National
കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം ഇറങ്ങില്ലെന്ന് സൂചന
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം തിരഞ്ഞെടുപ്പിന് മുന്നില്‍ ഇറങ്ങിയേക്കില്ലെന്ന് സൂചന. വിജ്ഞാപനം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കരട് വിജ്ഞാപനം ഇറങ്ങുന്നത് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാവുമെന്ന് കമ്മീഷന്‍ കണ്ടെത്തിയതാണ് സൂചന. തിങ്കളാഴ്ച്ച കമ്മീഷന്റെ വിപുലമായ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ കരട് വിജ്ഞാപനം വിശദമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെയാണ് കരട് വിജ്ഞാപനം തയ്യാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലയോര ജനതയെ കൂടെ നിര്‍ത്താന്‍ കരട് വിജ്ഞാപനം പുറത്തിറങ്ങണമെന്നതിനാല്‍ രണ്ട് ദിവസം കൊണ്ടാണ് കരട് വിജ്ഞാപനം തയ്യാറാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിച്ചത്.
തിങ്കളാഴ്ച്ച വരെ കാക്കുമെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി ഇന്ന് പറഞ്ഞത്. തിങ്കളാഴ്ച്ച ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നണിയില്‍ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജും പറഞ്ഞിരുന്നു. വിജ്ഞാപനം ഇറക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടയുകയാണെങ്കില്‍ അത് യു ഡി എഫിന് കനത്ത് തിരിച്ചടിയായിരിക്കും.