Connect with us

Ongoing News

ബ്രഹ്മപുത്രയുടെ നാട് 'കൈ'വിടാതെ കോണ്‍ഗ്രസ്

Published

|

Last Updated

തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയിട്ടും ചരിത്രപ്രാധാന്യവും ദൃശ്യ മനോഹാരിതയും ഒത്തിണങ്ങിയ അസമില്‍ പോരാട്ടവീര്യം കാണാനാകില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണവും സ്ഥാനാര്‍ഥി നിര്‍ണയവും എല്ലാം പ്രകൃതി പോലെ ശാന്തം. എന്നാല്‍, അകത്തളങ്ങളില്‍ ചര്‍ച്ചകളും നീക്കുപോക്കുകളും സജീവം. ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന സംസ്ഥാനത്ത് നേരത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് ബി ജെ പിയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ അസമിലെ സീറ്റുകള്‍ തിരിച്ചു പിടിക്കുകയെന്ന ബി ജെ പി മോഹം പൂവണിയിക്കാന്‍ തന്ത്രങ്ങളും അടവുകളുമായാണ് ബി ജെ പി ഇത്തവണ കളത്തിലിറങ്ങുന്നത്. യു പി എയും എന്‍ ഡി എ സഖ്യവുമാണ് ഇത്തവണയും വോട്ട് തേടിയിറങ്ങുക.

2009ലെ തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞേടുപ്പിനേക്കാള്‍ രണ്ട് സീറ്റുകള്‍ കുറഞ്ഞെങ്കിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. മൂന്ന് സീറ്റുകള്‍ അധികം ലഭിച്ചെങ്കിലും എന്‍ ഡി എ സഖ്യത്തിന് ലക്ഷ്യത്തിനരികെ പരാജയം സമ്മതിക്കേണ്ടി വന്നു.
സംസ്ഥാനത്ത് പതിനാല് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ഏഴ് സീറ്റുകളാണ് യു പി എ നേടിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടിയ എന്‍ ഡി എ മൂന്ന് സീറ്റുകള്‍ കൂടി തിരിച്ചു പിടിച്ച് അഞ്ച് സീറ്റിലൊതുങ്ങി. അസം ഗണ പരിഷത്ത് (എ ജി പി) ഒരു സീറ്റും നേടി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഏറെ മുമ്പെ ബി ജെ പി അസമിനെ നോട്ടമിട്ടിരുന്നു. എ ജി പിയുമായി സഖ്യത്തിനുള്ള ശ്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. ഏപ്രില്‍ ഏഴിനും പന്ത്രണ്ടിനും 24 നുമായി മൂന്ന് ഘട്ടങ്ങളിലാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉള്‍ഫയുടെയും മാവോയിസ്റ്റുകളുടെയും ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ശനിയാഴ്ച ബി ജെ പി നേതൃത്വം പുറത്തു വിട്ട രണ്ടാം സ്ഥാനാര്‍ഥി പട്ടികയില്‍ അസമിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് സര്‍ബാനന്ദ സോനോവാല്‍ ലാഖിംപൂരിലും മുന്‍ കേന്ദ്ര മന്ത്രി ബിജോയ ചക്രവര്‍ത്തി ഗുവാഹത്തിയിലും മത്സരിക്കും. മന്‍ഗള്‍ദോയ് മണ്ഡലത്തിലെ സീറ്റ് രമന്‍ ദേഖക്കും കാമഖയ പ്രസാദിന് ജോര്‍ഹിതിലെ സീറ്റും നല്‍കി. രാജന്‍ ഗൊനായിന്‍ നാഗോണില്‍ നിന്ന് മത്സരിക്കും.
പതിനാലില്‍ അഞ്ച് സീറ്റുകള്‍ എ ജി പിക്ക് നല്‍കാന്‍ ബി ജെ പി തത്വത്തില്‍ തീരുമാനിച്ചതായാണ് വിവരം. എ ജി പി പ്രസിഡന്റ് പ്രഫുല്ല കുമാര്‍ മൊഹന്തയും വര്‍ക്കിംഗ് പ്രസിഡന്റ് അതുല്‍ ബോറയുമാണ് ഡല്‍ഹിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഖോലിയാബൂര്‍, താഴെപൂര്‍, കൊക്രാജര്‍, ബര്‍പേട്ട, ദിബു എന്നീ സീറ്റുകള്‍ എ ജി പിക്ക് നല്‍കാനാണ് ധാരണയായിട്ടുള്ളത്. ഗുവാഹത്തിയോ, മംഗല്‍ദോയിയോ വേണമെന്ന് കൂടി എ ജി പി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബി ജെ പി ദേശീയ നേതൃത്വം വഴങ്ങിയിട്ടില്ല. ഇത് രണ്ടും ബി ജെ പിയുടെ സിറ്റിംഗ് സീറ്റായതിനാല്‍ വിട്ടു നല്‍കാനാകില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഈ മണ്ഡലങ്ങളിലേക്ക് ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയ അവസ്ഥയിലാണ്. എ ജി പിയുടെ സിറ്റിംഗ് സീറ്റില്‍ അവര്‍ തന്നെ മത്സരിക്കും. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും മറ്റും നേട്ടമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടാണെന്നതും മോദിയെയും കൂട്ടരെയും സന്തോഷിപ്പിക്കുന്നുണ്ട്. 2004ലെ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച എ ജി പി ഒമ്പത് സീറ്റുകള്‍ നേടിയിരുന്നു. അന്ന് രണ്ട് സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. എ ജി പിയും ബി ജെ പിയും തമ്മില്‍ നേരത്തെ തന്നെ രഹസ്യ ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുന്‍ എം പി മണികുമാര്‍ സുബ്ബ തേഴ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും. ഇവിടേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയും മത്സരിക്കുന്നുണ്ട്. മൂന്ന് സീറ്റുകളിലേക്ക് മാത്രമാണ് എ ഐ സി സി ഇതിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മംഗള്‍ദോയ്, നാഗോണ്‍, ദുബ്‌രി എന്നിവയാണിവ. കേന്ദ്ര മന്ത്രി പവന്‍ സിംഗ് ഗട്ടോറും റാണീ നരയും യഥാക്രമം ദിബുര്‍ഗഢ്, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ മത്സരിക്കുമെന്നറിയുന്നു. ഗൗരവ് ഗൊഗോയ് ഗോലിയാപൂരില്‍ നിന്നും, ഐറിന്‍ സിംഗ് എങ്കിട്ട് ദിബുവില്‍ നിന്നും സുസ്മിതാ ദേവ് സില്‍ചാറില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയുണ്ട്. ബുപന്‍ ബോറ തേഴ്പൂരില്‍ നിന്നും ബിനോയ് കൃഷ്ണ ജോറാത്തില്‍ നിന്നും മത്സരിച്ചേക്കും. ഇസ്മാഈല്‍ ഹുസൈനെ ബര്‍പേട്ടയില്‍ മത്സരിപ്പിക്കാനും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ദുബ്‌രിയില്‍ നിന്ന് സംസ്ഥാന വനം മന്ത്രി റഖീബുല്‍ ഹുസൈനോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ന്യൂനപക്ഷ പ്രതിനിധിയെന്ന ഈ നറുക്കാണ് ഇസ്മാഈല്‍ ഹുസൈന് വീണത്. എന്നാല്‍, ഈ പട്ടികക്ക് എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും എ പി സി സി അധ്യക്ഷന്‍ ഭുവനേശ്വര്‍ കാലിട്ടയുമാണ് ഡല്‍ഹിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തുന്നത്.

Latest