Kannur
താജുല്‍ ഉലമ: 40-ാം നാള്‍ അനുസ്മരണ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എട്ടിക്കുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഉള്ളാള്‍ സയ്യിദ് മദനി കോളജ് പ്രിന്‍സിപ്പലുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ വഫാത്തിന്റെ നാല്‍പതാം നാള്‍ അനുസ്മരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 12നാണ് അനുസ്മരണം. സമ്മേളനത്തിന്റെ ഭാഗമായി തഹ്‌ലീല്‍, ഖത്മുല്‍ ഖുര്‍ആന്‍, പ്രാര്‍ഥന, അനുസ്മരണ പ്രഭാഷണം, മഖ്ബറയുടെയും എജ്യുക്കേഷനല്‍ സെന്ററിന്റെയും ശിലാസ്ഥാപനം എന്നിവ നടക്കും.
12ന് രാവിലെ 11ന് മഖാം പരിസരത്ത് തഹ്‌ലീലും ഖത്മുല്‍ ഖുര്‍ആനും മഖ്ബറ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കും. വൈകുന്നേരം നാലിന് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തിന് സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ അധ്യക്ഷത വഹിക്കും. കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സമസ്ത മുശാവറ അംഗങ്ങളും, കേരളത്തിനകത്തും പുറത്തുമുള്ള സയ്യിദന്‍മാരും പണ്ഡിതരും സംബന്ധിക്കും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
താജുല്‍ ഉലമ ഉദ്ഘാടനം നിര്‍വഹിച്ച തഖ്‌വ മസ്ജിദ്, ബദ്‌രിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവക്ക് പുറമെ ദഅ്‌വ കോളജ്, ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ വിപുലീകരണാര്‍ഥമാണ് താജുല്‍ ഉലമ എജ്യുക്കേഷനല്‍ സെന്റര്‍ നിര്‍മിക്കുന്നത്. ഇതിനായി തഖ്‌വാ പള്ളി പരിസരത്ത് രണ്ടേക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. അനുസ്മരണ സമ്മേളനത്തിന് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കക്കംപാറ, എട്ടിക്കുളം ബീച്ച് ഗ്രൗണ്ട് എന്നിവടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും. വിവിധ ഇടങ്ങളില്‍ തണ്ണീര്‍പ്പന്തലുകള്‍ ഒരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്ക് ഭക്ഷണം് വിതരണം ചെയ്യും. വളപട്ടണം മുതല്‍ എട്ടിക്കുളം വരേയും പയ്യന്നൂര്‍ മുതല്‍ എട്ടിക്കുളം വരെയും ട്രാഫിക് വളണ്ടിയര്‍മാരുടെ സൗകര്യം ഏര്‍പ്പെടുത്തും.