. 22ന് പ്രൈവറ്റ് പരീക്ഷാര്‍ഥികളുടെ ഐ ടി പരീക്ഷ (പഴയ സ്‌കീം) മാത്രമാണുള്ളത്. സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ഐ ടിക്ക് എഴുത്തുപരീക്ഷയില്ല. ഐ ടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം നേരത്തെ നടത്തിയിരുന്നു. ഈ വര്‍ഷവും രണ്ട് സിലബസിലാണ് പരീക്ഷ നടത്തുന്നത്. 2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ, പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് പഴയ സിലബസിലും മറ്റുള്ളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ. ടി ടി സി, ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), ഫിസിക്കല്‍ എജ്യൂക്കേഷന്‍, എ എച്ച് എസ് എല്‍ സി പരീക്ഷകളും മാര്‍ച്ച് 10ന് ആരംഭിക്കും. നഴ്‌സറി ടീച്ചര്‍ എജ്യൂക്കേഷന്‍ കോഴ്‌സ് (എന്‍ ടി ഇ സി) പരീക്ഷ മാര്‍ച്ച് 12നും ഡിപ്ലോമ എക്‌സാമിനേഷന്‍ ഇന്‍ ലാഗ്വേജ് എജ്യൂക്കേഷന്‍ (അറബിക്, ഉര്‍ദു), ഹിന്ദി (ഡി എല്‍ ഇ ഡി) പരീക്ഷ മാര്‍ച്ച് 13നും ആരംഭിക്കും.