Ongoing News
കല്ലാംകുഴിയിലെ ഇരട്ടക്കൊല; മുഴുവന്‍ പ്രതികളെയും പിടികൂടണം; എസ് പി ഓഫീസ് മാര്‍ച്ച് നടത്തി
പാലക്കാട്: കല്ലാംകുഴിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഏതറ്റം വരെയും പോകാന്‍ സുന്നികള്‍ പ്രതിജ്ഞാബദ്ധമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി.
കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരായ നൂറുദ്ദീന്‍, ഹംസ എന്നിവരെ വിഘടിത വിഭാഗം സുന്നികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുന്നി -കോര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, നിയമം നടപ്പാക്കേണ്ട പോലീസുകാരും ചുമതല വഹിക്കേണ്ട ജനപ്രതിനിധികളും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്ന് മാത്രമല്ല, അക്രമികള്‍ക്ക് കൂട്ട് നില്‍ക്കുകയും വേട്ടക്കാരനൊപ്പം കൂടി ഇരയെ ഇല്ലായ്മ ചെയ്യുകയാണ്. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനാല്‍ പ്രതികള്‍ക്ക് എളുപ്പം ജാമ്യം നേടാനായി. ഈ സാഹചര്യം വലിയ പ്രത്യാഘാതങ്ങള്‍ വരുത്തി വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യായവും നിയമപരവുമായ ആവശ്യത്തെ അവഗണിക്കാനാണ് ഭാവമെങ്കില്‍ വരും ദിവസങ്ങളില്‍ തിരിച്ചടി നേരടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ ഉമര്‍ മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍,എം വി സിദ്ദീഖ് സഖാഫി, സൈതലവി പൂതക്കാട്, കെ നൂര്‍മുഹമ്മദ് ഹാജി പ്രസംഗിച്ചു. സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ജില്ലാ സുന്നികാര്യാലയമായ വാദിനൂറില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണി നിരന്നു. പ്രകടനത്തെ എസ് പി ഓഫീസിന് കുറച്ചകലെ ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു.